നിലാവിന്റെ തോഴൻ: ഭാഗം 70
രചന: ജിഫ്‌ന നിസാർ
ഒരുപാട് നേരം കാത്തിരുന്നു..
നേരം നന്നായി ഇരുട്ടിൽ മങ്ങിയപ്പോഴാണ് ക്രിസ്റ്റി തിരികെ വീട്ടിലേക്ക് തന്നെ മടങ്ങിയത്.
അവന്റെ മുഖം നിരാശയിൽ മുങ്ങി പോയിരുന്നു.
അവൾക്കെന്തോ തടസ്സം സംഭവിച്ചിരിക്കാം.
ഇല്ലെങ്കിൽ അവളെത്തുമെന്ന് അവനും ഉറപ്പുണ്ടായിരുന്നു.
“നേരം ഇരുട്ടിയിട്ടും എന്താടാ നിനക്കവിടെ പണി?”
അവനെ കാത്തെന്ന പോലെ അടുക്കളവാതിലിനോരം ചേർന്നു നിന്നിരുന്ന മറിയാമ്മച്ചി ചോദിക്കുമ്പോഴാണ് ക്രിസ്റ്റി മുന്നിലേക്ക് നോക്കിയത്.
അതിനുത്തരമൊന്നും പറയാതെ അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.
“ഇങ്ങനെ സങ്കടപ്പെടാതെടാ മോനെ. കണ്ടിട്ടെനിക്ക് സഹിക്കാൻ വയ്യെടാ. നിന്റെ മുഖത്തുള്ള ചിരിയിലല്ലേ മറിയാമ്മച്ചിയുടെ ലോകം ”
അരികിലേക്ക് ചെന്ന ക്രിസ്റ്റിയുടെ കവിളിൽ കൈ ചേർത്ത് വെച്ചിട്ട് അവരത് പറഞ്ഞത് അങ്ങേയറ്റം സങ്കടത്തോടെ ആയിരുന്നു.
പാതി ചത്ത മനസ്സായിട്ടും ക്രിസ്റ്റി അവർക്ക് വേണ്ടി മുഖത്തേക്കൊരു ചിരി തേച്ചോട്ടിച്ചു.
“ഒന്നുല്ല… പെട്ടന്ന് എല്ലാം കൂടി ആയപ്പോൾ. പിടി വിട്ടു പോയി.ഞാൻ ഓക്കേയാണ് മറിയാമ്മച്ചി ”
അവൻ അവരെ തോളിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അതവൻ വെറുതെ പറഞ്ഞതാണെന്ന് ആ കണ്ണിലേക്കു നോക്കിയതും മറിയാമ്മച്ചിക്ക് മനസ്സിലായിരുന്നു.
പക്ഷേ അവരൊന്നും മിണ്ടിയില്ല.
“മീരാ.. അവൾ വല്ലതും കഴിച്ചോ?”
ക്രിസ്റ്റി അവരെയും പിടിച്ചു അകത്തേക്ക് നടക്കുന്നതിനിടെ ചോദിച്ചു.
“അത് താഴോട്ടു പോലും വന്നിട്ടില്ലടാ മോനെ ”
മറിയാമ്മച്ചിയും സങ്കടത്തോടെ പറഞ്ഞു.
“കഴിക്കാനിരിപ്പില്ലേ..?”
ക്രിസ്റ്റി ചോദിച്ചു.
“ഉണ്ട്.. ചായയും കടിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് ഞാൻ ”
“എങ്കിൽ എടുത്തു വെക്കു.. ഞാൻ അവളെ വിളിച്ചു വരാം ”
അവനതും പറഞ്ഞു കൊണ്ട് വേഗം അവിടെ നിന്നും പോയി.
“എന്നാ കർത്താവെ.. എന്റെ കുഞ്ഞിന്റെ പ്രശ്നങ്ങളെല്ലാം ഒന്നോതുക്കി കൊടുക്കുന്നത് നീ.. അതിനെ ഇട്ട് പരീക്ഷിച്ചു മതിയായില്ല്യോ നിനക്ക്?”
ആ പോക്ക് നോക്കി ഒരു ദീർഘനിശ്വാസത്തോടെ മറിയാമ്മച്ചി പറയുന്നുണ്ടായിരുന്നു അപ്പോഴും.
❣️❣️
ഒടുക്കം നമ്മൾ ഭയന്നത് തന്നെ സംഭവിക്കാൻ പോകുന്നു. അല്ലേടാ വർക്കി? ”
വർഗീസ് അത് ചോദിക്കുന്നത് അൽപ്പം സംതൃപ്തിയോടെയാണെന്ന് ആ മുഖം കണ്ടാൽ തന്നെ ആർക്കും മനസ്സിലാവും.
ക്രൂരമായൊരു സംതൃപ്തി.
വർക്കി ഒന്നും പറയുകയോ അയാളെ നോക്കുകയോ ചെയ്തില്ല.
കോളനിക്കാർ കൊടുത്ത സമ്മാനങ്ങൾ അപ്പോഴും അയാളുടെ മുഖത്തും കൈകളിലും കല്ലിച്ചു കിടപ്പുണ്ടായിരുന്നു.
സൂസനും തോമസും വർഗീസിന്റെ അതേ ഭാവത്തിൽ തന്നെയാണ്.
അന്ന് കുന്നേൽ ബാംഗ്ലവിൽ വെച്ച് ക്രിസ്റ്റി അത്രയൊക്കെ അപമാനിച്ചു വിട്ടിട്ടും വർക്കി അവിടെ നിന്ന് അവനോടൊന്നും പ്രതികരിച്ചില്ല എന്നതാണ് സൂസൻ അയാൾക്ക് മേൽ ആരോപിക്കുന്ന ഗുരുതരമായ കുറ്റം.
സത്യത്തിൽ കുടുംബങ്ങൾക്കിടയിൽ വർക്കിയുടെ അവസ്ഥ പരിതാപകരമായിരുന്നു.
കൈ നിറയെ കൊടുക്കുമ്പോഴുള്ള മമതയൊന്നും ഒരു വീഴ്ച വന്നപ്പോൾ ആരും അയാളോട് കാണിക്കുന്നുണ്ടായിരുന്നില്ല.
അതയാൾക്ക് അങ്ങേയറ്റം വെപ്രാളമാണ് നൽകിയത്.
കുന്നേൽ ബംഗ്ലാവിൽ നിന്നും ഏറെക്കുറെ ചവിട്ടി പുറത്താക്കിയത് പോലൊരു അവസ്ഥയാണ്.
വാക്കുകൾ കൊണ്ടത് ചെയ്തു കഴിഞ്ഞു.
ഇനി പ്രവർത്തി കൊണ്ട് കൂടിയേ ബാക്കിയുള്ളൂ.
ഡെയ്സി കൂടി ക്രിസ്റ്റിക്കൊപ്പം ചേർന്നത്തോടെ ഇനി അങ്ങനൊരു പടിയിറക്കി വിടലിനും വലിയ കാലതാമസം ഉണ്ടാവില്ലെന്നുള്ളത് വർക്കി മനസ്സിലാക്കി വെച്ചിരുന്നു.
റിഷിൻ മാത്രമാണ് ഇനി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കേണ്ട ഒരേ ഒരാൾ.
പക്ഷേ തന്നേക്കാൾ പരുങ്ങലിലാണ് അവന്റെ അവസ്ഥ എന്നുള്ളത് കൊണ്ട് അവനെയൊരു ബലമായി കരുതാനും ആവില്ല.
കയ്യിട്ട് വാരി സ്വന്തമാക്കിയ സമ്പാദ്യം മുഴുവനും കൊടുത്തു കൂടെ നിൽക്കാൻ വളർത്തി കൊണ്ട് വന്ന സ്വന്തം കുടുംബമാണ് ചെറിയൊരു പാകപ്പിഴ വന്നു പോയതിൽ മുഖം കറുപ്പിച്ചു നിൽക്കുന്നത്.
കയ്യിൽ ഇനി നീക്കിയിരിപ്പായി വലുതായിട്ടൊന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല.അതവർക്കും നന്നായി അറിയാം.
ക്രിസ്റ്റി ഓഫീസിൽ കൂടി വന്നു തുടങ്ങിയാൽ പിന്നെ തീർന്നു.
വർക്കി ചെറിയാൻ എന്ന സാമ്പ്രാജ്യം പിന്നെ ഉണ്ടാവില്ല.
അവന് കൂട്ടായി ആ സദാശിവൻ കൂടി ചേരുന്നതോടെ പൂർത്തിയായി.
വർക്കി വിയർത്തു പോയിരുന്നു.
“ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ എന്തേലും ഒന്ന് പറയ്. പോയിട്ട് ഞങ്ങൾക്ക് വേറേം ജോലി ഒള്ളതാ ”
സൂസന്റെ സ്വരത്തിൽ നിറഞ്ഞ ഇഷ്ടക്കേട് വർക്കി പെട്ടന്ന് പിടിച്ചെടുത്തു.
“നിങ്ങള് പോയിക്കോ… ഞാനും ഇറങ്ങുവാ ”
അത്ര മാത്രം പറഞ്ഞു കൊണ്ട് വർക്കി എഴുന്നേറ്റു.
“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ വർക്കി.. എന്നേം കൂടി ആ കമ്പിനിയിലോട്ട് കയറ്റാൻ.അന്ന് നിനക്കെന്നെ വിശ്വാസമില്ലായിരുന്ന്. കിട്ടുന്നതൊക്കെ ഒറ്റയ്ക്ക് വിഴുങ്ങാൻ ഒക്കത്തില്ലെന്നു കരുതി നീ മനഃപൂർവം അത് ചെയ്തില്ല. ഇപ്പൊ എന്തായി..”
ഉള്ളിലെ പക പറഞ്ഞു തീർക്കുന്നത് പോലൊരു ഭാവമായിരുന്നു വർഗീസിന് അത് പറയുമ്പോൾ.
“എന്നിട്ടിപ്പോ ഒടുക്കം എന്തായി.? കുന്നേൽ ബംഗ്ലാവിൽ നിന്നു പോലും ഇറങ്ങി കൊടുക്കേണ്ട അവസ്ഥയിലേക്കെത്തിയില്ല്യോ?”
കുത്തി രസിച്ചു ഊറ്റം കൊള്ളാൻ ധൃതി കാണിക്കുന്നവർക്കിടയിൽ നിന്നും വർക്കി എഴുന്നേറ്റു.
അവരോട് പറയാൻ നിരവധി ഉത്തരങ്ങൾ ഉണ്ടായിട്ടും യാതൊന്നും പറയാതെ അയാൾ പുറത്തേക്കിറങ്ങി നടന്നു.
നീറുന്ന മനസ്സിന് അൽപ്പം സമാധാനം കിട്ടുമെന്ന് കരുതി വന്നതാണ്.
വർഗീസിന്റെ വീട്ടിലാണ് അവരെല്ലാം.പോരുന്നതിനു മുൻപ് സൂസനെയും വിളിച്ചിട്ട് അങ്ങോട്ട് വരാൻ പറഞ്ഞിരുന്നു.
ആ മറുപടിയിൽ നിന്ന് തന്നെ അറിഞ്ഞതാണ് സൂസന്റെ താല്പര്യമില്ലയ്മ.
പിന്നെ അതൊരു തോന്നൽ ആണെന്ന് സ്വയം പറഞ്ഞു സമാധാനപ്പെടുത്തുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.
അങ്ങോട്ട് എത്തുന്നതിനു മുന്നേ ഒരു ഹോസ്പിറ്റലിൽ കയറി മുറിവുകൾക്ക് മരുന്ന് വെച്ചിരുന്നു.
കയ്യിലുള്ള ഒരു മുറിവ് അത്യാവശ്യം വലുതായത് കൊണ്ട് അതിന് മരുന്നു വെച്ച് കെട്ടി. അപ്പോഴെല്ലാം മനസ്സിൽ ക്രിസ്റ്റീയോടുള്ള ദേഷ്യം പുകയുന്നുണ്ടായിരുന്നു.
മുറിവുകൾ കാണുമ്പോൾ സഹോദരങ്ങൾ വേവലാതിപ്പെടുമെന്നും ക്രിസ്റ്റീയോട് പകരം ചോദിക്കാൻ ഇറങ്ങി പുറപ്പെടുമെന്നും കരുതിയാണ് അങ്ങോട്ട് വന്നതെങ്കിലും അവർക്ക് തന്റെ വീഴ്ച ആസ്വദിക്കാനായിരുന്നു തിടുക്കമെന്ന് പതിയെ മനസിലായി.
ഇതിപ്പോ ഉണ്ടായിരുന്ന സമാധാനം കൂടി പോവുകയാണ് ചെയ്തത്.
അതോർത്തു കൊണ്ട് പല്ല് കടിച്ചു ദേഷ്യം ഒതുക്കിയാണ് അയാൾ മുന്നോട്ടു നടന്നത്..
ആരും വേണ്ട.. അവനോട് കളിക്കാൻ.. അവനോട് ജയിക്കാൻ ഈ വർക്കി ചെറിയാൻ ഒറ്റക്ക് മതി.
ഇത്രേം നേടിയത് ഒറ്റയ്ക്ക് നിന്നിട്ടാണ്.
ഇനിയും അത് അങ്ങനെ തന്നെ മതി..
മനസ്സിൽ അയാൾ അപ്പോഴും കണക്ക് കൂട്ടലുകൾ നടത്തുന്നുണ്ടായിരുന്നു.
❣️❣️
“ശെരി.. നിനക്ക് വേണ്ടങ്കിൽ ഇന്നെനിക്കു ഒന്നും വേണ്ട. നിനക്ക് വേണോ ദിലു? ”
മീരയുടെ അരികിൽ ഇരുന്നു കൊണ്ട് ക്രിസ്റ്റി ദിലുവിന്റെ നേരെ നോക്കി ചോദിച്ചു.
“എനിക്ക്.. എനിക്കൊന്നും വേണ്ടാഞ്ഞിട്ടാ ഇച്ഛാ ”
മീരയപ്പോഴും ദയനീയമായി പറയുന്നുണ്ടായിരുന്നു.
“ആഹ്.. വേണ്ടങ്കിൽ വേണ്ട. ഞങ്ങൾക്കും വേണ്ട. അത്ര തന്നെ. ഇന്നിവിടെ എല്ലാരും നിനക്ക് വേണ്ടി പട്ടിണി സമരമായിക്കോട്ടെ ”
ക്രിസ്റ്റി വീണ്ടും വിളിച്ചു.
അവനാവുന്നത് പോലെ വിളിച്ചിട്ടും പുറത്തേക്കിറങ്ങി വരാൻ കൂട്ടാക്കാത്ത മീരയോട് ഇനി ഈ രീതിയേ നടക്കൂ എന്നവന് ശെരിക്കും അറിയാം.
“ഇച്ഛാ…”
മീരാ അവന്റെ കയ്യിൽ പിടിച്ചു വിളിച്ചു.
“മ്മ് ”
തിരിഞ്ഞു നോക്കാതെ അവനൊന്നു മൂളി.
“എനിക്കിനി ഇച്ഛായല്ലാതെ ആരും ഇല്ല കേട്ടോ ”
പിണങ്ങിയിരിക്കുന്നത് പോലെ തിരിഞ്ഞിരിക്കുന്ന ക്രിസ്റ്റിയുടെ തോളിലേക്ക് ചാരി കൊണ്ടവൾ പറയുമ്പോൾ ആ ഹൃദയം പിടയുന്നത് അറിഞ്ഞിട്ടെന്ന പോലെ ക്രിസ്റ്റി അവളെ പൊതിഞ്ഞു പിടിച്ചു.
“ഇച്ഛക്കറിയാം.. പക്ഷേ ഇങ്ങനെ സങ്കടപ്പെട്ടിരുന്നത് കൊണ്ടായില്ലല്ലോ. ശാരിയാന്റി ഇനിയീ ഭൂമിയിൽ ഇല്ലായിരിക്കും. പക്ഷേ അവരെ അറിയുന്നവരുടെ മനസ്സിലുണ്ടാവും.ഇനിയെന്നും.”
ക്രിസ്റ്റി പറയുമ്പോൾ മീരയുടെ നേർത്ത തേങ്ങൽ കേട്ടിരുന്നു.
“ഇനിയങ്ങോട്ട് ജീവിച്ചല്ലേ പറ്റൂ.ശാരിയാന്റിക്ക് പകരമാവില്ലെന്നറിയാം.എന്നാലും ഇത് നമ്മുടെ വീടാണ്.നിനക്കിപ്പോ ഇച്ഛയുണ്ട്.. ദേ ദിലുവെന്ന അനിയത്തിയുണ്ട്. അമ്മയുണ്ട്. പിന്നെ മ്മടെ സ്വന്തം മറിയാമ്മച്ചിയുണ്ട്. നീ സങ്കടപ്പെടുമ്പോൾ ഞങ്ങൾക്കും സങ്കടമാവും.”
ക്രിസ്റ്റി അവളിലുള്ള പിടി അൽപ്പം പോലും കുറക്കാതെയാണ് പറയുന്നത്.
ദിലു അവനെ സ്നേഹത്തോടെ നോക്കി നിൽപ്പുണ്ട്.
അവനാ പറഞ്ഞ വാക്കുകളുടെ ആഴം അറിഞ്ഞത് കൊണ്ടായിരിക്കും, പിന്നെ അധികം ബലം പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലെ മീരാ അവർക്കൊപ്പം താഴേക്ക് ചെന്നു.
ഒത്തിരിയൊന്നും കഴിച്ചില്ലയെങ്കിലും അതും അവർക്ക് ആശ്വാസമായിരുന്നു.
മറിയാമ്മച്ചിയും പതിവില്ലാതെ മൗനമായിരുന്നു.മീരയെ വേദനിപ്പിക്കാൻ ഇഷ്ടമല്ലാത്തത് പോലെ അവരെല്ലാം അവൾക്ക് മൗനമായി കൂട്ടിരുന്നു.
എനിക്കൊരിടം വരെയും പോവാനുണ്ട്.. മീരയുടെ കൂടെ ഉണ്ടാവണെയെന്ന് ദിലുവിനെ ഏല്പിച്ചു കൊണ്ടാണ് ക്രിസ്റ്റി പുറത്തേക്ക് പോകാൻ റെഡിയായി ഇറങ്ങിയത്.
“അമ്മാ..”
ഡെയ്സിയുടെ മുറിയുടെ അകത്തേക്ക് കയറാതെ വാതിൽക്കൽ നിന്ന് കൊണ്ട് ക്രിസ്റ്റി വിളിക്കുമ്പോൾ കിടക്കുകയായിരുന്ന ഡെയ്സി എഴുന്നേറ്റു കൊണ്ട് പുറത്തേക്ക് ചെന്നു.
“ഞാൻ പുറത്തേക്കൊന്ന് പോകുവാ.. വല്യമ്മച്ചിയേം വല്യപ്പച്ഛനേം ലില്ലിയാന്റിയെയും കണ്ടിട് കുറച്ചു ദിവസമായി. പോയി കണ്ടിട്ട് പെട്ടന്ന് വരാം.”
ക്രിസ്റ്റി അത് പറയുമ്പോൾ ഡെയ്സിയുടെ മുഖം കുനിഞ്ഞു പോയിരുന്നു.അവനാണ് അവരുടെ സംരക്ഷകനെന്നു മറിയാമ്മച്ചി പറഞ്ഞിട്ട് ഡെയ്സിക്ക് അറിയാം.
ക്രിസ്റ്റിക്കത് പെട്ടന്ന് മനസ്സിലായി.
“മീരാ മുകളിലുണ്ട്. ഒന്ന് ശ്രദ്ധിച്ചേക്കണേ ”
മുകളിലെക്കൊന്ന് നോക്കിയിട്ട് ക്രിസ്റ്റി പറയുമ്പോൾ ഡെയ്സി ചിരിച്ചു കൊണ്ട് തലയാട്ടി.
“ധൈര്യമായി പോയിട്ട് വാട.. അമ്മ നോക്കികൊള്ളാം ”
ഡെയ്സി അവന്റെ കയ്യിൽ പിടിച്ചു.
അവനും ഒരു ചിരിയോടെ മറിയാമ്മച്ചിയുടെ മുറിയുടെ നേർക്ക് ചെന്നു.
യാതൊരു ഔപചാരികതയുമില്ലാതെ ക്രിസ്റ്റി അതിനുള്ളിലേക്ക് കയറി പോകുന്നത് നോക്കി ഡെയ്സി അവിടെയുണ്ടായിരുന്നു..
❣️❣️
ഫാത്തിമ തന്റെ സംസാരത്തിൽ അസ്വസ്ഥയാണെന്ന് അറിഞ്ഞിട്ടും ഷാഹിദ് അവളെ വിടാനൊരുക്കമല്ലായിരുന്നു.
സ്നേഹത്തെ കുറിച്ചും പ്രേമത്തെ കുറിച്ചും അവൻ വാചാലമായപ്പോഴൊക്കെയും ഫാത്തിമ ക്രിസ്റ്റിയുടെ കൂടെയായിരുന്നു.
അവന്റെ ചിരിയിൽ മയങ്ങി കിടപ്പായിരുന്നു.
എത്രയും പെട്ടന്ന് തിരികെ അറക്കല്ലൊന്ന് എത്തി കിട്ടിയാൽ മതിയെന്ന് മാത്രമായിരുന്നു അവളുടെ മനസ്സിൽ.
അവനാവട്ടെ ആ യാത്ര വല്ലാതെ വലിച്ചു നീട്ടനൊരു കാരണം തേടുന്നത് പോലെയും.
“എനിക്ക്.. എനിക്ക് നല്ല തലവേദന.. ഒന്നെന്നെ വീട്ടിലാക്കി തരുവോ “എന്ന് ഏറെ സഹികെട്ട് കൊണ്ടാണ് അവൾ ഷാഹിദിനോട് ആവിശ്യപെട്ടതും.
അതും പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാരിയവൾ കണ്ണടച്ച് കിടക്കുക കൂടി ചെയ്തതോടെ അവന് മുന്നിൽ പിന്നെ മറ്റൊരു ഓപ്‌ഷനും ഇല്ലായിരുന്നു.
ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ അമർത്തിയൊന്ന് തട്ടി കൊണ്ടവൻ കാർ തിരിച്ചു.
❣️❣️
“വിഷമിക്കാതെ മക്കളെ.. കർത്താവ് നിന്നെ കൈ വിടില്ല ”
മാത്തച്ഛനും ത്രേസ്യയും അവന്റെ നേരെ സ്നേഹത്തോടെ നോക്കി.
“ആ കുട്ടി നിന്റെ കൂടെയല്ലേ? സൂക്ഷിക്കണം. വർക്കി കൂടി ഉണ്ട് അവിടെ. അവനെ കുറിച് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ?”
മാത്തച്ഛൻ മുന്നറിയിപ്പ് പോലെ പറഞ്ഞു.
“ഹാ.. നിങ്ങളെന്റെ കൊച്ചിനെ പേടിപ്പിക്കല്ലേ മനുഷ്യ”
ത്രേസ്യ അയാളോട് കണ്ണുരുട്ടി.
“അങ്ങനല്ലടി. ഇവനെ കുരുക്കാൻ എന്ത് നെറികെട്ട കളിക്കും വർക്കി കൂട്ട് നിൽക്കും. പിശാച്ചാണവൻ ”
വർക്കിയേ ഓർത്തതും മാത്തച്ഛന്റെ പല്ലുകൾ ഞെരിഞ്ഞു.
“അതൊക്കെ എനിക്കറിയാം വല്യപ്പച്ച. ഞാൻ ശ്രദ്ധിച്ചോളാം ”
ക്രിസ്റ്റി അയാളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
“എനിക്കറിയാം മോനെ. ഞാനിത് ഇപ്പൊ പറയാൻ കാരണം അവനിപ്പോ നില തെറ്റി നിൽപ്പായിരിക്കും. ദിലു മോളും ഡെയ്സിയും നിനക്കൊപ്പം ചേർന്നതിന്റെ ചേര്ക്കു തീർക്കാൻ അവനെന്ത് നാറിയ കളിയും കളിക്കും. അതാണ് ഞാൻ ”
അത്രയും പറഞ്ഞപ്പോഴേക്കും ത്രേസ്യ അയാളുടെ കയ്യിൽ അമർത്തി പിടിച്ചിരുന്നു.
“വർക്കിയെന്ന ഓല പാമ്പിനെ കണ്ടൊന്നും പേടിക്കുന്നവനല്ല എന്റെ ചെക്കൻ. അല്ലേടാ ”
ലില്ലി വന്നിട്ടവന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.
ക്രിസ്റ്റി ചിരിയോടെ അവരെ അവന്റെ അരികിൽ പിടിച്ചിരുത്തി.
“ജോലിയൊക്കെ എങ്ങനെ പോകുന്നു ലില്ലിയാന്റി? ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ?എനിക്കങ്ങോട്ടിറങ്ങാൻ സമയം കിട്ടിയിട്ടില്ല പിന്നെ.”
അവന്റെ ചോദ്യത്തിനു ഹൃദ്യമായൊരു ചിരിയായിരുന്നു ലില്ലിയുടെ മറുപടി.
അതിൽ നിന്നും തന്നെ അവനുള്ള ഉത്തരം കിട്ടിയിരുന്നു.
“ഞാനെന്ന പോട്ടെയിനി. ഇനിയും ഇരുന്നാ വൈകും. നാളെ കോളേജ് ഉള്ളതാ ”
അത് പറഞ്ഞു കൊണ്ട് ക്രിസ്റ്റി എഴുന്നേറ്റു.
“പറ്റുമ്പോലെ നിന്റെ അമ്മയെയും കൊണ്ടൊന്നു വാ മോനെ. ഒത്തിരി ആയില്ല്യോ കണ്ടിട്ട് ”
ത്രേസ്യ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഇനി അമ്മയും ഞാനും ഇങ്ങോട്ടല്ല വല്യമ്മച്ചി. നിങ്ങളെ എല്ലാരേയും ഞാൻ കുന്നേൽ ബംഗ്ലാവിലേക്ക് കൊണ്ട് പോകും. വല്ല്യ താമസമൊന്നുമില്ല ഇനി ആ ദിവസത്തിന് ”
ഉറപ്പോടെ ക്രിസ്റ്റി അത് പറയുമ്പോൾ മാത്തച്ഛന്റെ കണ്ണുകൾ വൈര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു.
“ശെരിയെന്നാ… പോയി ”
ബൈക്കിൽ കയറിയിരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“സൂക്ഷിച്ചു പോയാൽ മതി കേട്ടോ ”
ത്രേസ്യ അവനെ നോക്കി കൊണ്ട് ഓർമ്മിപ്പിച്ചു.
ഹെൽമെറ്റ് തലയിലെക്കെടുത്തു വെച്ച് കൊണ്ടവൻ ചിരിച്ചു കൊണ്ട് തലയാട്ടി.
അതികം വീടുകൾ ഒന്നുമില്ലാത്ത ഏരിയായാണ് അത്. സ്രീറ്റ് ലൈറ്റ് പോലുമില്ലാത്ത വിജനമായ വഴി.
സൂക്ഷിച്ചു കൊണ്ട് തന്നെ പതിയെയാണ് ക്രിസ്റ്റി വണ്ടി ഓടിച്ചതും.
കുറച്ചു ദൂരം കഴിഞ്ഞു പിന്നെയൊരു തെങ്ങിൻ തൊട്ടമാണ്.
ഒറ്റപെട്ട ഒന്നോ രണ്ടോ വീടുകൾ മാത്രം ഒള്ളു.
അവനെ കാത്തെന്നത് പോലെ ആ ഇരുട്ടിൽ പതിയിരിക്കുന്നവർക്ക് മുന്നിലേക്ക്… അതൊന്നും തന്നെ അറിയാതെ ക്രിസ്റ്റി പതിയെ ബൈക്ക് ഓടിച്ചു അടുത്ത് കൊണ്ടിരുന്നു…
…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…