ഞങ്ങളാരും ഇതുവരെ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല; അങ്ങനെയുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും: എംവി ഗോവിന്ദൻ

തങ്ങളാരും ഇതുവരെ ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കരുതെന്നാണ് പാർട്ടി നിലപാട്. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തെ ശക്തിയായി എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മദ്യപിക്കാനോ സിഗരറ്റ് വലിക്കാനോ പാടില്ലെന്ന ദാർശനിക ധാരണയിൽ നിന്നാണ് തങ്ങളെല്ലാവരും വന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബാലസംഘത്തിലും വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലുമൊക്കെ വച്ച് നടത്തുന്ന ആദ്യ പ്രതിജ്ഞ വ്യക്തിജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുമെന്നതാണ്. അഭിമാനത്തോടെയാണ് താനിത് ലോകത്തോട് പറയുന്നത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളാണ് കേരളത്തിലുള്ളത്. മദ്യപാനത്തെ ശക്തമായി എതിർക്കണം. അതൊരു സംഘടനാപരമായ പ്രശ്നമായി കണക്കാക്കി നടപടിയെടുത്ത് പുറത്താക്കണം. മുൻപ് തങ്ങൾ ആ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഉപയോഗത്തെ ശക്തിയായി എതിർക്കേണ്ടതുണ്ട് എന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാർട്ടിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ അത്തരത്തിലൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഇടപെടലുണ്ടാവണം. ഈ മുന്നേറ്റത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പങ്കുചേരണം. മയക്കുമരുന്നിൻ്റെ വ്യാപകമായ വിപണനവും ഉപഭോഗവും ലോകമെങ്ങും നടക്കുന്നുണ്ട്. അത് കേരളത്തിൽ സജീവമാകുന്നു എന്ന് സമീപദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ തെളിയിക്കുന്നു. ഇതിനെതിരെ കേരളത്തിൽ ജനകീയ മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് കൗമാരക്കാർക്കിടയിലുള്ള കുറ്റകൃത്യം വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിൽ പ്രതിഷേധവുമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും രംഗത്തുവന്നു. പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നാണ് കെഎസ്‌യുവിൻ്റെ നിലപാട്. കനത്ത സുരക്ഷയിലാണ് ഈ കുട്ടികൾ ഇന്ന് പരീക്ഷയെഴുതിയത്. കോപ്പി അടിച്ചവരെ പോലും പരീക്ഷയിൽ നിന്ന് മാറ്റിനിര്‍ത്തുമ്പോള്‍ കൊലപാതകികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് വിഷമമുണ്ടാക്കുന്നു എന്ന് ഷഹബാസിൻ്റെ പിതാവ് പ്രതികരിച്ചിരുന്നു. കൊലപാതകക്കേസിലെ പ്രതികൾക്ക് ജുവൈനൽ ഹോമിൽ തന്നെയാണ് പരീക്ഷയെഴുതാൻ അവസരമൊരുക്കിയത്