നിലാവിന്റെ തോഴൻ: ഭാഗം 88
രചന: ജിഫ്‌ന നിസാർ
“നിനക്ക് മുന്നിലവൻ ഹീറോയാവും. പക്ഷേ.. അവനുണ്ടല്ലോ.. അവന്റെ ജീവനും ജീവിതവും ഈ വർക്കിയുടെ വെറും ഔദാര്യമാണ് കൊച്ചേ.. ജീവിച്ചു പോയിക്കോട്ടെന്ന് വർക്കി ചെറിയാൻ കരുതിയത് കൊണ്ട് മാത്രം മുളച്ചു പൊന്തിയ പാഴ്ച്ചെടി.. അവനിന്ന് എനിക്കെതിരെ വിഷ വിത്തുകൾ വാരി എറിയാൻ മാത്രം വളർണെങ്കിൽ.. ഇനി അത് തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ് ”
വർക്കി കുറച്ചു കൂടി മീരയുടെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു.
എന്നിട്ടും ഒരല്പം പോലും അവൾ പിന്നിലേക്ക് നീങ്ങാതെ അയാളെ തുറിച്ചു നോക്കി.
“എന്റെ മകൻ പറഞ്ഞത് പോലെ… ഒറ്റവെടിക്ക് രണ്ടു പക്ഷികൾ.. എനിക്ക് മുന്നിൽ അസ്വസ്ഥത പടർത്തുന്ന നീയും.. നിന്നിലൂടെ പിന്നെയൊരിക്കലും പുറം ലോകം കാണാൻ കഴിയാത്തത് പോലെ അവനെയും ഞാൻ പൂട്ടും.”
കയ്യിലെ കത്തിയിൽ പതിയെ ഒന്ന് തലോടി വർക്കി അവളെ നോക്കി.
“എന്നെ നിങ്ങൾക്ക് കൊന്ന് കളയാനായേക്കും. എനിക്കതിൽ ലവലേശം ഭയമില്ല. പക്ഷേ.. എന്തൊക്കെ ചെയ്താലും എന്റെ ഇച്ഛയെ… തോൽപ്പിക്കാൻ നിങ്ങളീ ജന്മം എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല.. നടക്കില്ലത്.”
മീരാ പറഞ്ഞതും വർക്കിയുടെ മുഖത്തേക്ക് ദേഷ്യമിരച്ചു കയറി.
“നിന്നോടെനിക്ക് സഹതാപം തോന്നുന്നു കൊച്ചേ… ആരുമല്ലാത്ത ഒരുത്തൻ.. അവന് വേണ്ടിയാണല്ലോ നീ ”
ഒരിക്കൽ കൂടി വർക്കിയുടെ കഴുകൻ കണ്ണുകൾ അവളെ തലോടി കൊണ്ട് കടന്നു പോയി.
“അത് തന്നെ എനിക്ക് നിങ്ങളോടും പറയാനുള്ളത്. സഹതാപം തോന്നുന്നു. ഇത്രേം ആയിട്ടും ഇനിയും.. ഇനിയും തെറ്റുകൾ ചെയ്തു പാഴായി പോവുന്ന നിങ്ങളുടെ ജീവിതത്തെ ഓർത്തിട്ട്. എല്ലാം ചേർത്തിട്ട് എന്റെ ഇച്ഛാ നിങ്ങൾക്ക് തരുന്ന തിരിച്ചടി ഓർത്തിട്ട്….. കഷ്ടം ”
“ഡീ…”
വർക്കി അവളെ ചുവരിൽ ചേർത്ത് നിർത്തി.
“ചത്ത് പോയാലും പ്രേതമായിട്ടെങ്കിലും നീ ഒന്നൂടെ വരണം. ഒന്നിനുമല്ല.. നീ ഇപ്പോഴും പറഞ്ഞില്ലേ അവനെ.. നിന്റെ ഇച്ഛയെ എനിക്ക് തോൽപ്പിക്കാൻ കഴിയില്ലെന്ന്. തോറ്റു പണ്ടാരമടങ്ങി ജീവിതം തന്നെ വെറുത്ത അവനെ കൺനിറയെ നീ കാണണം. എന്നിട്ട് നീ, ഈ ഭൂമി വിട്ട് പോയാൽ മതി ”
ക്രൂരത നിറഞ്ഞ വർക്കിയുടെ കണ്ണുകൾ തിളങ്ങി.
മീരാ അപ്പോഴും അയാളെയൊന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
പക്ഷേ ആ കണ്ണിലെ ഭാവം.. മരണത്തെ കണ്മുന്നിൽ അത്രയും അടുത്ത് കണ്ടിട്ടും തോൽപ്പിക്കാൻ കഴിയില്ലെന്നൊരു ഭാവത്തോടെ നിൽക്കുന്ന അവൾ… അയാൾക്കൊരു അതിശയമായിരുന്നു..
❣️❣️
തിരികെ കയറി ചെന്നിട്ട് ബെല്ലടിച്ചു കാത്ത് നിൽക്കുമ്പോഴും ഫൈസിയുടെ ഹൃദയം പൊടിഞ്ഞു വീഴുമെന്ന പരുവത്തിൽ മിടിക്കുന്നുണ്ട്.
മുഖത്തെ വിയർപ്പുതുള്ളികൾ കൈ കൊണ്ട് തുടച്ചിട്ട് വീണ്ടും അവനൊരു പ്രാവശ്യം കൂടി ബെല്ലടിച്ചു.
അകത്തു നിന്നും അപ്പോഴും പ്രതികരണമൊന്നുമില്ല.
അവനുള്ളം വീണ്ടും വീണ്ടും മുന്നോട്ട് കുതിക്കാനുള്ള ആക്ഞ്ഞ നൽകുന്നണ്ടായിരുന്നു.
അങ്ങനെയൊരു പിടച്ചിലും ശ്വാസം മുട്ടലും ഇനിയൊരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന തോന്നലാണ് തിരികെ വണ്ടി തിരിച്ചിട്ട് ഇങ്ങോട്ട് തന്നെ എത്തിച്ചത്.
എന്തിനെന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം പറയാനില്ലങ്കിലും തിരികെ അങ്ങോട്ട് തന്നെ പോന്നു.
ആരെങ്കിലും ചോദിച്ചാൽ ക്രിസ്റ്റി വന്നിട്ട് അവനെ കണ്ടിട്ടേ പോകുന്നുള്ളു എന്ന് പറയാം എന്നുറപ്പിച്ചു കൊണ്ടാണ് വാതിലിന് മുന്നിൽ കാത്ത് നിന്നത്.
പക്ഷേ അതാരും തുറക്കുന്നില്ലെന്ന് കണ്ടതും അവനത് ധൃതിയിൽ തള്ളി നോക്കി.
ഭാഗ്യം.. അത് മുന്നിൽ രണ്ട് പാളികളായി തുറന്നത്തോടെ ഫൈസിക്ക് പാതി ആശ്വാസം തോന്നി.
“മറിയാമ്മച്ചി…”എന്നും വിളിച്ചു കൊണ്ടവൻ അകത്തേക്ക് കയറി.
അവിടാരും ഉള്ളതിന്റെ യാതൊരു ലക്ഷണവുമില്ലെന്നറിഞ്ഞതും വീണ്ടും അവന്റെ ചങ്കിടിക്കാൻ തുടങ്ങി.
ആളനക്കമില്ലാത്ത അടുക്കളയിൽ നിന്നും പിന്തിരിഞ്ഞു വന്നിട്ട് അവനൊരു നിമിഷം ഹാളിൽ നിന്നു മുകളിലേക്ക് നോക്കി.
ക്രിസ്റ്റി വന്നിട്ടില്ല.
മുകളിൽ മീരാ മാത്രമുള്ളു.
അങ്ങോട്ടേക്ക് ഇപ്പൊ പോകണ്ട.. ആരെങ്കിലും വരും വരെയും ഇവിടിരിക്കാം എന്ന് കരുതി… ഹാളിലെ സോഫയിലിരിക്കാൻ തനിഞ്ഞു.
പക്ഷേ എന്ത് കൊണ്ടോ അതിന് തോന്നുന്നില്ല.
അദൃശ്യമായൊരു ശക്തി മുകളിലേക്ക് പിടിച്ചു വലിക്കുന്നത് പോലൊരു പരവേശം.
ഒടുവിൽ തോൽവി സമ്മതിച്ച പോലെ… ഫൈസി മുകളിലേക്ക് കയറി തുടങ്ങി..
മുകളിലൊന്നും ആരുടേയും ശബ്ദം കേൾക്കുന്നില്ല.
ഒന്ന് നോക്കിയിട്ട് തിരിച്ചിറങ്ങാൻ തുടങ്ങിയവൻ മീരയുടെ മുറിയിൽ നിന്നും ആരോ സംസാരിക്കുന്നത് പോലെ തോന്നിയതും പിടിച്ചു കെട്ടിയത് പോലെ നിന്നു.
ഹൃദയം വീണ്ടും മുന്നറിയിപ്പ് തരുന്നത് പോലെ കുതിച്ചു തുള്ളുന്നുണ്ട്.
ഒന്നൂടെ കാതോർത്തു നിന്നപ്പോൾ അതൊരു തോന്നലല്ലെന്ന് മനസ്സിലായി.
ഒരൊറ്റകുതിപ്പിന് അവനാ മുറിയുടെ വാതിൽ ചവിട്ടി തുറന്നു..
കണ്മുന്നിലെ കാഴ്ച..
തലയിൽ അടി കിട്ടിയത് പോലെ ഫൈസി വിറച്ചു പോയി.
ചുവരിൽ മീരയെ ചേർത്തമർത്തി അവൾക്ക് നേരെ കത്തിയോങ്ങി നിൽക്കുന്ന വർക്കി..
“ഡാ..”
അലറി കൊണ്ടവൻ വർക്കിയേ ചവിട്ടി താഴെ വീഴുത്തുമ്പോൾ ഇറുക്കിയടച്ച കണ്ണുകൾ മീര വലിച്ചു തുറന്നു.
കണ്മുന്നിൽ തന്നെ നോക്കി നിൽക്കുന്നവൻ..
മരണം ഉറപ്പായ നിമിഷവും ഇച്ഛയെ പോലെ.. താൻ ഓർത്തു നീറിയവൻ..
ഒരു നിമിഷത്തെ പകപ്പിന് ശേഷം കൈ വിടാത്ത കത്തിയുമായി വർക്കി എഴുന്നേറ്റു.
വീഴ്ചയിൽ കൈ നന്നായി വേദനിച്ച ദേഷ്യം കൂടി അയാളിൽ പ്രകടനമായി.
“നന്നായി.. നീ വന്നത് നന്നായി ”
പകയോടെ പറഞ്ഞു കൊണ്ടയാൾ ഉറക്കെ ചിരിക്കുമ്പോൾ റിഷിൻ കണ്മുന്നിൽ ഞെടിയിട കൊണ്ട് മാറി മറിഞ്ഞ ഭാവങ്ങാളിലേക്ക് നിരാശയോടെ നോക്കി.
എല്ലാമൊരു തീരുമാനമായെന്ന് കരുതിയതാണ്.ആശ്വാസിച്ചതാണ്.അതിനിടയിലേക്കാണ്… ഇവൻ.
അവൻ ഫൈസിയെ നോക്കി പല്ല് കടിച്ചു.
“നീയും ഇവളും തമ്മിലുള്ള അവിഹിതം അറിഞ്ഞതിൽ… ദേഷ്യം നിറഞ്ഞ ക്രിസ്റ്റി ഫിലിപ്പ്.. രണ്ടു പേരെയും ഒറ്റയടിക്ക് കൊന്ന് കളയുന്നു ”
നാടകീയമായി പറഞ്ഞു കൊണ്ട് വർക്കി വീണ്ടും ചിരിച്ചു.
“കേട്ടോടാ മോനെ.. നമുടെ തിരക്കഥയിൽ ചെറിയൊരു തിരുത്തുണ്ട്.”
വർക്കി പറഞ്ഞത് കേട്ട റിഷിൻ… പുച്ഛത്തോടെ ഫൈസിയെ നോക്കി.
“എന്റെ നെഞ്ചിലെ അവസാന പിടച്ചിലും നിന്നിട്ടല്ലാതെ.. നിനക്കെന്റെ…. നിനക്കെന്റെ പെണ്ണിനെ തൊടാൻ കൂടി കഴിയില്ലടാ പൊറുക്കി ചെറിയാനെ ”
പകച്ചു നിൽക്കുന്ന മീരയെ നെഞ്ചിലേക്ക് വലിച്ചു ചേർത്ത് കൊണ്ടവൻ പറയുമ്പോൾ.. അത് വരെയും നിറയാത്ത മിഴികളോട് മീരാ അവനെ നോക്കി.
“നിന്നോടുള്ള പ്രണയം ഒരു കടൽ പോലെ എനിക്കുളിൽ ഞാൻ തടഞ്ഞു വെച്ചിട്ട് കുറേ നാളുകളായി. ഇങ്ങനൊന്നും… ഇങ്ങനൊന്നുമല്ല ഞാനത് പ്രസന്റ് ചെയ്യാൻ ഉദ്ദേശിച്ചത്.. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരിടത്ത് … വെച്ചിട്ട്.. നീയും ഞാനും മാത്രമായിട്ട്… പക്ഷേ.. പക്ഷേ ഇപ്പോഴത് പറയാതെ വയ്യെനിക്ക് …”
മീരയുടെ കണ്ണിലേക്ക് നോക്കി അത്രയും പറഞ്ഞപ്പോഴും.. ഫൈസിയുടെ കൈകൾ അവളിൽ മുറുകി.
ഒരക്ഷരം മിണ്ടാതെ മീരാ അവന്റെ നെഞ്ചിൽ പതിഞ്ഞു നിന്നു.
“അത് ശെരി… അപ്പൊ… അപ്പൊ അങ്ങനൊരു ചുറ്റിക്കളി കൂടി ഇതിന്നത് നടക്കുന്നുണ്ട്. അല്ലേടാ മോനെ ”
വർക്കി ഫൈസിയെ പരിഹാസത്തോടെ നോക്കി ചുണ്ട് കോട്ടി.
“പക്ഷേ വല്ലാത്തൊരു വിധിയായല്ലോ മക്കളെ.. ഇഷ്ടം പറയാനേ യോഗമുള്ളു.. ജീവിക്കാൻ അതില്ല…”
വർക്കി വീണ്ടും കയ്യിലെ കത്തിയിൽ തലോടി കൊണ്ട് പറഞ്ഞു.
ഫൈസി മീരയെ അവന്റെ പിന്നിലേക്ക് മാറ്റി നിർത്തി.
“ഇവളാരെന്ന് അറിയുമോ നിനക്ക്?”
ഫൈസി വർക്കിയേ രൂക്ഷമായി നോക്കി.
“ഇവളാരാണെങ്കിലും എനിക്കെന്താടാ.. ആരായാലും എനിക്കിവൾ… ശത്രുവാണ് ”
വർക്കി പല്ല് കടിച്ചു കൊണ്ട്.
“ശാരിയുടെ മകളാണിവൾ.. മീരാ ”
മീരയെ തനിക്കരികിലേക്ക് നിർത്തി കൊണ്ട് പരിഹാസത്തോടെ ഫൈസി പറയുമ്പോൾ അയാളുടെ ചിരി മാഞ്ഞു.
പകരം ആ കണ്ണുകൾ അവൾക്ക് നേരെ കൂർത്തു.
“ശാരിയുടെ മാത്രം മകൾ..”വീണ്ടും അവന്റെ സ്വരമാവിടെ മുഴങ്ങി..
റിഷിനപ്പോഴും അവരെന്താണ് പറയുന്നത് എന്നറിയാതെ മാറി നോക്കുന്നുണ്ട്.
“നിനക്കിവളെ ഇന്നല്ലേ കൊല്ലാൻ തോന്നിയത്. പക്ഷേ… ജനിപ്പിച്ച കുറ്റത്തിന് ഒരമ്മയും മകളും മനസ്സിൽ നിരന്തരം കൊന്ന് കളയുന്നുണ്ടെടോ നിന്നെ…”
ഫൈസിയുടെ കൈകൾ വർക്കിയുടെ നേരെ നീണ്ടു..
അവന്റെ പറച്ചില് കേട്ടതും ഒരു നിമിഷം പകച്ചു നിന്നിട്ട് വർക്കി വീണ്ടും ഉറക്കെ ചിരിച്ചു.
“നിന്റെ തള്ള ഇപ്പോഴും ഉണ്ടോടി?”
തീർത്തും ലാഘവത്തോടെ അയാളുടെ ചോദ്യം.
മീരാ വലിഞ്ഞു മുരുകിയ മുഖത്തോടെ വർക്കിയേ നോക്കി.
“തള്ളേടെ ഫിഗറൊന്നും നിനക്കില്ല കേട്ടോ..അവളൊരു… മുതലായിരുന്നു.”
വീണ്ടുമൊരു വഷളൻ ചിരിയോടെ വർക്കി പറഞ്ഞതും.. മീരയെ പിടിച്ചു മാറ്റി കൊണ്ട് ഫൈസി അയാളെ അടിച്ചു കഴിഞ്ഞിരുന്നു.
പ്രതീക്ഷിക്കാത്തത് കൊണ്ട് വർക്കി പിന്നിലേക്ക് ആഞ്ഞു.
ഫൈസി അയാളോടുള്ള ദേഷ്യം മുഴുവനും ആ മുഖത്തു തീർക്കുന്നുണ്ട്.
പകച്ചു നിൽക്കുന്ന റിഷിന്റെ നേരെ ആ അവസ്ഥയിലും വർക്കി താഴെ വീണു കിടക്കുന്ന കത്തി നോക്കി കണ്ണ് കാണിച്ചു.
മനസ്സിലായത് പോലെ… അവനത് കയ്യിലെടുത്തു മീരയുടെ നേരെ പാഞ്ഞു.
ആഞ്ഞു വീശിയ ആ കത്തി മുനയിൽ നിന്നും അവളെ തള്ളി മാറ്റി ഫൈസി റിഷിന് മുന്നിലേക്ക് നിന്നു.
അവന്റെ ഇടതു തോളിൽ… റിഷിൻ വീശിയ കത്തി അതിന്റെ പിടിയോളം തുളഞ്ഞു കയറി..
“ആാാാ..”
സഹനീയത നിറഞ്ഞ അവന്റെ ശബ്ദം അവിടെ മുഴുവനും അലയടിച്ചു..
മീരാ അലറി കരഞ്ഞു കൊണ്ടവനെ വട്ടം പിടിച്ചു.
ജീവൻ പറിഞ്ഞു പോകുന്ന വേദന കടിച്ചമർത്തി കൊണ്ട് ഫൈസി ആദ്യം ആ കത്തി വലിച്ചൂരി..
അപ്പോഴും വേദന കൊണ്ടവൻ പിടയുന്നത് മീരാ അറിഞ്ഞിരുന്നു.
വീണ്ടും തന്നിലേക്ക് കുതിച്ചു വരുന്ന റിഷിനെ, ഫൈസി തല്ലി താഴെയിട്ടു.
ചോര കുതിച്ചൊഴുകി ഫൈസിയുടെ ഷർട്ട് നനഞ്ഞു തുടങ്ങി.
എന്നിട്ടും അവന്റെ വീര്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ വർക്കിക്കും മോനും കഴിഞ്ഞില്ല.
പുറത്തിറങ്ങി ഓടിയ അവർക്ക് പിന്നാലെ ഓടാൻ തുനിഞ്ഞവനെ മീരാ പിന്നിൽ നിന്നും കെട്ടിപിടിച്ചു.
“വിട്.. വിട്.. ഇന്നവന്റെ സൂക്കേട് ഞാൻ മാറ്റി കൊടുക്കുന്നുണ്ട്.. കുറേ നാളായി..”
ഫൈസി അവളെ കുടഞ്ഞു മാറ്റാൻ നോക്കിയിട്ടും മീരാ പിടി അയച്ചില്ല.
അവന്റെ പുറത്ത് അവളുടെ പൊള്ളുന്ന ചുണ്ടുകൾ ഇടതടവില്ലാതെ പതിഞ്ഞു കൊണ്ടിരിക്കുന്നു..
പോവരുത് എന്ന് യാചിക്കും പോലെ..
ഫൈസി തളർന്നു തുടങ്ങി..
അവൻ നിൽക്കുന്നയിടം ചോര കൊണ്ടൊരു വൃത്തം രൂപപെട്ടിരുന്നു.
കാലുകൾ കുഴഞ്ഞു പോകുന്നതവൻ അറിഞ്ഞു.
❣️❣️
“ഇതാരാ കർത്താവെ.. ഈ വാതിലിങ്ങനെ തുറന്നു മലർത്തിയിട്ടത്?”
ചോദ്യത്തോടെ മറിയാമ്മച്ചി ഡെയ്സിയേ നോക്കി.
അടുത്തുള്ളൊരു വീട്ടിൽ ഒരു മരണം നടന്നിട്ട് അങ്ങോട്ട് പോയതായിരുന്നു അവർ.
മീരാ വരുന്ന നേരമാവുമ്പോഴേക്കും വരാമെന്നു കരുതി പെട്ടന്ന് പോയതാണ്.
വാതിൽ കടന്നു അവർ അകത്തേക്ക് കയറും മുൻപ് മുന്നിൽ റിഷിനും.. പിന്നിൽ വർക്കിയുമായി ഓടി കിതച്ചു വന്നവർ.. മുന്നിൽ നിൽക്കുന്ന ഡെയ്സിയെയും മറിയാമ്മച്ചിയെയും കണ്ടതും സ്തംഭിച്ചു നിന്നു പോയി.
അവരുടെ പതറിയ ആ ഭാവത്തിലേക്കാണ് ഡെയ്സിയും മറിയാമ്മച്ചിയും നോക്കിയത്.
“എന്താ…?”
വർക്കിയേ നോക്കി ഡെയ്സി വിറച്ചു കൊണ്ട് ചോദിച്ചു.
പക്ഷേ അതിനുത്തരമൊന്നും പറയാതെ അവരെ തള്ളി മാറ്റി കൊണ്ട് ധൃതിയിൽ വർക്കി പോയി കാറിലേക്ക് കയറി. അയാൾക്ക് പിറകെ റിഷിനും…
“കർത്താവെ… എന്റെ മോള്…”
നിലവിളി പോലെ അത് പറഞ്ഞിട്ട് ഡെയ്സി അകത്തേക്ക് പാഞ്ഞു..
അവർക്ക് പിറകെ… ഗേറ്റിന് നേരെ കുതിച്ചു പായുന്ന വർക്കിയുടെ കാറിന്റെ നേരെയൊന്ന് നോക്കിയിട്ട് മറിയാമ്മച്ചിയും ധൃതിയിൽ അകത്തേക്ക് പോയി..
❣️❣️
മീരാ അവനെ വിട്ട് പോയി വാതിൽ അടച്ചു കുറ്റിയിട്ടു.വീണ്ടും വർക്കിയോ റിഷിനോ കയറി വരുമെന്നവൾ ഭയന്നു.
“ഇച്ഛയെ വിളിക്കാം..”
കരഞ്ഞു കൊണ്ടവൾ അവന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു.
അപ്പോഴേക്കെയും ആ വേദനയിലും മായാത്തൊരു ചിരിയോടെ ഫൈസിയവന്റെ പ്രിയപ്പെട്ടവളെ നോക്കി..
“കിട്ടുന്നില്ലല്ലോ ദൈവമേ ”
ക്രിസ്റ്റിയുടെ ഫോണിലേക്ക് കോൾ പോകുന്നില്ലെന്ന് കണ്ടതും അവൾ അവനെ നോക്കി..
“ഇവിടെ.. ഇവിടിരിക്ക് ”
ഫൈസിയെ പിടിച്ചവൾ.. കിടക്കയിലെക്കിരുത്തി .
സഹിക്കാൻ കയ്യാത്ത വേദനയും ഒഴുകി പരക്കുന്ന ചോരയും അവനെ തളർത്തി കളയുന്നുണ്ട്.
എന്നിട്ടും അൽപ്പം പോലും തിളക്കം മങ്ങാത്ത ആ കണ്ണുകളിലത്രയും നിറഞ്ഞു നിന്നത് അവളോടുള്ള പ്രണയമായിരുന്നു..
“ഈ വെള്ളം കുടിക്ക്…”
മീരാ നീട്ടിയ വെള്ളം ഫൈസി വാങ്ങും മുന്നേ മീരാ അതവന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ച് കൊടുത്തു..
“നീ ഇങ്ങനെ കരയല്ലേ മീരേ.. ഇത്.. ഇത് ചെറിയൊരു മുറിവാ.. അതിന് മാത്രം ഒന്നുല്ല ”
വീണ്ടും കരയുന്ന അവളെ നോക്കി ചിരിച്ചു കൊണ്ട് ഫൈസി പറയുമ്പോൾ.. മീര കരച്ചിലോടെ തന്നെ അവന്റെ മുഖം നെഞ്ചിൽ ചേർത്ത് വെച്ചു.
തന്നെയോർത്തു പിടക്കുന്ന.. വേദനിക്കുന്ന ആ നെഞ്ചിലെ ചൂടിൽ.. ഫൈസി കണ്ണുകൾ അടച്ചു കൊണ്ട് ചെവിയോർത്ത് നിന്നു.
“എന്തിനാ എനിക്ക് മുന്നിലേക്കെടുത്തു ചാടിയത്…ഏഹ്. അത് കൊണ്ടല്ലേ.. അത് കൊണ്ടല്ലേയിപ്പോ ഇങ്ങനെ വേദനിച്ചത്..”
മീരാ അവന്റെ കവിളിൽ രണ്ട് കയ്യും വെച്ച് ആ കണ്ണിലേക്കു നോക്കി ചോദിച്ചു..
“നിനക്കാണീ മുറിവെങ്കിൽ എനിക്കിതിലേറെ വേദനിക്കും മീരാ … എന്റെ വേദനയെനിക്ക് സഹിക്കാൻ കഴിയും.. പക്ഷേ.. പക്ഷേ നീ വേദനിക്കുമ്പോൾ….അത്.. അതിച്ചിരി വലിയ വേദനയാ പെണ്ണേ.. അത്രേം.. അത്രേം ഇഷ്ടമാണ് എനിക്ക്…”
അത്രയും അരികെ അവന്റെ പ്രണയം നിറഞ്ഞ സ്വരം..ഒരു വേദനയും പിടിച്ചുലക്കാതെ.
മീര പിന്നൊന്നും പറയാതെ നിറഞ്ഞ കണ്ണോടെ ആ നെറ്റിയിൽ ചുണ്ട് ചേർത്തു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…