National
ബംഗളൂരുവിൽ നൈജീരിയൻ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയ്ക്കും കഴുത്തിലും മുറിവുകൾ

ബംഗളൂരു ചിക്കജാലയിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയ സ്വദേശിനി ലൊവേത് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതര മുറിവുകളുണ്ട്. 33കാരിയായ ലൊവേതിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.
മരണവാർത്ത പുറത്തുവന്നിട്ടും ലൊവേതുമായി ബന്ധമുള്ള ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. യുവതി എന്തിനാണ് ഇന്ത്യയിലേക്ക് വന്നതെന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ ലൊവേതുമായി ഫോണിൽ ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തു.