എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസം ഐസി ബാലകൃഷ്ണൻ ഹാജരാകുക
കേസിൽ പ്രതികളായ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം വിട്ടയച്ചു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ഐസി ബാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ മറ്റൊരു ദിവസം നൽകിയത്. എംഎൽഎയുടെ കൂടി സൗകര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റമാണ് മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.