എന്‍എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന് എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു: അന്വേഷണത്തിന് ഇഡിയും രംഗത്ത്
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന് ജീവനൊടുക്കിയ സംഭവത്തില്‍ ഐസി ബാലകൃഷ്ണന് എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസില്‍ ഐ സി ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് ഇഡിയും രംഗത്തെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കേസിന്റെ രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് വയനാട്ടില്‍ സംഘര്‍ഷമുണ്ടായി. വയനാട് ചുള്ളിയോട് വച്ചാണ് ഐസി ബാലകൃഷ്ണനെ കരിങ്കൊടി കാട്ടിയത്.
എംഎല്‍എയുടെ ഗണ്മാന് സുദേശനും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ വിളവെടുപ്പ് പരിപാടിയുടെ ഉദ്ഘാടനത്തിനാണ് എംഎല്‍എ ഐസി ബാലകൃഷ്ണന് ചുള്ളിയോട് എത്തിയത്. ഇതിനിടയില്‍ ഡിവൈഎഫ്ഐ സിപിഐഎം പ്രവര്‍ത്തകര്‍ കരിംകൊടിയുമായി എത്തി. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.