Kerala
പാലക്കാട് വീണ്ടും നിപ: രോഗം സ്ഥിരീകരിച്ചത് നേരത്തെ നിപ ബാധിച്ച് മരിച്ചയാളുടെ മകന്

സംസ്ഥാനത്ത് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. നേരത്തെ ഹൈറിസ്‌ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു. അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് 32കാരനായ മകനാണ് ഒപ്പമുണ്ടായിരുന്നത്.
പാലക്കാട് ജില്ലയിൽ ഇത് മൂന്നാമത്തെയാൾക്കാണ് നിപ ബാധിക്കുന്നത്. ജില്ലയിലാകെ 347 പേർ നിരീക്ഷണത്തിലാണ്. അതേസമയം ആദ്യം രോഗം സ്ഥിരീകരിച്ച യുവതി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.