Kerala
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹർജി തള്ളി. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ചെന്താമരയെ പുറത്തുവിട്ടാൽ നാട്ടുകാരിൽ പലരുടേയും ജീവന് ഭീഷണിയാകുമെന്ന വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചിരുന്നത്. കഴിഞ്ഞ ദിവസം തന്നെ വാദം പൂർത്തിയായിരുന്നു.
തന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നൽകിയിട്ടില്ലെന്നും പോലീസ് അതെല്ലാം എഴുതി ചേർത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയിൽ വാദിച്ചു.
ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷൻ തള്ളി. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. സജിത കേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.