എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ല; നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണുണ്ടായതെന്നും കലക്ടർ കണ്ടെത്തി. ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്. കലക്ടർ നാളെ റവന്യു മന്ത്രിക്ക് റിപ്പോർട്ട് നൽകും
സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കലക്ടറോട് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഭവത്തിൽ ആരോപണ വിധേയയായ പി പി ദിവ്യയെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. ദിവ്യക്കെതിരെ ആത്മഹത്യാപ്രേണക്കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി
അതേസമയം മുൻകൂർ ജാമ്യം തേടി പിപി ദിവ്യ കോടതിയെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദിവ്യ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.