ദേശീയഗാനം ആദ്യം ആലപിച്ചില്ല: തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയി
തമിഴ്‌നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. സഭ ചേർന്നപ്പോൾ ദേശീയ ഗാനം ഒഴിവാക്കി എന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. എന്നാൽ ദേശീയ ഗാനം ഒഴിവാക്കിയതല്ലെന്നും നയപ്രഖ്യാപനത്തിന് ശേഷമാണ് ദേശീയ ഗാനം ആലപിക്കാറുള്ളതെന്നുമാണ് സർക്കാർ വിശദീകരണം.
തുടർച്ചയായ മൂന്നാം തവണയാണ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയിൽ അസാധാരണ രംഗങ്ങൾ ഉണ്ടാകുന്നത്. നേരത്തെ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കുകയോ ഒരു വരി മാത്രം വായിച്ചു മടങ്ങുകയോ ചെയ്തിട്ടുള്ള ഗവർണർ ഇത്തവണ സഭ സമ്മേളിച്ച് മിനിറ്റുകൾ മാത്രമായപ്പോൾ ഇറങ്ങിപ്പോയി.
സഭ ചേർന്നപ്പോൾ തുടക്കം തന്നെ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ തമിഴ് തായ് വാഴ്ത്തുകൾ പാടി. പിന്നാലെ ഗവർണർ ആർ എൻ രവി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറും മുഖ്യമന്ത്രിയും ഇതിന് തയ്യാറായില്ല. നയപ്രഖ്യാപന പ്രസംഗം നടത്താതെ ഉടൻ തന്നെ ആർ എൻ രവി നിയമസഭ വിട്ടു. സർക്കാർ ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് കാട്ടി രാജ്ഭവൻ വിശദീകരണകുറിപ്പ് ഇറക്കി. സാധാരണ നിലയിൽ അവസാനമാണ് ദേശീയഗാനം ആലപിക്കാനുള്ളതെന്നും ഇത് അജണ്ടയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ തിരിച്ചടിച്ചു.