ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ; ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും മികച്ച നടൻ: റാണി മുഖർജി മികച്ച നടി

ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകള്‍ക്ക് നൽകുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിയും പങ്കിട്ടു. ‘ജവാൻ’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്കാരം. വിക്രാന്ത് മാസ്സിക്ക് ’12th ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം ലഭിച്ചത്.
മികച്ച നടിയായി ‘മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്കാരം മലയാളത്തിന്റെ അഭിമാനമായി വിജയരാഘവൻ സ്വന്തമാക്കി. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. തമിഴ് ചിത്രം ‘പാർക്കിംഗ്’-ലെ അഭിനയത്തിന് മുത്തുപേട്ടൈ സോമു ഭാസ്‌കറും ഈ പുരസ്കാരം പങ്കിട്ടു.
മികച്ച സഹനടിക്കുള്ള പുരസ്കാരം മലയാളം ചിത്രം ‘ഉള്ളൊഴുക്ക്’-ലെ അഭിനയത്തിന് ഉർവശി നേടി. ഗുജറാത്തി ചിത്രം ‘വാഷ്’-ലെ അഭിനയത്തിന് ജാൻകി ബോഡിവാലയും ഈ പുരസ്കാരം പങ്കിട്ടു.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ’12th ഫെയിൽ’ മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ സംവിധായകൻ സുദിപ്‌തോ സെന്നിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.