Kerala
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ
നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലം സ്വദേശി അരുൾദാസാണ് കസ്റ്റഡിയിലുള്ളത്. അപകടശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരുക്കുണ്ട്
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അരുൾദാസ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇവിടെ എത്തി ഇയാളെ പിടികൂടുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും 44 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു
പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വളവിൽ വെച്ച് ബസ് ബ്രേക്കിട്ടതാണ് അപകട കാരണം. ബസിന്റെ ചില്ലുകൾ തകർത്താണ് ആളുകളെ പുറത്തെടുത്തത്. കാവല്ലൂർ സ്വദേശിനി ദാസിനിയാണ്(60) മരിച്ചത്.