Kerala

രതീഷേ…കരിഞ്ഞിട്ടുണ്ടാകുമോ..? പോത്തിനെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; പോത്തിനെ എടുത്തുയര്‍ത്തിയത് ജെ സി ബി കൊണ്ട്

യൂട്യൂബില്‍ വൈറലായി പുതിയ ഫുഡ് വ്‌ളോഗിംഗ്

ഫുഡ് വ്‌ളോഗിംഗില്‍ ശ്രദ്ധേയമായതും കൗതുകവും ഉണര്‍ത്തുന്ന ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രസകരമായ ശൈലിയില്‍ ഭക്ഷണം പാകം ചെയ്യുകയും നിരവധി പേര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് ഇപ്പോള്‍ പാകം ചെയ്തത് ഒരു പോത്തിനെയാണ്. സാധാരണ പോത്തിനെ കഷ്ണമാക്കി പാകം ചെയ്യുന്നതിന് പകരം കോഴിയേയും ആടിനെയും നിര്‍ത്തി പൊരിക്കുന്നത് പോലെയാണ് പോത്തിനെ ചുട്ടിപ്പാറ പാകം ചെയ്തത്.

200 കിലോയുള്ള പോത്തിനെ ആറ് പേര്‍ ചേര്‍ന്നാണ് കഴുകുന്നത്. പിന്നീട് കുക്കിംഗ് സ്റ്റാന്‍ഡിലേക്ക് എടുത്തുയര്‍ത്താന്‍ ജെ സി ബിയെ ഉപയോഗിച്ചതും ഏറെ കൗതുകമുണ്ടാക്കുന്നതാണ്.

ആദ്യം പോത്തിനെ കഴുകുകയും പിന്നീട് സുമാക് എന്ന പേരിലുള്ള അറബിക് മസാല ഉണ്ടാക്കുകയും ചെയ്തതിന് ശേഷമാണ് മസാല തേക്കാന്‍ ഒരു ഇരുമ്പ് തണ്ടിലേക്ക് പോത്തിനെ ജെ സി ബി ഉപയോഗിച്ച് എടുത്തുയര്‍ത്തിയത്.

കശ്മീരി ചില്ലി, മല്ലിപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വിനാഗിരി, ഓയില്‍ എന്നിവയാണ് മസാല തയ്യാറാക്കാനായി ഉപയോഗിച്ച മറ്റു ചേരുവകള്‍. ജെസിബി ഉപയോഗിച്ചാണ് 200 കിലോ പോത്തിനെ ഉയര്‍ത്തിയത്. ഇതിനെ നേരത്തെ തയ്യാറാക്കിയ തൂണില്‍ കുത്തി നിര്‍ത്തിയ ശേഷം മസാല തേച്ചു പിടിപ്പിക്കുന്നു.

പിന്നീട് വലിയ ഇരുമ്പ് ബാരല്‍ ഇതിന് മുകളിലേക്ക് ജെ സി ബി ഉപയോഗിച്ച് തന്നെ ഉയര്‍ത്തിവെച്ച ശേഷം ബാരലിന്റെ മുകളിലും വശറങ്ങളിലും അടിയിലുമായി വിറക് കത്തിക്കുകയാണ്. പിന്നീട് കനലില്‍ വേവിക്കുകയാണ്. പാചകം കഴിഞ്ഞ് പോത്തിറച്ചി പുറത്തെടുക്കാനും ജെ സിബി ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് ഏഴ് പേര്‍ ചേര്‍ന്ന് ഭക്ഷണം ഒരുമിച്ചിരുന്ന് കഴികുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

നല്ല വൃത്തിയുള്ള സാഹചര്യത്തിലാണ് ഫിറോസ് തന്റെ പാചകം പൂര്‍ത്തിയാക്കിയത്. പോത്തിനെ പിടിച്ചുയര്‍ത്തിയ ജെ സി ബിയുടെ കൈകള്‍ പോലും നല്ലവണ്ണം വൃത്തിയാക്കിയിട്ടുമുണ്ട് ഫിറോസ്.

ഒറ്റ ദിവസം കൊണ്ട് എട്ട് ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ നിന്ന് മാത്രം ഈ വീഡിയോ കണ്ടത്. ആയിരത്തിലധികം കമന്റുകളും വന്നിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!