Kerala
നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയുടെ ആദ്യ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ് നടപടി.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. 2022ലാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം.
ഇവർ കൂടോത്രം നടത്തിയാണ് ഭാര്യയെ തന്നിൽ നിന്ന് അകറ്റിയതെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് 2019ൽ സജിതയെ കഴുത്തറുത്ത് കൊന്നത്. ഇതിന് ശേഷം ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെത്തിയാണ് വീണ്ടും രണ്ട് കൊലപാതകങ്ങൾ കൂടി കഴിഞ്ഞ മാസം നടത്തിയത്.