നിലമ്പൂർ തെരഞ്ഞെടുപ്പ് അപ്രസക്തമാണ്; ഏഴ് മാസം കൊണ്ട് ഒരു എംഎൽഎക്ക് എന്ത് ചെയ്യാനാകും: രാജീവ് ചന്ദ്രശേഖർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി മത്സരിക്കേണ്ടെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഏഴ് മാസത്തേക്ക് മാത്രമായി ജനപ്രതിനിധിയെ കണ്ടെത്താൻ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രസക്തമല്ല. ബിജെപി ജനാധിപത്യ പാർട്ടിയാണ്. ഹൈക്കമാൻഡ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
പാർട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പാണ്. കോർ കമ്മിറ്റി യോഗത്തിൽ നിലമ്പൂർ വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ നേതാക്കൻമാരുടെയും അഭിപ്രായം പരിഗണിക്കും. ബിജെപിക്ക് ഇതുവരെ ജയിക്കാൻ സാധിക്കാത്ത മണ്ഡലമാണ് നിലമ്പൂർ. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണത്
ഏഴ് മാസം കൊണ്ട് ഒരു എംഎൽഎക്ക് എന്ത് ചെയ്യാൻ സാധിക്കും. ഈ കാര്യങ്ങളെല്ലാം പാർട്ടി പരിഗണിക്കും. മത്സരിക്കാൻ വേണ്ടിയല്ല, ജയിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.