യുഎഇയില്‍ ഇന്ന് മഴയുണ്ടാവുമെന്ന് എന്‍സിഎം
അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍എംസി) അറിയിച്ചു. മഴക്കൊപ്പം പര്‍വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. ഇന്നലെ ശരാശരി 9 ഡിഗ്രി സെല്‍ഷ്യസിനും 27.9 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു രാജ്യത്തെ താപനില. പര്‍വത പ്രദേശങ്ങളില്‍ താപനില വളരെ കുറവായിരുന്നു. യുഎഇയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ ജബല്‍ ജെയ്സ് പര്‍വതനിരകളില്‍ ഇന്നലെ ശരാശരി 11 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനിലയെങ്കിലും രാത്രിയില്‍ ഇത് രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ കുത്തനെ താഴ്ന്നിരുന്നു.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തിരുന്നു. രാവിലെ 10നും ഉച്ചക്ക് 12.40നും ഇടയിലായാണ് സാമാന്യം ഭേദപ്പെട്ട മഴ പെയ്തത്. ദുബൈ എയര്‍പോര്‍ട്ട്, അല്‍ മിസ്ഹര്, അല്‍ ലിസൈലി, ജബല്‍ അലി, അല്‍ ഖനാനീജ് തുടങ്ങിയ പ്രദേശങ്ങളിലാണ് നല്ല രീതിയില്‍ മഴ പെയ്തത്. ഇന്നും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗമുള്ള കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്.