എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാനാകില്ലല്ലോ; പത്മകുമാറിന് മറുപടിയുമായി എകെ ബാലൻ

എ പത്മകുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. എന്തെങ്കിലും വിഷമതകളുണ്ടെങ്കിൽ അത് പുറത്ത് പ്രകടിപ്പിക്കേണ്ടതില്ല. കാരണം പാർട്ടി അങ്ങനെ ഏതെങ്കിലും രൂപത്തിൽ ഒരാളെ നശിപ്പിക്കുന്നതിന് ബോധപൂർവം ശ്രമിക്കുമെന്ന് താൻ തന്റെ അനുഭവം കൊണ്ട് കരുതുന്നില്ലെന്ന് എകെ ബാലൻ പറഞ്ഞു
സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാതിരിക്കുകയും വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തതിന് പിന്നാലെ പത്മകുമാർ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇന്ന് രാവിലെയും തന്നെ തഴഞ്ഞതാണെന്ന നിലപാട് പത്മകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചിരുന്നു
എല്ലാ ആൾക്കാരെയും സംസ്ഥാന സമിതിയിൽ എടുക്കാൻ ആകില്ലല്ലോ. 87 പേരാണ് സംസ്ഥാന കമ്മിറ്റിയിൽ. 17 പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ. അഞ്ചര ലക്ഷം പാർട്ടി അംഗങ്ങളുണ്ട്. അതാത് കാലഘട്ടത്തിൽ പാർട്ടിക്ക് സംഭാവന ചെയ്യാൻ പറ്റുന്ന ആളുകളെ തെരഞ്ഞെടുക്കുന്നു എന്നും ബാലൻ പറഞ്ഞു.