മിഴി നിറയും മുമ്പേ: ഭാഗം 14

മിഴി നിറയും മുമ്പേ: ഭാഗം 14

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ

മോളേ..
ഈ ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ചെയ്തു പോകുന്നത് നമ്മുടെ വീട്ടിലേക്ക് ആവുന്നതിൽ മോൾക്ക്‌ സമ്മതമാണോന്ന്…..
കൃഷ്ണയുടെ കയ്യിലെ പിടുത്തം ഒന്ന് അയച്ചു കൊണ്ട് പ്രമീള വീണ്ടും ചോദിച്ചു…

അമ്മേ…
കൈ മുറുക്കി പിടിച്ച്
കൃഷ്ണ പതിയെ വിളിച്ചു അവളുടെ ശബ്ദം വളരെ നേർത്തിരുന്നു അപ്പോൾ..
ഇനിയും ഞാനായിട്ട് ജഗന് ഒരു പ്രശ്നം വേണോ അമ്മേ…
എനിക്ക് അതൊന്നും കേൾക്കണ്ട…
മോൾക്ക്‌ സമ്മതമാണോ അല്ലയോ…

ഞാൻ എങ്ങനെ പറയും അമ്മേ സമ്മതമല്ലയെന്ന്..
അതും എന്നെ ജീവനായി ഇന്നും കൊണ്ട് നടക്കുന്ന ഈ മുഖത്ത് നോക്കി.. ജഗനെ നോക്കി കൊണ്ടായിരുന്നു കൃഷ്ണയുടെ മറുപടി…

കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു കൃഷ്ണയുടെ….
അമ്മേ….
അറിയാലോ… ഈ കിടപ്പ് ഇനി ആറു മാസം കിടക്കണം ഞാൻ…
പരസഹായം ഇല്ലാതെ എനിക്കിനി കഴിയില്ല..
ആ എന്നെ എങ്ങനെ അമ്മേ…
പാതിയിൽ നിർത്തി കൃഷ്ണ..

പ്രമീള ജഗനെ നോക്കി..
പോയി ബിൽ സെറ്റിൽഡ് ചെയ്തിട്ട് വാടാ….
മോളും വരുന്നുണ്ട് നമ്മുടെ കൂടെ..
കൃഷ്ണയുടെ നെറ്റിയിൽ തലോടി കൊണ്ട് പ്രമീള പറഞ്ഞു..

അമ്മേ…
കൃഷ്ണ വിളിച്ചു…
മോള് ഇനി ഇങ്ങോട്ട് ഒന്നും പറയണ്ടാ..
ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…
വിവാഹം നടത്താൻ ഈ ചിങ്ങത്തിനേക്കാൾ മികച്ച മാസമില്ല..

എന്നാലും അമ്മേ…
എടുത്തു ചാടി വേണോ എല്ലാം…
കൃഷ്ണ ചോദിച്ചു..
കുറച്ചു പകപ്പ് ഉണ്ടായിരുന്നു ആ ശബ്ദത്തിൽ..

ആരു പറഞ്ഞു എടുത്തു ചാടി ആണെന്ന്…
ഇന്നലെ രാത്രി ഞാൻ ഒരുപോള കണ്ണടച്ചിട്ടില്ല..
അത് അറിയോ മോൾക്ക്‌…
പറയുമ്പോൾ പ്രമീളയുടെ ശബ്ദം വളരെ നേർത്തിരുന്നു..
മുടിയിൽ തഴുകി അവളെ വാത്സല്യത്തോടെ നോക്കി പ്രമീള…

മോളേ എന്നേ പോലുള്ള ഒരാൾ ഒരു രാത്രി മുഴുവൻ ആലോചിച്ചു കൂട്ടിയും കിഴിച്ചും എടുത്ത ആ തീരുമാനം തെറ്റായിരുന്നു എന്ന് കാലം തെളിയിക്കാതിരുന്നാൽ മാത്രം മതി..
ഞാൻ മനസാ ആഗ്രഹിച്ചതൊന്നും തെറ്റായി വന്നു ഭവിച്ചട്ടില്ല..
ഇതും അങ്ങനെ ആവും…
ആവണം…
ആക്കും ഞാൻ..
ഉറച്ചതായിരുന്നു പ്രമീളയുടെ വാക്കുകൾ…

നീ പോയില്ലേ ഡാ..
ജഗനെ നോക്കി പ്രമീള പറഞ്ഞു…
അല്ല നിനക്ക് ഇനി ബുദ്ധിമുട്ട് ഉണ്ടോ..
മോളേ കൂടെ കൂട്ടാൻ…

ജഗൻ ശരിക്കും ഞെട്ടി നിൽക്കുകയാണ് പ്രമീളയുടെ പെരുമാറ്റം കണ്ട്…
ഒരിക്കലും അമ്മ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല..

നീ ന്താടാ പന്തം കണ്ട പെരുച്ചാഴിയുടെ പോലെ നിക്കുന്നത്…
ജഗൻ പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്തു….

ന്താ ന്ന്…

എടാ ചെക്കാ..
വേണേൽ ഇപ്പൊ കൂടെ കൂട്ടിക്കോ ഇനി പിന്നത്തേക്ക് വെക്കേണ്ട ന്ന് ഒന്നും…
പറഞ്ഞത് നിനക്ക് മനസ്സിലായോ..
ജഗനെ നോക്കി ചിരിച്ചു കൊണ്ടായിരുന്നു പ്രമീളയുടെ സംസാരം..

കൂടെ കൂട്ടുന്നോ..

കൂട്ടാം…
പെട്ടെന്ന് ജഗൻ മറുപടി കൊടുത്തു..

ആ പയ്യൻ റെഡി…
ഇനി പെണ്ണ് പറ..
പോരുന്നോ… ന്റെ വീട്ടിലേക്കു ന്റെ മോന്റെ പാതിയായി..

കൃഷ്ണ ഒന്ന് പരുങ്ങി..
ജഗനെ നോക്കി..
ജഗന്റെ ഭാവം കണ്ട കൃഷ്ണയുടെ ഉള്ളിൽ ചിരി വന്നു എങ്കിലും സാഹചര്യം അവളെ ചിരിക്കാൻ അനുവദിച്ചില്ല..
തല ചെരിച്ചു ശ്യാമയെ നോക്കി..
ശ്യാമ അവളെ നോക്കി ചിരിച്ചു..

സമ്മതമാണ് എന്ന് പറഞ്ഞോളൂ എന്ന് ആ മനസ് അവളോട് പറയുന്നതായി തോന്നി കൃഷ്ണക്ക്..
കൃഷ്ണ കണ്ണുകൾ ഇറുക്കി അടച്ചു…

മോളേ…
നെറ്റിയിൽ തലോടി ശ്യാമ വിളിച്ചു…
ഇത്രയും കാലം നമ്മൾ അനുഭവിച്ചു..
ഇനി അത് വേണ്ട…
മോൾക്ക്‌ വേണം ഒരു ജീവിതം…
അതും മോൾടെ ഇഷ്ടമുള്ള ആളിനൊപ്പം ആവണം..
ആളുകൾക്കു ഒപ്പം ആവണം…
അമ്മ, കാവേരി, ജഗൻ…
കൂടെ കൂടിക്കോ മോളേ നീയും..
വാക്കുകൾ ഉള്ളിലേക്ക് അഗ്നിയായി പൊള്ളി ഇറങ്ങുന്നത് പോലെ തോന്നി കൃഷ്ണക്ക്…
ഉള്ളു പൊള്ളുന്ന ചൂടുണ്ടെങ്കിലും ആ ചൂടിന്റെ സുഖം കൃഷ്ണ അറിയുന്ന ആ നിമിഷം…
അവൾ ഒന്ന് തേങ്ങി…
ആ തേങ്ങൽ ഒരു ഏങ്ങി കരച്ചിലായി അവളുടെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നു…

ഏടത്തി…
കണ്ണുകൾ പതിയെ തുറന്നു ആ കരച്ചിലിനൊടുവിൽ അവൾ വിളിച്ചു…

നോവായി പോകുന്ന പല ഓർമകളും നൽകി കടന്നു പോയ ഒരുപാട് രാത്രികൾ ഉണ്ടായിരുന്നു നമുക്ക്…
ഉറക്കം വരാതെ മറഞ്ഞും തിരിഞ്ഞും കിടന്ന എന്നേ മാറോട് ചേർത്തുറക്കുമ്പോൾ അറിഞ്ഞിരുന്നു ഞാൻ പാതിയിൽ എല്ലാം നിർത്തി എല്ലാം ഉപേക്ഷിച്ചു അങ്ങ് ദൈവത്തിന്റെ അടുത്തേക്ക് പോയ അച്ഛനെയും അമ്മയെയും…
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നഷ്ടമായതാ എനിക്കന്ന് അച്ഛനെയും അമ്മയെയും..
വർഷങ്ങൾ വളരെ കുറച്ചയുള്ളു അവരുടെ വേർപാടെങ്കിലും കൂടെ ചേർത്ത് പിടിച്ച ഈ കരത്തിന്റെ സുരക്ഷിതത്വം ഞാൻ അറിഞ്ഞു പോയ നിമിഷങ്ങളായിരുന്നു പിന്നീട് കൂടെ ഉണ്ടായ നിമിഷങ്ങൾ..
മുന്നേ ഉണ്ടായിരുന്നില്ല എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം…
പക്ഷെ കണ്ണില്ലാത്തപ്പോൾ കണ്ണിന്റെ മഹത്വം അറിയാം എന്നുള്ളതിനെ തിരുത്തി..
ആ കണ്ണുകൾ നഷ്ടപ്പെടുത്താതെ കരുതലായി…
കാഴ്ചയായി മുന്നോട്ട് നയിച്ച ന്റെ അമ്മയല്ലേ ഏട്ടത്തി….
ഞാൻ പോയാൽ ന്റെ ഏടത്തി തനിച്ചാവില്ലേ…
പിന്നെ…
പിന്നെ..
പിന്നെ..
വാക്കുകൾ കിട്ടാതെ നിന്നു വിമ്മി പൊട്ടി കൃഷ്ണ…

മോളേ….
ശ്യാമ അവളെ ചേർത്ത് പിടിച്ചു….
കണ്ണുകൾ തോരാമഴയായി പെയ്തു നനഞ്ഞിരുന്നു ഇരുവരുടെയും…

കൃഷ്ണയുടെ അച്ഛനും അമ്മയും മരിച്ചു എന്നും ശ്യാമ തനിച്ചാണ് എന്നുള്ളതും ജഗനും പ്രമീളക്കും പുതിയ അറിവായിരുന്നു…

പ്രമീള ജഗനെ നോക്കി…
ശ്യാമേ അപ്പോൾ വിഷ്ണു കൂടെ ഇല്ലേ..
ജഗന്റെ ചോദ്യം കേട്ട് ശ്യാമ ഒന്ന് ചിരിച്ചു…
ഞങ്ങൾ പരസ്പരം കണ്ടിട്ട് വർഷം രണ്ട് കഴിഞ്ഞു..
ഞാനും കൃഷ്ണയും ഇവിടെ കുറച്ചു മാറിയാണ് താമസം..
ഒന്നും മനസിലാവാത്ത പോലെ ആയി പെട്ടന്ന് ജഗനും പ്രമീളയും..

പറയാനാണെങ്കിൽ ഒരുപാട്ണ്ട് ജഗാ..
കൃഷ്ണയുടെ അമ്മയുടെയും അച്ഛന്റെയും മരണം ഒരേ ദിവസം ആയിരുന്നു..
അനുഭവിച്ചു തീർക്കാവുന്നതിന്റെ പാരമ്യത്തിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും ആ ദിവസങ്ങളിൽ…
മടുത്തു കാണും അവർക്ക്…
ഒരു ദിവസം നേരം വെളുക്കുമ്പോൾ സ്വയം ജീവിതം അവസാനിപ്പിച്ചിരുന്നു ഇരുവരും..
തലേ ദിവസം രാത്രി പതിവില്ലാതെ ഒരുപാട് നേരം സംസാരിച്ചിരുന്നു അവർ ഞങ്ങളോട്…
ഒടുവിൽ കിടക്കാൻ പോകും നേരം അമ്മയുടെ കഴുത്തിലെ മാലയും കയ്യിലെ വളകളും ഊരി കൃഷ്ണക്ക് കൊടുത്തിട്ട് പറഞ്ഞു..
അമ്മക്ക് ഇതിട്ട് സുഖമായി ഉറങ്ങാൻ പറ്റില്ല..
അത് കൊണ്ട് മോള് ഇത് ഇട്ടോളൂ ട്ടോ..
അപ്പോൾ തന്നെ കൃഷ്ണയുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു അമ്മ..
വളകൾ കൈകളിൽ അണിയിച്ചു..
കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇരുവരുടെയും..
സന്തോഷം കൊണ്ടാണ് എന്ന് കരുതി ഞങ്ങൾ പക്ഷെ…
വാക്കുകൾ കിട്ടാതെ വിമ്മി ശ്യാമ…
രാവിലെ ചായയുമായി വിളിക്കാൻ വാതിൽ തുറന്ന എനിക്ക് ഒന്ന് നോക്കാനേ കഴിഞ്ഞുള്ളു..
പരസ്പരം പുണർന്നു തറയിൽ കിടക്കുന്നു ഇരുവരും..
പുറത്തേക്ക് വന്ന ശബ്ദത്തിൽ വിങ്ങലിന്റെ വീർപ്പുമുട്ടൽ കാരണം ശബ്ദം വിട്ടു വിട്ടാണ് പുറത്തേക്ക് വന്നത്…

പിന്നീട് പതിയെ വിഷ്ണു ഞങ്ങളിൽ നിന്നും അകന്നു..
ദിവസങ്ങൾ കൂടുമ്പോൾ വല്ലപ്പോഴും വരും..
ക്രമേണേ ആ വരവും നിലച്ചു….
ഒടുവിൽ അറിഞ്ഞു….
ആ ഭൂമി ആർക്കോ വിറ്റുവെന്ന്..
എവിടെ പോകണമെന്ന് അറിയാതെ പകച്ചു പോയ ദിവസങ്ങൾ….
ഒടുവിൽ അതും അറിഞ്ഞു..
സകല സ്വത്തുക്കളും വിഷ്ണുവിന്റെ പേരിലേക്ക് ആക്കിയെടുത്തിരുന്നു വിഷ്ണു അച്ഛന്റെയും അമ്മയുടെയും മരണത്തിനു മുൻപേ…

എവടെ പോകണം എന്നറിയാതെ പകച്ചു നിന്ന് പോയ ദിവസങ്ങൾ..
ഒടുവിൽ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി..
വിഷ്ണുവിന്റെ കൂടെ ഇറങ്ങിയതിനു ശേഷം ആദ്യമായാണ് ഞാൻ ആ വീട്ടിൽ കാല് കുത്തുന്നത്…
ഉമ്മറത്തേക്ക് കയറ്റിയില്ല ഏട്ടന്മാർ..
വീടിനെ അപമാനത്തിന്റെ പടുകുഴിയിൽ തള്ളിയിട്ടു പോയ എന്നെ പോലുള്ള ഒരു അനിയത്തി അവർക്ക് ഉള്ളിൽ മരിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞു..
അച്ഛനെയോ അമ്മയെയോ കാണാതെ തിരിച്ചിറങ്ങി ഞങ്ങൾ ഇരുവരും..
പിന്നീട് ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ചെറിയ ഒരു ജോലി സങ്കടിപ്പിച്ചു ഞങ്ങൾ..
പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി ..
പക്ഷെ വിധി വീണ്ടും അവിടെ വിലങ്ങു തടിയായി…
വിഷ്ണു വീണ്ടും ഞങ്ങൾക്ക് ഇടയിലേക്ക് വന്നു..
സ്വത്തുക്കൾ എല്ലാം വിഷ്‌ണുവിനു കിട്ടിയിരുന്നില്ല എന്ന് അപ്പോൾ ഞങ്ങൾക്ക് മനസിലായി..
അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി കോടി കണക്കിന് സ്വത്തിനു അവകാശി ഇപ്പോളും കൃഷ്ണക്ക് മാത്രമാണെന്നു…

അത് കൂടി കൈക്കലാക്കാൻ ആയിരുന്നു പിന്നീട് വിഷ്ണുവിന്റെ ശ്രമം…
ഈ അപകടം പോലും വിഷ്ണു വരുത്തിയതാണ്….
ശ്യാമ അത് പറയുമ്പോൾ ഞെട്ടി തരിച്ചു നിന്നു ജഗനും പ്രമീളയും….

മതി…
കൂടുതൽ ഒന്നും പറയണ്ട…
നമ്മൾ ഇവ്ടെന്നു പോകുന്നു ഈ നിമിഷം…
ജഗന്റെ ആയിരുന്നു ആ ഉറച്ച ശബ്ദം..
ഞാൻ പോയി ബിൽ സെറ്റിൽ ചെയ്തിട്ട് വരാം..
നിങ്ങൾ റെഡി ആയി ഇരുന്നോളു..
ജഗൻ പുറത്തേക്ക് ഇറങ്ങി…
************************************
ബിൽ അടച്ചു റൂമിലേക്ക് ജഗൻ തിരിഞ്ഞു നടക്കുന്ന നേരം പുറകിൽ നിന്നും വിളി…

സാർ..
വിളി കേട്ട് ജഗൻ തിരിഞ്ഞു നോക്കി
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ജഗൻ ഒന്നു ചിരിച്ചു…
വൈഷ്ണവി…
താൻ ന്താ ഇവിടെ…
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ ചോദ്യം….
സാറിന്റെ ശമ്പളം വാങ്ങുമ്പോൾ അതിന് ഞാൻ കൂറ് പുലർത്തേണ്ട അത് കൊണ്ട് ഇവിടെ വരേണ്ടി വന്നു…
വൈഷ്ണവിയുടെ മറുപടി കേട്ട് ജഗൻ ചിരിച്ചു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 10

മിഴി നിറയും മുമ്പേ: ഭാഗം 11

മിഴി നിറയും മുമ്പേ: ഭാഗം 12

മിഴി നിറയും മുമ്പേ: ഭാഗം 13

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

മിഴി നിറയും മുമ്പേ: ഭാഗം 14

Share this story