Kerala

പി.വി അന്‍വറിനെ വേണ്ട; നിയമനടപടിക്കൊരുങ്ങി ഡിഎംകെ കേരളഘടകം: അന്‍വറിനെ തള്ളി തമിഴ്‌നാട് ഡിഎംകെ

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി DMK കേരളഘടകം. അന്‍വറിനെ ഡിഎംകെ കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ നൗഷാദ് വയനാട്,മൂന്നാര്‍ മോഹന്‍ദാസ്, ആസിഫ് എന്നിവര്‍ വ്യക്തമാക്കി. അന്‍വറുമായി പാര്‍ട്ടി നേതൃത്വം യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും
യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ പേരും, പതാകയും ദുരുപയോഗം ചെയ്യുന്നതായും പാര്‍ട്ടി പരാതി ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ തന്നെ സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ ഡിഎംകെ കേരള ഘടകത്തെ സമീപിച്ചെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്, അത്തരം ഒരു പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാട് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം അന്‍വര്‍ പ്രഖ്യാപിച്ചത്. ഇതൊരു രാഷട്രീയ പാര്‍ട്ടിയല്ല, സോഷ്യല്‍ മൂവ്മെന്റ് മാത്രമാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ ഡിഎംകെ എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുതുഗൈ എംഎം അബ്ദുള്ളയും നിഷേധിച്ചിരുന്നു. അന്‍വറും താനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുതുഗൈ അബ്ദുള്ള പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!