Kerala

എത്ര പറഞ്ഞാലും കേള്‍ക്കില്ല; പണം പോയിട്ട് ഇനി കൈമലര്‍ത്തിയിട്ട് കാര്യമില്ല; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സാമ്പത്തിക തട്ടിപ്പ്. ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇതിന് ഇരയാകുന്നുമുണ്ട്. ഇത്തരം തട്ടിപ്പില്‍ അകപ്പെടുന്ന മലയാളികളും ഏറെയാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലക്ഷക്കണക്കിന് പണമാണ് മലയാളികള്‍ക്ക് ഉള്‍പ്പെടെ സൈബര്‍ തട്ടിപ്പിലൂടെ നഷ്‌ടമായത്. ഒറ്റയടിക്ക് പണം സമ്പാദിക്കാമെന്ന വ്യാമോഹമാണ് തട്ടിപ്പിന് ഇരയാകുന്നതിന്‍റെ പ്രധാന കാരണം.

കുറച്ചു പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് കരുതി കണ്ണുമടച്ച് ഇത്തരം തട്ടിപ്പില്‍ ചെന്ന് ചാടരുതെന്ന മുന്നറിയിപ്പുമായി ഇപ്പോള്‍ കേരള പൊലീസും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്നും പൊലീസ്‌ വ്യക്തമാക്കുന്നു.

തട്ടിപ്പിന്‍റെ രീതി ഇങ്ങനെ

വിവിധ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു ആദ്യം വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു.

തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്.

തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും.

നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിൻവലിക്കാൻ സാധിക്കില്ല, തുക സ്‌ക്രീനില്‍ മാത്രം

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുകയെന്നും പൊലീസ് വ്യക്തമാക്കി.

എങ്ങനെയാണ് ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കുക?

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്‌ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

Related Articles

Back to top button
error: Content is protected !!