നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര ജാമ്യാപേക്ഷയുമായി കോടതിയിൽ

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അഭിഭാഷകൻ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. അപേക്ഷ അടുത്ത ദിവസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ കേട്ടുകേൾവിയും സംശയത്തിന്റെയും പുറത്താണ് പോലീസ് ചെന്താമരയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ജാമ്യം ലഭിച്ചാൽ നാടുവിട്ടു പോവുകയോ, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യില്ലെന്ന് ജാമ്യാപേക്ഷയിൽ ചെന്താമര പറഞ്ഞിട്ടുണ്ട്.
ഇരട്ടക്കൊലക്കേസിൽ റിമാൻഡിലുള്ള ചെന്താമര വിയ്യൂർ ജയിലിൽ കഴിയുകയാണ്. ജനുവരി 27 നാണ് വ്യക്തി വൈരാഗ്യം കാരണം അയൽവാസിയായ സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.