ഇനി കാത്തിരിപ്പില്ല; റിലയന്‍സും ഡിസ്‌നിയും ഒന്നിച്ചു; പട നയിക്കാന്‍ നിത അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വാള്‍ട്ട് ഡിസ്‌നിയും കമ്പനിയും ഒന്നിച്ചു. റിലയന്‍സിന്റെ മാധ്യമവിഭാഗമായ വയാകോം 18 നും വാള്‍ട്ട് ഡിസ്‌നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയുമാണ് ലയനകരാറില്‍ നേരത്തെ ഒപ്പുവെച്ചത്. വയാകോം 18 സ്റ്റാര്‍ ഇന്ത്യയില്‍ ലയനം പൂര്‍ത്തിയായിരിക്കുകയാണ്. ഡിസ്‌നിയുടെ കണ്ടന്റുകളുടെ ലൈസന്‍സ് ഇതോടെ സംയുക്തസംരംഭത്തിലേക്ക് എത്തി
https://x.com/RIL_Updates/status/1857044818515411098
11,500 കോടി രൂപയാണ് പുതിയ സംരംഭത്തിനായി ജിയോ മുതല്‍ മുടക്കിയത്. ഏകദേശം 70,353 കോടി രൂപയുടെ മൂല്യമാണ് ഈ സംരംഭത്തിനുള്ളത്. സംയുക്തസംരംഭത്തില്‍ റിലയന്‍സിന് 16.34 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും വിയാകോമിന് 46.82 ശതമാനവും ഓഹരികളാണുള്ളത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഈ സംയുക്ത സംരംഭത്തിന്റെ ചെയര്‍പേഴ്‌സണാകുക. വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍പേഴ്‌സണ്‍.
സ്റ്റാറിന്റെയും കളേഴ്‌സിന്റെയും സംയോജനം ആളുകള്‍ക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് റിലയന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ സംയുക്തസംരംഭം ഇന്ത്യയുടെ വിനോദ മേഖലയില്‍ പുത്തന്‍ നാഴികക്കല്ലാകും. 100ന് മുകളില്‍ ടിവി ചാനലുകളും 30,000ത്തിന് മുകളില്‍ മണിക്കൂര്‍ വിനോദ ഉള്ളടക്കങ്ങള്‍ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോ സിനിമ, ഹോട്‌സ്റ്റാര്‍ എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലും കൂടി ഏകദേശം 50 ദശലക്ഷത്തിലധികം വരിക്കാരാണുള്ളത്. കൂടാതെ ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങി കായിക മത്സരങ്ങളുടെ സംപ്രേഷണ അവകാശങ്ങളും ഈ സംയുക്തസംരംഭം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, വിയാകോം 18നുമായുള്ള ഡിസ്‌നി സ്റ്റാറിന്റെ ലയനത്തിന് പിന്നാലെ ഡിസ്‌നിയില്‍ നിന്ന് കെ മാധവന്‍ രാജിവെച്ചിരുന്നു. ഡിസ്‌നി സ്റ്റാര്‍ കണ്ട്രി മാനേജറും ഡിസ്‌നി സ്റ്റാര്‍ പ്രസിഡന്റുമായി മാധവനെ കൂടാതെ ഡിസ്‌നി പ്ലാസ് ഹോട്‌സ്റ്റാര്‍ ഇന്ത്യയുടെ മേധാവിയും മലയാളിയുമായ സജിത്ത് ശിവനന്ദനും രാജിവെച്ചതായാണ് വിവരം. ഇതിനിടെ ജിയോ സിനിമയുടെ ചീഫ് ബിസിനസ് ഓഫീസറായി ഇഷാന്‍ ചാറ്റര്‍ജിയെ നിയമിച്ചിരുന്നു.