എ പി വിഭാഗം നേതാവ് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; നാമനിര്‍ദേശം ചെയ്തത് മുക്കം ഉമര്‍ ഫൈസി
ചുമതലയേല്‍ക്കുന്നത് സി മുഹമ്മദ് ഫൈസിയുടെ ഒഴിവിലേക്ക്

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. സമസ്ത എ പി വിഭാഗത്തിന്റെ നേതാവും കാരന്തൂര്‍ മര്‍ക്കസ് സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് അംഗവും അവിടുത്തെ അധ്യാപകനുമാണ്. ഐകകണ്‌ഠ്യേനയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഹജ്ജ് കമ്മിറ്റി അംഗവും ഇ കെ വിഭാഗം സമസ്ത മുശാവറ അംഗവുമായ ഉമര്‍ ഫൈസിയാണ് ചുള്ളിക്കോടിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. മുസ്ലിം ലീഗുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമര്‍ ഫൈസി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആകാന്‍ വേണ്ടിയാണ് സി പി എമ്മിനോട് അടുക്കുന്നതെന്ന് ലീഗ് നേതൃത്വം ആരോപിച്ചിരുന്നു.
ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. കാലവധി കഴിഞ്ഞതിന് പിന്നാലെ സി മുഹമ്മദ് ഫൈസി ഒഴിഞ്ഞതോടെയാണ് പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ചത്.
അഡ്വ. മൊയ്തീന്‍ കുട്ടിയാണ് ചുള്ളിക്കോടിനെ പിന്താങ്ങിയത്. റിട്ടേര്‍ണിംഗ് ഓഫീസര്‍ ബിന്ദു വി ആര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശേഷം സംസ്ഥാന സ്പോര്‍ട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗില്‍ 2025 വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി.
മലപ്പുറം കുഴിമണ്ണ, തവനൂര്‍ സ്വദേശിയായ ഹുസൈന്‍ സഖാഫി സമസ്ത മുശാവറ അംഗമാണ്. നിലവില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യു എ ഇ, ലിബിയ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമാണ്.