
വാഹനങ്ങള്‍ക്ക് അമിതമായ ശബ്ദം ലഭിക്കാന്‍ എക്‌സോസ്റ്റ് സംവിധാനം ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലു പ്രവാസികളെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. ശുവൈഖ് വ്യവസായ മേഖലയിലെ ഗ്യാരേജുകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശബ്ദം വര്‍ധിപ്പിക്കാന്‍ വേണ്ടി സൂക്ഷിച്ച 350ഓളം എക്‌സോസ്റ്റ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ഒന്നാം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റാണ് നടപടി സ്വീകരിച്ചത്. അമിതശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും താക്കീത് നല്‍കി.