National
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ അപകടം: റെയിൽവേയുടെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട്

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർ മരിച്ച സംഭവത്തിൽ റെയിൽവേയുടെ വീഴ്ച ചൂണ്ടിക്കാട്ടി ആർപിഎഫിന്റെ റിപ്പോർട്ട്. പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിൻ പെട്ടെന്ന് അനൗൺസ് ചെയ്തതാണ് തിക്കിനും തിരക്കിലും കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു
16ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പ്രത്യേക ട്രെയിൻ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ 12, 13, 14, 15 പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ ഒന്നാകെ 16ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ഓടി. കൂട്ടമായി ആളുകൾ ഓടിയെത്തിയതാണ് വൻ ദുരന്തത്തിന് കാരണമായത്.
അപകടം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറ പ്രവർത്തന രഹിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 16ന് നടന്ന അപകടത്തിൽ 18 പേർ മരിക്കുകയും നിരവധി യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.