നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയാണ്. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിബിഐ അന്വേഷണത്തെ കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാട് ഉണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് അദ്ദേഹം ആവർത്തിച്ചു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാനമെന്ന പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കുന്നതാണ് സിബിഐ. അതിന്റെ ഭാഗമാണ് ഇഡിയും ഐടിയും. ഇത് പറയുന്നതിൽ മാറ്റമുണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ പറഞ്ഞു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആരോപിച്ചിരുന്നു.