പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 9

എഴുത്തുകാരി: തപസ്യ ദേവ്‌


തന്റെ നേരെ ദേഷ്യത്തോടെ നടന്നു വരുന്ന പവിത്രയെ കണ്ട് ഡേവിഡിനും ചെറുതായി ഒരു പേടി തോന്നുണ്ടായിരുന്നു.
ഇപ്പൊ ഇവിടൊരു അടി നടക്കുമെന്ന പ്രതീക്ഷയിൽ സൗമ്യയും അവരെ നോക്കി നിന്നു.

കല്ല് ഒരു കയ്യിൽ എറിഞ്ഞു പിടിച്ചു കൊണ്ടു ജനലിനരുകിൽ അവനെ നോക്കി പവിത്ര വന്നു നിന്നു.

” എ.. എന്താ ”
ഉള്ളിലെ പേടി മറച്ചു കൊണ്ട് അവൻ ചോദിച്ചു.

” ആ വാതിൽ ഒന്ന് തുറന്നു പുറത്തേക്ക് വന്നേ… ”

” എന്തിന് ”
പവിത്രയുടെ കയ്യിലെ കല്ലിലേക്ക് ആയിരുന്നു അവന്റെ നോട്ടം.

” പേടിക്കണ്ട എറിയാൻ ഒന്നുമല്ല ”
കല്ല് താഴേക്ക് അവൾ ഇട്ടു.

ഡേവിഡ് വാതിൽ തുറന്നു പുറത്തേക്ക് വന്നു.

” ഒരു വീട്ടിൽ വാടകയ്ക്ക് വരുമ്പോൾ ചില ചിട്ട വട്ടങ്ങൾ ഒക്കെയുണ്ടല്ലോ….
താമസിക്കാൻ തുടങ്ങുന്നതിനു മുൻപ് എഗ്രിമെന്റു തയാറാക്കണ്ടേ , ഡെപ്പോസിറ്റ് തരണ്ടേ.. !
ഇതൊന്നും ചെയ്യാതെ കൂട്ടുകാരൻ പറഞ്ഞ ഉടനെ കെട്ടും കെട്ടി ഇങ്ങ് പോന്നു ”

രാജേഷ് ഏട്ടൻ പറഞ്ഞത് കൊണ്ട് വന്നു താമസിച്ചോളാൻ പറഞ്ഞതല്ലാതെ ഈ വക കാര്യങ്ങൾ ഒന്നും അമ്മ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന ഉറപ്പ് പവിത്രക്ക് ഉണ്ടായിരുന്നു. ആ ഉറപ്പിലാണ് ഈ കാര്യം അവൾ എടുത്തിട്ടത്.

ഒന്നും മിണ്ടാതെ നിൽക്കുന്ന ഡേവിഡിനെ കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ സന്തോഷം തോന്നി.

” മ്മ് എന്തേ അതൊന്നും വേണ്ടെന്ന് അങ്ങ് വിചാരിച്ചോ… എഗ്രിമെന്റും ഡെപ്പോസിറ്റും ഒന്നുമില്ലാതെ ഇവിടെ കേറി താമസിക്കാമെന്ന് വിചാരിക്കണ്ട. ഇതൊന്നും തരാത്ത സ്ഥിതിക്ക് എനിക്ക് മിസ്റ്റർ ഡേവിഡിനെ ഇവിടെ നിന്നും ഇപ്പോൾ ഇറക്കി വിടാനും സാധിക്കും ”

പെട്ടെന്ന് അവൻ അകത്തേക്ക് കയറി പോയി. അത് കണ്ട് അവൾ ഒന്ന് അമ്പരന്നു സൗമ്യയെ തിരിഞ്ഞു നോക്കി. അവളും എന്താ നടക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു.
ഇറക്കി വിടുന്നതിനു മുൻപ് ഇയാൾ തന്നെ ഇറങ്ങി പോവണോ എന്ന് ഒരു വേള പവിത്ര ചിന്തിച്ചു.

” ദേ ഈ പറയുന്ന സാധനം ആണോ കൊച്ച് പറഞ്ഞ എഗ്രിമെന്റ് ”
പുറത്തേക്ക് വന്ന ഡേവിഡിന്റെ കയ്യിൽ ഒരു പേപ്പർ ഉണ്ടായിരുന്നു. അത് അവൻ അവൾക്ക് നേരെ നീട്ടി.

അത് വാങ്ങിച്ചു വായിച്ചു നോക്കിയ പവിത്രയുടെ മുഖം മങ്ങി. ഏട്ടനും അമ്മയും ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുന്നു.

” ഇത് കോപ്പി ആണ് കേട്ടോ…
ഒറിജിനൽ കൊച്ചിന്റെ അമ്മയുടെ കയ്യിൽ ഉണ്ട്.
പിന്നെ ഡെപ്പോസിറ്റും കൊടുത്തിട്ടുണ്ട്, അമ്മയോട് ചോദിച്ചാൽ മതി. ”

പവിത്രയുടെ കയ്യിൽ നിന്നും വാടക ചീട്ട് വാങ്ങി കൊണ്ട് അവൻ പറഞ്ഞു.
സൗമ്യയും അവരുടെ അടുത്തേക്ക് അപ്പോൾ വന്നിരുന്നു.

” ഇതുമാത്രം പോരാ ഐഡന്റിറ്റി കാർഡിന്റെ കോപ്പി വേണം ”
വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പോലെ പവിത്ര പറഞ്ഞു.

” ദാ പിടിച്ചോ ഐഡന്റിറ്റി കാർഡിന്റെ കോപ്പി… ഇത് ചോദിക്കുമെന്ന് എനിക്ക് അറിയാരുന്നു അതുകൊണ്ട് നേരത്തെ കരുതി വെച്ചു ”

എല്ലാ രീതിയിലും ചമ്മി നിൽക്കുന്ന പവിത്രയെ ആദ്യമായി കാണുകയായിരുന്നു സൗമ്യ. ആ നിൽപ്പ് കണ്ടിട്ട് ചിരി വന്നെങ്കിലും ചിരിച്ചാൽ അത് തന്റെ ആരോഗ്യത്തിന് ഹാനികരം ആകുമെന്നുള്ള സത്യം അറിയാവുന്നത് കൊണ്ട് ചിരിയടക്കി പവിത്രയെ നോക്കി അവൾ നിന്നു.

” ആ ഇത് മാത്രം പോരാ ആധാർ കാർഡിന്റെ കോപ്പിയും വേണം. അതെവിടെ ”

” ഇത് പോരെ ഇനി അതും വേണോ… !!
നാളെ ഞാൻ എടുത്തിട്ട് കൊണ്ട് തരാം ”

ഡേവിഡിന്റെ കയ്യിൽ ആധാറിന്റെ കോപ്പി ഇല്ലെന്നറിഞ്ഞപ്പോൾ മുൻപുണ്ടായ ചമ്മലിന് ഒരു ശമനം വന്നു…

” അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇന്ന് തന്നെ വേണം. വാടകയ്ക്ക് ഒക്കെ കൊടുക്കുമ്പോൾ താമസിക്കാൻ വരുന്നവരുടെ ഫുൾ ഡീറ്റൈൽസും വീട്ടുകാർ അറിഞ്ഞിരിക്കണം. അതുകൊണ്ട് പോയി എടുക്കാൻ നോക്ക് ”

പവിത്ര ഒരു തരത്തിലും സമ്മതിക്കില്ലെന്ന് അവന് മനസിലായി.

” ഉച്ചക്ക് മുൻപ് കൊച്ചിന്റെ കയ്യിൽ കൊണ്ട് തന്നേക്കാം ഈ പറഞ്ഞ സാധനം.. എന്താ ”

കൊച്ചെന്നുള്ള അവന്റെ വിളി കേട്ട് സൗമ്യ ചിരിച്ചു. അതുകണ്ട് അവളെ സൂക്ഷിച്ചു ഒന്ന് നോക്കിയിട്ട് പവിത്ര കൈകെട്ടി ഡേവിഡിന് നേരെ തിരിഞ്ഞു.

” മിസ്റ്റർ ഡേവിഡ് താൻ എന്നെ കൊച്ചെന്ന് വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. എന്നെ കണ്ടിട്ട് മിസ്റ്റർ ഡേവിഡിന് കൊച്ച് കുട്ടിയായിട്ടു തോന്നുന്നുണ്ടോ ”

” അയ്യോ കൊച്ചേ ഈ കൊച്ചെന്ന് വിളിക്കുന്നത് സ്നേഹം കൊണ്ടാ ഞങ്ങളുടെ നാട്ടിൽ ഒക്കെ അങ്ങനാ വിളിക്കുന്നത്. അല്ലാതെ കൊച്ചിനെ കണ്ടിട്ട് എനിക്ക് കൊച്ചായി തോന്നിയിട്ടല്ല കേട്ടോ കൊച്ചേ ”

വീണ്ടും വീണ്ടും കൊച്ച്… അവൻ മനപ്പൂർവം എടുത്തു എടുത്തു പറയുന്നതാണെന്ന് അവൾക്ക് മനസ്സിലായി.

” തല്ക്കാലം മിസ്റ്റർ ഡേവിഡിന്റെ സ്നേഹം എനിക്ക് വേണ്ടാ… ഇത് നിങ്ങളുടെ നാടും അല്ല. അതുകൊണ്ട് മേലാൽ എന്നെ കൊച്ചേ എന്ന് വിളിച്ചേക്കരുത്. എന്റെ വീട്ടിൽ ആണ് നിങ്ങൾ താമസിക്കുന്നത് അതുകൊണ്ട് കുറച്ചു ബഹുമാനം വേണം എന്നോടുള്ള സംസാരത്തിലും വിളിയിലും. മനസ്സിലായോ ”

” മനസ്സിലായി പവിത്ര മേഡം ”
അവൻ തലയാട്ടി കൊണ്ട് പറഞ്ഞു. മേഡം എന്ന വിളി കേട്ട് പവിത്ര ഞെട്ടി.

” എന്ത് ” അവൾ ഒന്നൂടെ എടുത്തു ചോദിച്ചു.

” എനിക്ക് പവിത്ര മേഡം പറഞ്ഞതെല്ലാം മനസിലായെന്ന് ”

വീണ്ടും തന്നെ ആക്കിയാണ് അവൻ സംസാരിക്കുന്നതെന്ന് അവൾക്ക് മനസിലായി.
ഇതൊക്കെ കണ്ടും കേട്ടും സൗമ്യയുടെ കള്ളച്ചിരിയും കൂടി കണ്ടിട്ട് അവൾക്ക് ആകെ വിറഞ്ഞു കയറി.

” ഉച്ചക്ക് മുൻപ് പറഞ്ഞ സാധനം എന്റെ കയ്യിൽ കൊണ്ട് തന്നിരിക്കണം ”
എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ട് അവൾ വീട്ടിലേക്ക് കയറി പോയി.

” അല്ല ചേട്ടാ ചേട്ടൻ അല്ലേ അന്ന് പാലത്തിൽ നിന്ന് ഓട്ടോ കേറാൻ സമ്മതിക്കാതെ വഴി മുടക്കി ബൈക്കിൽ ഇരുന്നത് ”
സൗമ്യ സംശയത്തോടെ ചോദിച്ചു.

” അതെ ഞാൻ തന്നെയാണ് ആ വഴിമുടക്കി “അവൻ ചിരിയോടെ പറഞ്ഞു.

” എന്റെ ചേട്ടാ ഹിറ്റ്ലർ ദീദിയോട് കൊമ്പ് കോർക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ ”

” ഹിറ്റ്ലർ ദീദിയോ… ഹിറ്റ്ലർ മാധവൻ കുട്ടിയല്ലേ ”
അവൻ മനസ്സിലാകാത്ത പോലെ ചോദിച്ചു.

” ദാ ആ കേറി പോയ ആളാണ് ഈ നാട്ടിലെ ഹിറ്റ്ലർ… അതുകൊണ്ട് എല്ലാരൂടെ ഇട്ടു കൊടുത്ത പേരാ ഹിറ്റ്ലർ ദീദി ”

” ആഹ് നല്ല കലക്കൻ പേര് നന്നായിട്ട് ചേരുന്നുണ്ട് ”
പവിത്ര പോയ വഴി നോക്കി അവൻ ചിരിയോടെ പറഞ്ഞു.

” എന്തായാലും ആള് ഒന്ന് താഴ്ന്നു ഞാൻ ആദ്യായിട്ടാ കാണുന്നത് ”

” ഉവ്വോ… തന്റെ പവിത്രേച്ചി അത്രക്ക് വലിയ സംഭവമാ…?? ”

” ആണോന്നോ… ദോ ആ കാണുന്ന മാവിൽ കിടക്കുന്നത് തേങ്ങയാണെന്ന് പുള്ളിക്കാരി പറഞ്ഞാൽ നമ്മൾ സമ്മതിച്ചു കൊടുക്കണം… ചുരുക്കം പറഞ്ഞാൽ ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് വാദിക്കുന്ന സാധനം. ”

സൗമ്യയുടെ മുഖത്തെ ഭാവവും കൈ കൊണ്ടുള്ള സംസാര രീതിയും ഒക്കെ കണ്ട് കൗതുകത്തോടെയാണ് ഡേവിഡ് അവളെ നോക്കി നിന്നത്.

” താൻ ആള് കൊള്ളാല്ലോടോ തന്റെ പേരെന്താ…താൻ ആണോ ഈ ചേച്ചിയുടെ ഏറ്റവും അടുത്ത ആള് ”

” ആണെന്ന് കൂട്ടിക്കോ എന്റെ പേര് സൗമ്യ…പിന്നെ ചേട്ടൻ ഒന്ന് സൂക്ഷിച്ചോ ഇത്രയും ചേച്ചിയേ ആക്കി സംസാരിച്ച ചേട്ടന് എന്തേലും പണി തരാതെ ഇരിക്കില്ല. ”

” എന്റെ സൗമ്യ കൊച്ചേ നിന്റെ ഹിറ്റ്ലർ ദീദിയെ ഈ ഡേവിച്ചൻ ഒടിച്ചു മടക്കി കുപ്പിയിൽ ആക്കി തരാം ”

ഡേവിഡ് മീശ പിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് സൗമ്യ അത്ഭുതത്തോടെ അവനെ നോക്കി.

” ഏഹ് ചേട്ടൻ കാര്യമായിട്ട് പറഞ്ഞതാണോ ”
സൗമ്യയുടെ ജിജ്ഞാസ കണ്ട് അവൻ മീശ താഴ്ത്തി വെച്ച് കൈകൂപ്പി കൊണ്ട് പറഞ്ഞു.

” എന്റെ പൊന്നു കൊച്ചേ എനിക്ക് ഇനിയും ജീവിക്കണം ഞാൻ വെറുതെ പറഞ്ഞതാ. അവിടെ നിന്ന് നോക്കി ദഹിപ്പിക്കുന്നത് കണ്ടോ…ഞാൻ സ്ഥലം വിടട്ടെ ”

സൗമ്യ നോക്കുമ്പോൾ ശെരിയാണ് തങ്ങൾ രണ്ടുപേരും സംസാരിക്കുന്നത് നോക്കി കലിയോടെ പവിത്ര നോക്കി നിക്കുന്നു.

” പുരാണം കഴിഞ്ഞെങ്കിൽ പോയി തുണി കഴുകേടി ”

അത് കേൾക്കേണ്ട താമസം സൗമ്യ തിരിഞ്ഞു കടവിലേക്ക് ഓടി.

” പവിത്ര മേഡം ഞാനും പോയിട്ട് വരാം ”
ഡേവിഡ് കൈ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു. പവിത്ര അത് കണ്ടിട്ടും കാണാത്ത പോലെ തിരിഞ്ഞു നടന്നു.
ആരും കണ്ടില്ലല്ലോ അല്ലേ എന്ന് സ്വയം പറഞ്ഞു കൊണ്ട് അവനൊന്ന് ചുറ്റി നോക്കി.
വല്ല കാര്യമുണ്ടാരുന്നോ എന്ന് സൗമ്യ കൈ കൊണ്ട് ചോദിച്ചു.

” നീ പോടീ ”
അവൻ തിരികെ മുറിയിലേക്ക് പോയി.

അലക്കും കുളിയുമൊക്കെ കഴിഞ്ഞു പോകുന്നതിന് മുൻപായി സൗമ്യ ഡേവിഡിനെ അന്ന് പാലത്തിൽ വെച്ച് കണ്ട കാര്യം പവിത്രയെ ഓർമ്മിപ്പിക്കാൻ മറന്നില്ല.

” ആഹ് വെറുതെയല്ല എവിടെയോ കണ്ടത് പോലെ ഓർമ്മ വന്നത്…
നീ കൂടുതൽ അയാളോട് കഥയ്ക്ക് ഒന്നും പോകണ്ട കേട്ടല്ലോ ”

” ശെരി ചേച്ചി, ഞാൻ എന്നാൽ പോട്ടെ ”

ഉച്ച ഊണും കഴിഞ്ഞു പത്മവും പവിത്രയും സിറ്റ് ഔട്ടിലേക്ക് വന്നു. അവിടെ കിടന്ന പത്രം തിരിച്ചു നോക്കി കൊണ്ട് പവിത്ര ഇരുന്നപ്പോൾ എന്തോ തുണിയും തയ്ച്ചു കൊണ്ട് അമ്മയും അവളുടെ അടുത്ത് ഇരുന്നു.

അപ്പോഴാണ് ഒരു കാർ മുറ്റത്ത് വന്നു നിന്നത്. അതിൽ നിന്നും പ്രശാന്തും ചിപ്പിയും ഇറങ്ങിയപ്പോൾ പത്മത്തിന്റെ മുഖം തെളിഞ്ഞു.

ഇരുന്നിടത്ത് നിന്നും അവർ ചാടി എണീറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

” മക്കള് വാ അകത്തേക്ക് ”
ചിപ്പിയുടെ കൈ പിടിച്ചു അവർ വീട്ടിലേക്ക് കേറി. പുറകേ പ്രശാന്തും. പവിത്ര അവരെ കണ്ടിട്ടും ചലനമില്ലാതെ ചെയ്ത് കൊണ്ടിരുന്ന പ്രവർത്തിയിൽ വ്യാപൃതയായി.

” വാ അകത്തേക്ക് വാ മോനെ ഊണ് കഴിക്കാം ”
പത്മം അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.

” നിങ്ങളുടെ സൽക്കാരം സ്വീകരിക്കാം വന്നതല്ല ഞങ്ങൾ ”

ചിപ്പി കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.

” എന്തിനാ വന്നതെന്ന് പറയ് പ്രശാന്ത്… അതൊ അമ്മയെയും പെങ്ങളെയും കണ്ടപ്പോൾ വന്ന കാര്യം അങ്ങ് മറന്നോ ”
പവിത്രയുടെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി അവൾ ചോദിച്ചു.

” അമ്മേ ഞാൻ വന്നത് എന്റെ ബൈക്ക് കൊണ്ടുപോകാൻ ആണ്… ബാക്കി പൈസ മുഴുവൻ ഞാൻ അടച്ചോളാം, അതിന്റെ ചാവി ഇങ്ങ് തരാൻ പറ ചേച്ചിയോട് ”
പ്രശാന്ത് പവിത്രയോട് ചോദിക്കാനുള്ള മടി കൊണ്ട് അമ്മയോടായി പറഞ്ഞു.

” മോളെ പവിത്രേ…
പത്മം പറയാൻ തുടങ്ങിയപ്പോൾ അവൾ കയ്യുയർത്തി പറയണ്ടെന്ന് പറഞ്ഞു.

” എനിക്കും ചെവി കേൾക്കാല്ലോ അമ്മേ…
ഷർട്ട് മേടിക്കാൻ പൈസക്കും ബൈക്ക് മേടിക്കാൻ നേരവും ബൈക്കിൽ പെട്രോൾ അടിക്കാൻ പൈസക്കും ഒന്നും അവൻ അമ്മയെ മുൻനിർത്തി ചോദിക്കാറില്ലായിരുന്നു.
ആ അതൊക്കെ ഒരു സമയം.. അതുപോട്ടെ !!

പിന്നെ ഇപ്പോൾ ചോദിച്ച ബൈക്കിന്റെ ചാവി അത് തരാൻ എനിക്ക് സൗകര്യമില്ല ”

” എന്തുകൊണ്ട് തരാൻ പറ്റില്ല… അത് പ്രശാന്തിന്റെ ബൈക്ക് അല്ലേ… ബാക്കി പൈസ ഞങ്ങൾ അടച്ചോളാമെന്ന് പറഞ്ഞില്ലേ… പിന്നെന്താ..
ആ ഇനി ഇതിന് വേണ്ടി ഇതുവരെ മുടക്കിയ പൈസ വേണോ…
വേണമെങ്കിൽ പറഞ്ഞോ എത്രയാണെന്ന് വെച്ചാൽ ഞാൻ തരാം ”

ചിപ്പി ബാഗിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്തു പവിത്രയ്ക്ക് നേരെ നീട്ടി.

” പ്രശാന്തേ എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ആ വണ്ടി എന്റെ പേരിൽ കാശ് മുടക്കി ഞാൻ വാങ്ങിച്ചതാണെങ്കിൽ അത് ഇവിടെ തന്നെ കിടക്കും ബാക്കി പൈസ അടച്ചു തീർക്കാനും എനിക്ക് അറിയാം ”

” ചേച്ചി എങ്ങനെ അടക്കുമെന്നാ പറയുന്നത്…
ജോലി പോയില്ലേ ”
പ്രശാന്ത് ചാടി കേറി ചോദിച്ചു.

” അപ്പൊ എന്റെ അനിയൻ അറിഞ്ഞിരുന്നു ചേച്ചിടെ ജോലി പോയ കാര്യം…
ഹ്മ് സന്തോഷം…
പിന്നെ എങ്ങനെ അടക്കും അതോർത്തു നീയും നിന്റെ ഭാര്യയും ടെൻഷൻ അടിക്കേണ്ട… ഇത്രയും നാൾ അടച്ചില്ലേ.. അതുപോലങ് അടച്ചോളാം ”

” ഓ അതിനൊക്കെയുള്ള വഴി അമ്മയും മോളും കണ്ട് വെച്ചിട്ടുണ്ടല്ലോ അല്ലേ… വാടക കിട്ടുമല്ലോ ”
പത്തായപ്പുരയുടെ നേർക്ക് നോക്കി കൊണ്ട് ചിപ്പി പറഞ്ഞു.

ആ സമയം തന്നാണ് ഡേവിഡ് ബൈക്കിൽ അവിടേക്ക് വന്നിറങ്ങിയത്.
വീട്ടിൽ നിൽക്കുന്ന പുതിയ അതിഥികളെ കണ്ടെങ്കിലും അവൻ അവരുടെ അടുത്തേക്ക് ചെന്നു.

കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പേപ്പറുകൾ പവിത്രയുടെ നേരെ നീട്ടി.

” ഇത് ആധാർ കാർഡിന്റെ, ഇത് പാൻ കാർഡിന്റെ, ഇത് ഡ്രൈവിങ് ലൈസൻസിന്റെ, ഇത് പാസ്സ്പോർട്ടിന്റെ… എന്റെ കയ്യിൽ ഉള്ളതിന്റെയൊക്കെ കോപ്പി ഉണ്ട് ”

ഓരോന്നും പറഞ്ഞു കൊണ്ട് അവൻ പവിത്രയുടെ കയ്യിൽ വെച്ചുകൊടുത്തു.

” ഇനി ഇവിടെ താമസിക്കാൻ വേറെന്തെങ്കിലും വേണോ പവിത്ര മേഡം ”

” ആഹാ ഇതാണല്ലേ വാടകക്ക് താമസിക്കാൻ വന്ന ആള്…. കണ്ടില്ലേ പ്രശാന്ത് നിന്റെ അമ്മയും പെങ്ങളും വാടകക്ക് കൊണ്ടു വന്നിരിക്കുന്ന ആളെ ”
ചിപ്പി ഡേവിഡിനെ അടിമുടി അളന്നു കൊണ്ട് പറഞ്ഞു.

ഇതൊരു നടക്ക് പോകില്ല… !!
അവളുടെ നോട്ടവും സംസാരവും കണ്ടപ്പോൾ അവൻ മനസ്സിൽ പറഞ്ഞു

” ഒരു ബാച്ചിലറിന് വീട് കൊടുത്തതിന്റെ പിന്നിൽ വേറെന്തെങ്കിലും ഉദ്ദേശമുണ്ടോ അമ്മേ… ”
അവൾ പരിഹാസത്തോടെ പത്മത്തിനോട് ചോദിച്ചു.

” വീട്ടിലുള്ളവരെയൊക്കെ ഇറക്കി വിട്ട് അമ്മയും മോളും ഇയാൾക്ക് വീട് താമസിക്കാൻ കൊടുത്തതിനു പിന്നിൽ ദുരുദേശം തന്നെയായിരിക്കും അല്ലിയോ ”

മുണ്ട് മടക്കി കുത്തി കൊണ്ട് ഡേവിഡ് ചിപ്പിയുടെ മുന്നിലേക്ക് ചെന്നു.

” ടി.. ടി.. മത്തങ്ങാമോറി നിന്റെ ഭർത്താവിന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്ന് കരുതി എല്ലാ ആണുങ്ങൾക്കും അങ്ങനാണെന്ന് കരുതരുത്. നീ ഈ പറഞ്ഞ വർത്തമാനത്തിന് അല്ല തെണ്ടിത്തരത്തിന് കരണം പുകച്ചു എനിക്ക് ഒരെണ്ണം തരാൻ അറിയാൻ മേലാഞ്ഞിട്ട് അല്ല… നിന്റെ ഈ മോന്തായത്തിലെ പെയിന്റ് മുഴുവൻ എന്റെ കയ്യിൽ പറ്റുമെന്ന് ഓർത്തിട്ടാ കേട്ടോ ”

അത്രയും പറഞ്ഞിട്ട് അവൻ പ്രശാന്തിനെ നോക്കി.

” എന്റെ പൊന്നെടാ ഉവ്വേ നമിച്ചു… സ്വന്തം അമ്മയെയും പെങ്ങളെയും അപമാനിച്ചിട്ടും ഇങ്ങനെ നാണമില്ലാതെ നിൽക്കാൻ കഴിയുന്നല്ലോ ”

” ഡാ ”
പ്രശാന്ത് കയ്യോങ്ങി കൊണ്ട് ചെന്നു. ആ കയ്യിൽ കേറി പിടിച്ചു കൊണ്ട് പറഞ്ഞു

” ഇതിന്റെ പകുതി ധൈര്യം ലോ നിൽക്കുന്നവളോട് കാണിക്ക് ”

” പ്രശാന്ത്… നമ്മളെ തല്ലാൻ വേണ്ടിയാരിക്കും ഈ ഗുണ്ടയെ ഇവർ ഇവിടെ കേറ്റി താമസിപ്പിച്ചിരിക്കുന്നത്…
ഈ കൾചർലെസ്സ് ഫെല്ലോസിനോട് സംസാരിച്ചിട്ട് കാര്യമില്ല… കം ലെറ്റ്സ്‌ ഗോ ”

ചിപ്പി ഇറങ്ങിയതിന് പുറകേ പോകുന്ന പ്രശാന്തിനെ കണ്ട് പവിത്ര പത്മത്തിനെ നോക്കി.
കണ്ണീർ തുടച്ചു കൊണ്ട് അവർ അകത്തേക്ക് കയറി പോയി.

എല്ലാം കഴിഞ്ഞിട്ടും അവിടെ തന്നെ നിൽക്കുന്ന ഡേവിഡിനെ നോക്കി പവിത്ര

” മിസ്റ്റർ ഡേവിഡ് വന്ന കാര്യം കഴിഞ്ഞില്ലേ… ഇനി പൊയ്ക്കൂടേ ”

പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ അവൻ അവളെ പകച്ചു നോക്കി. അവനെ ഒന്ന് നോക്കിയിട്ട് പവിത്ര അകത്തേക്ക് കയറിയിട്ട് വാതിൽ വലിച്ചടച്ചു.

” അടിപൊളി… ഇത്രേം ഡയലോഗ് അടിച്ചതൊക്കെ വേസ്റ്റ് ”
അവൻ തിരികെ അവന്റെ മുറിയിലേക്ക് പോയി.

രാത്രിയിൽ കിടന്നിട്ടും ഉറക്കം വരാതെ പവിത്ര എണീറ്റിരുന്നു.
അമ്മയുടെ മനസ്സിൽ എന്താന്ന് അവൾക്ക് അറിയില്ലാരുന്നു….!
താൻ ചെയ്യുന്നതൊക്കെ തെറ്റ് ആണെന്നാണോ അമ്മ പറയാതെ പറയുന്നത്…. !
ഓരോ ചിന്തകളുമായി അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.

ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന പവിത്രയെ നോക്കി തന്റെ മുറിയിലെ ജനലിനരുകിൽ ഡേവിഡ് വന്നു നിന്നു…തുടരും)

 

പവിത്ര: ഭാഗം 9

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story