Kerala
നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയുടെ തെളിവെടുപ്പ് ഇന്ന്; പ്രദേശത്ത് വൻ സുരക്ഷാ വിന്യാസം
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. റിമാൻഡിൽ കഴിയുന്ന ചെന്താമരയെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ പ്രതിയെ പോത്തുണ്ടി ബോയെൻ നഗറിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം
നാട്ടുകാരുടെ രോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാകും തെളിവെടുപ്പ്. 200ലധികം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. ഒരു മണിക്കൂർ കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിന്റെ തീരുമാനം.
ജനുവരി 27നാണ് പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. സുധാകരൻ സംഭവസ്ഥലത്ത് വെച്ചും ലക്ഷ്മി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.