
വാഷിംഗ്ടൺ: ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്. എബിസിയുടെ ‘ദിസ് വീക്ക്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹോവാർഡ് ലുട്‌നിക്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ചില ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ പ്രത്യേക താരിഫുകൾക്ക് കീഴിൽ വരുമെന്നാണ് ലുട്നിക് വ്യക്തമാക്കിയിരിക്കുന്നത്. സെമികണ്ടക്ടറുകൾക്കൊപ്പം ഒരു മാസത്തിനുള്ളിൽ ഏർപ്പെടുത്തിയേക്കാവുന്ന പ്രത്യേക നികുതിയ്‌ക്കൊപ്പം ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ വരുമെന്നാണ് ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കിയിക്കുന്നത്.
നേരത്തെ ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്തരം ഉൽപ്പന്നങ്ങളെ ഉയർന്ന താരിഫുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ചൈനീസ് ഇറക്കുമതിക്ക് 125% പരസ്പര താരിഫ് ഏർപ്പെടുത്തിയതിൽ നിന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഇളവുകൾ നൽകിയിരുന്നതായി റിപ്പോർട്ടുകൾ വന്നത്. വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും പണപ്പെരുപ്പ ആശങ്കകൾ ലഘൂകരിക്കുന്നതിനുമാണ് ഈ ഒഴിവാക്കലുകൾ ഉദ്ദേശിച്ചതെന്നായിരുന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ഒഴിവാക്കിയ ഉൽപ്പന്നങ്ങളിൽ സ്മാർട്ട്‌ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, പ്രോസസ്സറുകൾ, മെമ്മറി ചിപ്പുകൾ, സെമികണ്ടക്ടർ നിർമ്മാണ ഉപകരണങ്ങൾ എന്നിവയ്ക്കാണ് ഇളവ് നൽകിയതെന്നായിരുന്നു റിപ്പോർട്ട്. അമേരിക്കയിൽ വലിയതോതിൽ ഉൽപ്പാദിപ്പിക്കപ്പെടാത്തതും ആഭ്യന്തരമായി ഉദ്പാദനം ശക്തിപ്പെടുത്താൻ വർഷങ്ങളെടുക്കുന്നതുമാണ് ഈ ഉത്പന്നങ്ങൾ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ആപ്പിൾ, സാംസങ്, തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി തുടങ്ങിയ കമ്പനികൾക്ക് ഈ ഇളവ് ആശ്വാസകരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഇളവുകൾ താൽക്കാലിക ആശ്വാസം മാത്രമേ നൽകൂ എന്നും ചില പ്രത്യേക താരിഫുകൾ തിരശ്ശീലയ്ക്ക് പിന്നിൽ ഒരുങ്ങുന്നുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ആപ്പിൾ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില ആഗോള അടിസ്ഥാനത്തിൽ വർദ്ധിച്ചേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.