ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്നാണ് ഇപ്പോള്‍ പറയുന്നത്; വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്‍ എം വിജയന്റെ കുടുംബം
ഇനി അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും മരുമകള്‍
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി കുടുംബം. ആത്മഹത്യക്ക് മുമ്പ് പിതാവ് എഴുതിയ കത്ത് വ്യാജമാണെന്നാണ് ഇപ്പോള്‍ വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ പറയുന്നതെന്നും അച്ഛന്റെ കത്തില്‍ പോലും വിശ്വാസമില്ലാത്ത അവരില്‍ നിന്ന് തങ്ങള്‍ എന്താണിനി പ്രതീക്ഷിക്കേണ്ടതെന്നും കുടുംബം ചോദിക്കുന്നു.
ആത്മഹത്യയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ എം വിജയന്റെ മരുമകള്‍ പത്മജ രംഗത്തെത്തി.
കത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. അച്ഛന്റെ കൈയ്യക്ഷരമല്ല എന്നൊക്കെ പറയുമ്പോള്‍ ഇനി അവരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. അന്വേഷണമുണ്ടായപ്പോള്‍ കൊടുക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് കത്ത് പോലീസിന് കൈമാറിയത്. കുടുംബം ആരോപിച്ചു.
കത്തിലെ ഉള്ളടക്കത്തിന് വ്യക്തതയില്ല, ഇതില്‍ പാര്‍ട്ടിയല്ല വ്യക്തികളാണ് എന്നായിരുന്നു സതീശന്റെ മറുപടി. ചെയ്യാം നോക്കാം എന്നൊക്കെയാണ് മറ്റുള്ളവരും പറഞ്ഞത്. എന്നാല്‍, പിന്നീട് മറുപടിയൊന്നും ഉണ്ടായില്ല. നേതാക്കള്‍ ഞങ്ങളെയൊന്ന് വിളിച്ച്, കൂടെയുണ്ടെന്ന് ഒരുവാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. ആ പ്രതീക്ഷ ഇല്ലാതായതോടെയാണ് മാധ്യമങ്ങള്‍ക്കും പോലീസ് മേധാവിക്കും കത്ത് കൈമാറിയത്. വയനാട്ടിലെ നേതാക്കളും തിരിഞ്ഞുനോക്കിയില്ല. അച്ഛന്‍ മരിച്ച ശേഷം ആരും വിളിക്കുക പോലും ചെയ്തില്ലെന്നും പത്മജ പറഞ്ഞു.
അതേസമയം, കത്ത് ആത്മഹത്യാ കുറിപ്പായി പരിഗണിക്കാനാകില്ലെന്നാണ് വയനാട്ടിലെ ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. മരണ ശേഷം താന്‍ കുടുംബത്തെ വിളിച്ചിരുന്നുവെന്നും കത്തില്‍ പറയുന്ന പണമിടപാട് കുറെ മുമ്പേ തീര്‍ത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.