തനുഗാത്രി: PART 21

തനുഗാത്രി: PART 21

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: PART 21

അധികം വൈകാതെ തന്നെ കണ്ണനും ശ്രീയും ജഡ്ജിയുടെ വീട്ടിലെത്തി… കാറിൽ നിന്നും പുറത്തിറങ്ങിയതും അനു അവരുടെ മുന്നിലേക്ക് ഓടി വന്നു..

“ഹാ… ഇതെവിടെയടിരുന്നു… ഞാൻ കാത്തിരുന്നു മടുത്തു..വാ.. എന്റെ അച്ഛനേയും അമ്മയെയും പരിചയപ്പെടുത്തി തരാം.. ”

അവൾ തനുവിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…

തനു കണ്ണനെ നോക്കി അനുവിന്റെ കൂടെ പൊയ്ക്കോട്ടേ എന്ന ഭാവത്തിൽ തലയനക്കി, അവനും അതിന് സമ്മതമെന്നോണം തലയാട്ടി.. ശേഷം കാർത്തിക്കിനെ തിരഞ്ഞു നടന്നു..

“അമ്മേ… ഇതാണ് തനുശ്രീ… കണ്ണേട്ടന്റെ.. ”

അമ്മയും അച്ഛനും ഇരിക്കുന്ന ടേബിളിനരികിൽ തനുവിനെ ചേർത്ത് പിടിച്ചുകൊണ്ട് അനു പുഞ്ചിരിയോടെ പറഞ്ഞു..

“ആഹ്…. വാ മോളെ ഇരിക്ക്.. ”

ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു..

“തനു.. ഇത് എന്റെ അച്ഛൻ അശോക് കുമാർ.. അഡ്വക്കേറ്റാണ്.. ഇത് അമ്മ ലക്ഷ്മി… ഹൗസ് വൈഫ്‌… ”

തനു ഇരുവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അല്പം ചമ്മലോടെ കസേരയിലേക്ക് ഇരുന്നു..

“തനു… നീ ഭാഗ്യം ചെയ്ത കുട്ടിയാ… കണ്ണനെപ്പോലൊരു വലിയ വക്കീൽ… ”

“അല്ല കണ്ണനെവിടെ…? ”

ലക്ഷ്മി പറഞ്ഞു തുടങ്ങിയതും അശോക് ഇടയിൽ കയറി.. ശേഷം ലക്ഷ്മിയെ കണ്ണുകൊണ്ടു അരുത് എന്ന അർത്ഥത്തിൽ കണ്ണിറുക്കി..

“ഇവിടെ ഉണ്ടായിരുന്നു… ”

തനു പറഞ്ഞുകൊണ്ട് കണ്ണനെ തിരഞ്ഞു.. കണ്ണൻ ഒരാൾക്കൂട്ടത്തിനിടയിൽ പുഞ്ചിരിച്ചു നിൽക്കുകയാണ്… മറ്റുള്ളവരോട് വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും കണ്ണന്റെ ശ്രദ്ധ മുഴുവൻ തനുവിൽ തന്നെ ആയിരുന്നു…

“ഡാ… നിന്നെ നാരായണൻ സാർ വിളിക്കുന്നുണ്ട്… ”

കാർത്തിക്ക് അവന്റെ അടുത്ത് വന്നു പറഞ്ഞു…

“ഉം… ”

അവൻ കാർത്തിക്കിന് പിന്നാലെ നടന്നു..

“ആഹ്ഹ്… കണ്ണാ….. എന്താടോ സുഖമല്ലേ… ”

നാരായണൻ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..

“അതെ സാർ..”

“സാറോ… ഞാനിപ്പഴും നിന്റെ അച്ഛന്റെ പഴയ കൂട്ടുക്കാരൻ തന്നെയാ.. നീ എന്നെ സാധാരണ വിളിക്കുന്നത് തന്നെ വിളിച്ചാമതി..”

“ശരി അങ്കിൾ.. ”

“ഉം.. പിന്നെ എന്തായി ആ എം എൽ എ യുടെ കേസ്… എപ്പോഴത്തേക്ക വിധി.. ”

“ഈ മാസം തന്നെ ഉണ്ടാകും.. ”

“സൂക്ഷിക്കണം…. കേട്ടത് വെച്ച് അവൻ നിസാരക്കാരനല്ല… എന്തും ചെയ്യാൻ മടിക്കാത്തവൻ.. ”

“അറിയാം അങ്കിൾ… നിയമത്തെ പേടിയില്ലാത്തവരെ അതെ നിയമം കൊണ്ട് തന്നെ ഭയപ്പെടുത്തണം… നീതിക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്… ”

കണ്ണൻ ഗൗരവത്തോടെ പറഞ്ഞു…

“നിന്റെ അച്ഛനും ഇത് പോലെ ആയിരുന്നു… എല്ലാം ഒരു വാശിയോടെ മാത്രമേ കണ്ടിട്ടുള്ളു.. പക്ഷെ കണ്ണാ…. നീ അച്ഛനെ പോലെ എടുത്ത് ചാടരുത്… ഞാൻ പറയാതെ തന്നെ എല്ലാം മനസ്സിലാക്കാനുള്ള കഴിവും പ്രാപ്തിയും ഇപ്പൊ നിനക്കുണ്ട്.. എങ്കിലും ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് പറയുകയാ…. ഈ കേസിൽ നിന്ന് ഒഴിവായിക്കൂടെ… ”

“ഇല്ല അങ്കിൾ… ഞാൻ ഒരുപാട് ചിന്തിച്ചിട്ട് തന്നെയാണ് ഈ കേസ് ഏറ്റെടുത്തിട്ടുള്ളത്… ഇനിയൊരു പിന്മാറ്റം പ്രയാസമാണ്.. ”

“ആഹ്ഹ്… ഞാൻ പറഞ്ഞന്നേ ഉള്ളു… അമ്മയ്ക്ക് സുഖമല്ലേ… പിന്നെ എവിടെ നിന്റെ ഭാര്യ… ”

“അമ്മ സുഖമായി ഇരിക്കുന്നു… ”

ശേഷം അവൻ തനുവിനെ വിളിച്ചു.. ജഡ്ജിക്ക് വേണ്ടി വാങ്ങിയ നീതി ദേവതയുടെ പ്രതിമയുമായി അവൾ ചിരിച്ചുകൊണ്ട് അവർക്കരിലേക്ക് നടന്നു..

“അങ്കിൾ.. ഇത് തനു…. തനു…. ഇത് നാരായണൻ അങ്കിൾ… പുതിയ ജഡ്ജി.. ”

തനു പുഞ്ചിരി കൈവിടാതെ സമ്മാനം അദ്ദേഹത്തിന് നേരെ നീട്ടി..

“തനു… നല്ല പേര്… എന്തായാലും നിനക്ക് ചേർന്ന ജോഡി തന്നെ.”

നാരായണൻ അവളെ നോക്കി ചിരിച്ചു… സ്നേഹം സംഭാഷങ്ങൾക്ക് ശേഷം അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു.

“കണ്ണാ… ”

കാർത്തിക്ക് അവനരികിലേക്ക് വന്നു.. തനു അനുവുമായി നർമ്മസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുകയാണ്..

“എന്താടാ… ”

“നീ തനുവിനേയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ.. പാർട്ടി കഴിയാനൊന്നും നിൽക്കണ്ട.. ”

“എന്താടാ… ”

“എം. എൽ. എ വരുന്നുണ്ട്.. ”

“ആര് സദാശിവനോ.. ”

“അതെ.. നീ ഇവിടെ നിൽക്കണ്ട… ”

“അതിന് ഞാനെന്തിനാടാ.. പേടിച്ചു ഓടുന്നത്… ”

“കണ്ണാ…ഞാനൊന്ന് പറയുന്നത് കേൾക്ക്.. അയാൾക്ക് ഇതുവരെ തനു ആരാണെന്ന് അറിയില്ല… നീയായിട്ട് വെറുതെ അവളെ….. പ്ലീസ്… നീ അവളേം കൂട്ടി പോ… ”

കണ്ണൻ അല്പനേരം ആലോചനയിൽ മുഴുകി..

“ശരി… അവനെ ഭയന്നിട്ടൊന്നുമല്ല… എന്റെ ശ്രീക്കുട്ടിക്ക് വേണ്ടി മാത്രമാണ്.. ”

“ശരി.. സമ്മതിച്ചു… ദാ എന്റെ ജിപ്സി കൊണ്ട് പോയ്‌ക്കോ… ”

“അപ്പൊ കാറോ.”

“നീ ഇപ്പൊ ആ കാറിൽ പോകുന്നത് അപകടമാണ്.. ”

കാർത്തിക്ക് തന്റെ ജിപ്സിയുടെ കീ കണ്ണന് നേരെ നീട്ടി.. കണ്ണൻ സംശയത്തോടെ കാർത്തിയെ നോക്കി..

“കാർത്തി… എന്താ പ്രശ്നം…”

കാർത്തിയുടെ മുഖത്തെ ഭയം അപ്പോഴാണ് കണ്ണൻ ശ്രദ്ധിക്കുന്നത്.

“നീ പോ….”

“ഇല്ല.. നീ കാര്യം പറ..”

“നിന്റെയും തനുവിന്റെയും ജീവൻ അപകടത്തിലാണ്… നീ കാറിലാണ് വന്നിരിക്കുന്നത് എന്നറിഞ്ഞ്.. നിങ്ങളെ കൊല്ലാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്…
വീടിന്റെ പിന്നിൽ എന്റെ വണ്ടിയുണ്ട്… അയാൾ വരുന്നതിന് മുൻപ് നീ വിട്ടോ.. ”

കണ്ണന്റെ കണ്ണുകളിൽ കോപം കത്തിയെരിഞ്ഞു…

“കണ്ണാ ചിന്തിച്ചു നിൽക്കാനുള്ള സമയമല്ല…”

കാർത്തി ഉന്തി തള്ളി കണ്ണനെയും തനുവിനേയും പറഞ്ഞയച്ചു..

“എന്താ.. ഇത്ര പെട്ടെന്ന് മടങ്ങിയേ… എനിക്ക് അനുവിനോട് സംസാരിച്ച് മതിയായില്ല..”

മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിൽ ഇരുന്നുകൊണ്ട് തനു കണ്ണനോട് ചോദിച്ചു…

കണ്ണന്റെ മനസിൽ അപ്പോൾ ദേഷ്യവും വാശിയും മാത്രമായിരുന്നു..

“എന്താ ഒന്നും മിണ്ടാത്തെ…”

അവൾ വീണ്ടും ചോദിച്ചു..

“തനു ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ… ”

കടുപ്പിച്ചുള്ള അവന്റെ ആ വാക്കുകൾ അവളുടെ കണ്ണുകൾ നിറച്ചു.. അത് കണ്ടതും അവൻ സ്വബോധത്തിലേക്ക് വന്നു… അവളോട്‌ അങ്ങനെ പെരുമാറിയതിൽ അവന് വിഷമം തോന്നി.അവൻ വണ്ടി ഒരു മരത്തിനടിയിൽ നിർത്തി..

“ശ്രീ… സോറി… ഞാൻ വേറൊന്തോ ആലോചിച്ചു പറഞ്ഞതാണ്… സോറി…”

കൂമ്പൊടിഞ്ഞ താമരപോലെ വാടി നിന്ന അവുളുടെ മുഖം കയ്യിൽ കോരിയെടുത്തുകൊണ്ട് അവൻ പറഞ്ഞു..

“വേണ്ട… ഞാനൊന്നും മിണ്ടുന്നില്ല.. പോരെ..”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

“ഹേയ്.. ശ്രീക്കുട്ടി… എന്റെ മുത്തല്ലേ… പ്ലീസ്… ഒന്ന് ചിരിക്ക്….”

“വേണ്ട… എനിക്കൊന്നും കേൾക്കണ്ട..സത്യമായിട്ടും എനിക്ക് സണ്ണിയെ മനസ്സിലാകുന്നില്ല…സ്നേഹമാണോ അതൊ എന്നോട് ദേഷ്യമാണോ… ഒന്നും… എനിക്ക് മനസ്സിലാകുന്നില്ല… ”

അവൾ ഏങ്ങികൊണ്ട് പറഞ്ഞു..

“ശ്രീക്കുട്ടി…പ്ലീസ്….. ഈ ലോകത്തിൽ എന്റെ അമ്മയോടൊപ്പം മറ്റാരെയെങ്കിലും ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നിന്നെയാ… ”

“പിന്നെ എന്തിനാ എന്നോട് ചൂടാവുന്നത്… ”

“ഞാൻ മനപ്പൂർവം ചൂടാവുന്നതല്ല… ടെൻഷൻ വരുമ്പോൾ….. ”

അവൻ നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു..

“എന്ത്‌ ടെൻഷൻ… ”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു..

“അത്…. അത് നിനക്ക് മനസ്സിലാവില്ല… ”

“ഒരു കൃഷിക്കാരന്റെ ടെൻഷനൊക്കെ എനിക്ക് മനസ്സിലാവും.. ”

പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവൾ ചോദിച്ചെങ്കിലും അവളുടെ നെഞ്ചിടിപ്പ് കൂടി… എങ്കിലും അവനിപ്പോൾ തന്റെ ഭർത്താവാണ് എന്ന ബോധം അവളെ ആശ്വസിപ്പിച്ചു..

“ശ്രീ… പ്ലീസ്.. ”

“ഇല്ല… എനിക്കറിയണം… സത്യത്തിൽ സണ്ണി ആരാ… എന്തിനാ ഇത്രയ്ക്ക് ടെൻഷൻ… എന്നെ എന്തിനാ ഇങ്ങനെ കെയർ ചെയ്യുന്നത്… സണ്ണി ആരെയാ പേടിക്കുന്നത്… ”

പെട്ടെന്ന് അവളുടെ വായിൽ നിന്ന് വന്ന ഉറച്ച ചോദ്യങ്ങൾ കേട്ട് അവനൊന്നു അമ്പരന്നു..

“ശ്രീ… ”

“പറ… എന്തിനാ ഇത്ര തിരക്ക് പിടിച്ച് അവിടെ നിന്ന് തിരിച്ചു വരുന്നത്… കാർത്തിയേട്ടൻ എന്താ പറഞ്ഞത്… ”

കണ്ണൻ എന്ത്‌ പറയണമെന്ന് അറിയാതെ പകച്ചു…

“അനുവിനോട് സംസാരിച്ചു കൊണ്ടിരിന്നപ്പോഴും ഞാൻ സണ്ണിയെ തന്നെ ശ്രദ്ധിക്കുവായിരുന്നു… രാവിലെ കണ്ട സന്തോഷം ഇപ്പൊ സണ്ണിയുടെ മുഖത്തില്ല… എന്റെ ജീവിതത്തിൽ എന്നെ ഇത്രയും ആരും കെയർ ചെയ്തിട്ടില്ല… എന്റെ അച്ഛൻ പോലും.. സണ്ണി ആരെയാ പേടിക്കുന്നത്… സണ്ണി എന്നിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ട്…. ”

അവളുടെ ചുണ്ടുകൾ ധൈര്യത്തോടെ ചോദിച്ചെങ്കിലും അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നു..

“ശ്രീ… നീ കരുതിയത് പോലെ… ഞാനൊരു കർഷകൻ മാത്രമല്ല… ”

“പിന്നെ.. ”

അവളുടെ കണ്ണുകൾ ആകാംഷയോടെ വിടർന്നു..

“ഞാനൊരു അഡ്വക്കേറ്റാണ്.. ”

അവൾ അമ്പരപ്പോടെ അവനെ നോക്കി..

“നിന്റെ ഭയപ്പെടേണ്ട എന്ന് കരുതിയാണ് ഞാൻ ഒന്നും പറയാതിരുന്നത്.. ”

“ഇതിന് എന്തിനാ ഭയപ്പെടുന്നത്.. എനിക്ക് സന്തോഷമേ ഉള്ളൂ… അനുവിന്റെ അമ്മ അതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയതാണ്..പക്ഷെ അനുവിന്റെ അച്ഛൻ വിഷയം മാറ്റി…”

നനവ് പടർന്ന കൺതടങ്ങൾക്ക് മുകളിലൂടെ ഒരു ചിരി വിടർന്നു..

“എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ കഴിയില്ല ശ്രീ… ഞാൻ ഇത് വരെ ആരെയും ഭയന്നു ഓടിയിട്ടില്ല… പക്ഷെ ഇന്ന് അത് സംഭവിച്ചു… നിനക്ക് വേണ്ടി… എനിക്ക് ഒളിക്കേണ്ടി വന്നു… ”

“എന്തിന്… ”

അവൾ സംശയത്തോടെ ചോദിച്ചു..

“നിന്നോട് സ്നേഹമില്ലാഞ്ഞിട്ടോ ദേഷ്യം ഉള്ളത് കൊണ്ടോ അല്ല.. നിന്നോട് ഞാൻ കയർത്ത് സംസാരിക്കുന്നത്… ഇനി നിന്നോടൊന്നും ഞാൻ മറച്ചു വയ്ക്കുന്നില്ല…”

കണ്ണൻ പറഞ്ഞു തുടങ്ങി…

“രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഞാൻ നിന്റെ അച്ഛനെ പരിചയപ്പെടുന്നത്… സ്വത്തുക്കൾ മകളുടെ പേരിലാക്കാൻ വന്ന ഒരു സാധാരണ അച്ഛൻ… പിന്നീട് പലപ്പോഴും പല സ്ഥലങ്ങളിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി… ഒരു ബിസ്നെസ്സ് മാൻ എന്നതിനേക്കാൾ നല്ലൊരു സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്നു നിന്റെ അച്ഛൻ.. നിന്റെ അച്ഛനിൽ നിന്നാണ് എം.എൽ.എ സദാശിവന്റെ ഇല്ലീഗൽ ആക്റ്റിവിറ്റീസിനെ കുറിച്ച് ഞാൻ അറിയുന്നത്. ശേഷം കാർത്തിക്കിൻ്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ആ കേസ് ഇപ്പോൾ കോർട്ടിൽ നടന്നു കൊണ്ടിരിക്കുകയാണ്… ഞാനാണ് അത് വാദിക്കുന്നത്… ചുറ്റും ശത്രുക്കളാണ് ശ്രീ.. എന്നെ ഈ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ അവർ നിന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമാണെനിക്ക്..”

തനു കണ്ണന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

“സ്വത്തുക്കൾക്ക് വേണ്ടി നിന്റെ ബന്ധുക്കൾ തന്നെയാണ് നിന്റെ അച്ഛനെ…. ”

കണ്ണൻ ഒന്ന് നിർത്തിയതിന് ശേഷം വീണ്ടും തുടർന്നു..

“നിന്നെ എന്റെ കയ്യിൽ ഏൽപ്പിക്കുന്നതിന് മുൻപ് അദ്ദേഹം ഒന്ന് കൂടി പറഞ്ഞിരുന്നു… കൂടപ്പിറപ്പുകൾ ചെയ്ത ചതിയാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം അവരെ വെറുതെ വിട്ടു… അദ്ദേഹത്തിന്റെ മരണത്തിനു പിന്നിൽ അവരാണെന്ന സത്യം പുറംലോകം അറിയരുതെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു… അത് കൊണ്ട് മാത്രമാണ് അവർ ഇന്ന് സ്വാതന്ത്രരായി നടക്കുന്നത്..”

കണ്ണൻ ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ഇടിച്ചു.. ശേഷം തുടർന്നു..

“ആ വലിയ മനുഷ്യൻ ഏൽപ്പിച്ച വലിയ ധൗത്യം എനിക്ക് ചെയ്തു തീർക്കണം… ശ്രീ…. ഈ കേസ് കഴിയുന്നത് വരെ… നിന്നിൽ നിന്ന് അകന്ന് നിൽക്കാനേ എനിക്കിപ്പോ കഴിയൂ…”

കണ്ണൻ പറഞ്ഞു തീർന്നതും തനു കരഞ്ഞു തുടങ്ങി…

“ഇതാണ്… ഞാൻ നിന്നോടൊന്നും പറയാതിരുന്നത്…. ”

അവൻ അവളെ ചേർത്ത് പിടിച്ച്… അവൾ അവന്റെ മാറിൽ മുഖമാഴ്ത്തികൊണ്ട് പൊട്ടിക്കരഞ്ഞു…

“ഇല്ല…സണ്ണി… ഇനി ഞാൻ കരയില്ല… എന്റെ അച്ഛൻ… ധൈര്യമുള്ള ഭർത്താവ്…. ഇനി ഞാൻ കരയില്ല..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു… അവളുടെ നെറുകയിൽ സ്നേഹചുംബനം നൽകി കൊണ്ട് അവൻ വണ്ടി മുന്നോട്ട് നീക്കി… ഹോസ്റ്റലിന്റെ മുന്നിൽ എത്തിയതും അവൾ സംശയത്തോടെ അവനെ നോക്കി..

“എന്റെ കൂടെ നിൽക്കുന്നതിനേക്കാൾ ഇവിടെയാണ് നീ കൂടുതൽ സേഫ്…പോയി കിടന്നോ… ഞാൻ രാവിലെ വരാം… ”

തനു തലയാട്ടികൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി.

“പിന്നെ.. ഇതൊന്നും അമ്മോയോട് പറയണ്ട…”

അവന്റെ വാക്കുകൾക്ക് വരണ്ട പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ മുറിയിലേക്ക് നടന്നു.

കണ്ണൻ വക്കീലാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.. പക്ഷെ അച്ഛനും സണ്ണിയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല…എന്റെ അച്ഛന്റെ വാക്കിനെ അവൻ ബഹുമാനിക്കുന്നു… അതെ അച്ഛന്റെ മകൾക്ക് വേണ്ടി അവൻ വേദനിക്കുകയാണ്.. ഇല്ല സണ്ണി ഞാൻ കാരണം നീ തളരരുത്… നിന്നെ പോലെ ധീരനായ ഒരാളുടെ ഭാര്യയാണ് ഞാൻ എന്നതിൽ എനിക്കിപ്പോൾ അഭിമാനം തോന്നുന്നു… നിന്റെ ഭാര്യ ഒരിക്കലും ഒന്നിനും ഭയപ്പെട്ടുകൂടാ…. നിന്റെ പ്രശ്നങ്ങൾ എല്ലാം ഞാൻ തന്നെ തീർത്തു തരാം… അവൾ മനസിൽ എന്തോ ഉറപ്പിച്ച ശേഷം ഉറക്കത്തിലേക്ക് വഴുതിവീണു..

അടുത്ത ദിവസം രാവിലെ തന്നെ കണ്ണൻ ഹോസ്റ്റലിലേക്ക് ചെന്നു..

“സാർ… തനു രാവിലെ തന്നെ സാറിനെ കാണാനാണെന്ന് പറഞ്ഞ് ഇറങ്ങിയല്ലോ..”

ഹോസ്റ്റൽ വാർഡന്റെ വാക്കുകൾ കേട്ട് കണ്ണൻ ഞെട്ടി… അവൻ അക്ഷമയോടെ തനുവിന്റെ ഫോണിലേക്ക് വിളിച്ചു..

സ്വിച്ച് ഓഫ്‌.. എന്ന് കേട്ടപ്പോൾ അവന്റെ നെഞ്ചൊന്ന് പാളി… കാർത്തിക്കിന്റെ നമ്പറിലേക്ക് വിളിക്കാൻ ഒരുങ്ങിയതും വിവേകിന്റെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞു..

“ഹലോ… സാർ..”

“ആഹ്.. വിവേക് പറ..”

“സാർ… തനു.. എം.എൽ.എ സദാശിവന്റെ വീടിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു…”

വിവേകിന്റെ വാക്കുകൾ കേട്ടതും കണ്ണന്റെ നെഞ്ചിടിപ്പ് കൂടി… കൂടുതലൊന്നും പറയാതെ കണ്ണൻ ഫോൺ കട്ട് ചെയ്ത് കൊണ്ട് സദാശിവന്റെ വീട്ടിലേക്ക് വണ്ടി തിരിച്ചു..

തുടരും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 12

തനുഗാത്രി: ഭാഗം 13

തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 15

തനുഗാത്രി: ഭാഗം 16

തനുഗാത്രി: ഭാഗം 17

തനുഗാത്രി: ഭാഗം 18

തനുഗാത്രി: ഭാഗം 19

തനുഗാത്രി: ഭാഗം 20

Share this story