സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനിൽ വർധനവില്ല; കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് മന്ത്രി
![](https://metrojournalonline.com/wp-content/uploads/2024/08/pension-780x470.webp)
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ഒന്നുമില്ലാതെ സംസ്ഥാന ബജറ്റ്. സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. എന്നാൽ പെൻഷൻ തുക ഉയർത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല
രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി സർക്കാർ നൽകുന്നത്. ഇതിനായി 11,000 കോടിയിലധികമാണ് സർക്കാർ ചെലവാക്കുന്നത്. മൂന്ന് കുടിശ്ശികകൾ കൊടുത്തു തീർക്കാനുണ്ട്. അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്ന് മന്ത്രി അറിയിച്ചു
ക്ഷേമപെൻഷൻ തുക 2500 ആക്കി ഉയർത്തുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഇടതുപക്ഷ വാഗ്ദാനം. 100 അല്ലെങ്കിൽ 150 രൂപയെങ്കിലും ഇത്തവണ വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നിരാശയാണ് ഫലം