ഈ സായാഹ്നം നമുക്കായി മാത്രം – PART 31

ഈ സായാഹ്നം നമുക്കായി മാത്രം – PART 31

നോവൽ
എഴുത്തുകാരി: അമൃത അജയൻ

” ഏയ് … എഴുന്നേൽക്ക് … ” മയി അസ്വസ്ഥതയോടെ നിവയെ പിടിച്ച് എഴുന്നേൽപ്പിച്ചു …

” നീ എന്തിനാ കാല് പിടിക്കുന്നേ …. ” മയിക്കത് ഒട്ടും ഇഷ്ടം ആയില്ല …

” എന്റെ ഏട്ടൻ പാവാ … ഏട്ടനങ്ങനെ ചെയ്യില്ല .. എനിക്കുറപ്പുണ്ട് .. ഇത് ചതിയാ .. ഏട്ടത്തി വിചാരിച്ചാൽ സത്യം ചാനലിൽക്കൂടി പറയാൻ പറ്റും … ”

” വാവേ … നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ … ഏട്ടൻ , നിന്റെത് മാത്രമാണ് .. മറ്റൊരു പെൺകുട്ടിക്ക് അയാൾ അങ്ങനെയല്ല … അയാളുടെ സമീപനവും അങ്ങനെയാകണമെന്നില്ല … ” മയി എങ്ങും തൊടാതെ പറഞ്ഞു …

” ഏട്ടത്തി പറയുന്നെ എനിക്ക് മനസിലായി … പക്ഷെ ഇതങ്ങനല്ല … ചഞ്ചലിനെക്കുറിച്ച് ഏട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് … ” നിവ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ..

” എന്ത് പറഞ്ഞു …? ” മയി നെറ്റി ചുളിച്ച് അവളെ നോക്കി …

” ചഞ്ചൽ ഏട്ടന്റെ സാറിന്റെ മോളാ … എന്നേക്കാൾ ഒരു വയസേ കൂടുതലുള്ളു … ഏട്ടന് എന്നേപ്പോലാണ് അവളുംന്ന് പറഞ്ഞിട്ടുണ്ട് .. ഇപ്പഴൊന്നുമല്ല … രണ്ട് മൂന്ന് വർഷം മുന്നേ തന്നെ പറഞ്ഞിട്ടുണ്ട് … പക്ഷെ ഏട്ടൻ എപ്ലും അവൾടെ കാര്യം പറയുമ്പോ എനിക്ക് ദേഷ്യം ആയി .. അത് പറഞ്ഞിട്ട് ഞാൻ ഏട്ടനോട് വഴക്കിട്ടാരുന്നു .. അതിപ്പിന്നെയാ അവൾടെ കാര്യം എന്നോടു പറയാണ്ടായേ … എന്നാലും വല്ലപ്പോഴുമൊക്കെ പറയുമാരുന്നു… ” നിവ തേങ്ങലോടെ പറഞ്ഞു …

മയി നിർവികാരയായി മൂളിക്കേട്ടു .. .

” ചിലപ്പോ നിന്നോട് പെങ്ങളാന്ന് പറഞ്ഞതാണെങ്കിലോ … ” മയിയുടെ സ്വരത്തിൽ പുച്ഛം നിറഞ്ഞിരുന്നു ..

” അങ്ങനെ കളളം പറയില്ല ഏട്ടൻ … ഇഷ്ടം ആരുന്നെങ്കിൽ അതങ്ങനെ തന്നെ എന്നോട് പറഞ്ഞേനെ …. ” നിവ ഉറപ്പിച്ച് പറഞ്ഞു …

” ഓ …… അത് ശരി … ” മയി ഒന്നാലോചിച്ചു ..

” അപ്പോ ഒരു ചന്ദനയെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടുണ്ടാവുമല്ലോ നിഷിൻ … ”

” ഏത് ചന്ദന ….” നിവ മനസിലാകാതെ മയിയെ നോക്കി ..

” നിഷിന്റെ ജൂനിയറാരുന്ന ചന്ദന ….” മയി ഒന്ന് കൊളുത്തി നോക്കി …

” ഇല്ല … എനിക്കറിയില്ല അങ്ങനൊരാളെ … എന്നോട് പറഞ്ഞിട്ടുമില്ല … ” നിവ തോൾ വെട്ടിച്ചു ..

” ആ പിന്നെ നീയല്ലേ പറഞ്ഞത് ഇതൊക്കെ നിന്നോട് തുറന്നു പറയുമായിരുന്നൂന്ന് … എന്നിട്ടിപ്പോ നിനക്കൊന്നുമറിയില്ലല്ലോ …”

” എന്നോട് ഒരു പെണ്ണിന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു … അതും ഒന്നൊന്നര വർഷം മുന്നേ … ” നിവ മുഖം വീർപ്പിച്ചു … മയി നിവയെ ചെറുതാക്കി പറഞ്ഞത് അവൾക്കിഷ്ടമായില്ല …

” ഏത് പെണ്ണിന്റെ കാര്യം ……. ” മയി ആകാംഷയോടെ തിരക്കി …

” ഏട്ടത്തിയുടെ കാര്യം …..” നിവ മയിയെ ചൂണ്ടി പറഞ്ഞു …

മയി നെറ്റി ചുളിച്ചു .. അവൾക്കൊരു തമാശ കേട്ടതു പോലെയാണ് തോന്നിയത് …

” എന്റെ കാര്യോ …. ?.” അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല …

” ഞാൻ പറയുന്നത് സത്യാ …. ” നിവ താൻ പറഞ്ഞതിൽ ഉറച്ചു നിന്നു …

” നീ ഇപ്പോ ഇങ്ങോട്ട് വന്നത് ആരെങ്കിലും പറഞ്ഞിട്ടാണോ അതോ സ്വമേധയാ വന്നതാണോ ….” മയി സംശയത്തോടെ നിവയെ നോക്കി … നിവ പറയുന്നത് കേട്ടിട്ട് തന്നെ സോപ്പിടാൻ ആരോ പറഞ്ഞു വിട്ടത് പോലെയാണ് മയിക്ക് തോന്നിയത് ..

” ഞാൻ തന്നെ വന്നതാ …” മയി എന്താ ഉദ്ദേശിച്ചതെന്ന് നിവയ്ക്ക് മനസിലായിരുന്നില്ല … അവളുടെ വാക്കുകളിൽ നിഷ്കളങ്കതയുണ്ടായിരുന്നു .. മയിക്കത് തിരിച്ചറിയുവാൻ കഴിഞ്ഞു ..

” എന്നെ കുറിച്ച് എന്താ നിന്നോട് പറഞ്ഞെ…?” മയി ചോദിച്ചു ..

” അന്നൊരു കേസുണ്ടാരുന്നല്ലോ ഒരു മന്ത്രിയുമായിട്ട് .. ആ സമയത്താ ഏട്ടൻ ഏട്ടത്തിയെ കാണുന്നെ .. . ഏട്ടന്റെ സങ്കൽപത്തിലുള്ള പോലൊരു പെൺകുട്ടിയെ കണ്ടൂന്നൊക്കെ എന്നോട് പറഞ്ഞു .. ജേർണലിസ്റ്റാണെന്നും ഏട്ടനോട് ദേഷ്യാണെന്നും പറഞ്ഞു … പേരും പറഞ്ഞതാരുന്നു .. പക്ഷെ പിന്നെ അധികമൊന്നും ഏട്ടനും എനിക്കും തമ്മിൽ കാണാനും സംസാരിക്കാനും ടൈം കിട്ടിയില്ല .. ഏട്ടൻ എറണാകുളത്തും ഞാനിവിടേം ആയിരുന്നു … എനിക്ക് ആണേൽ പ്ലസ് വണ്ണിന്റെ പബ്ലിക് എക്സാം ടൈമും .. ഏട്ടൻ ഇങ്ങ്ട് വരുന്നതൊക്കെ വല്ലപ്പോഴുമാരുന്നു .. അത് കഴിഞ്ഞ് പിന്നെയും എന്നോട് പറഞ്ഞിട്ട്ണ്ട് .. ഒരിക്കൽ ഞാൻ വാർത്തയിലും കണ്ടു … ഏട്ടൻ തന്നെ കാണിച്ചു തന്നതാ .. എനിക്കിഷ്ടായെന്ന് ഞാൻ പറഞ്ഞാരുന്നു ഏട്ടനോട് .. . ” നിവ പറയുന്നത് കേട്ട് മയി വിസ്മയിച്ചു ..

അവൾ പഴയ കാര്യങ്ങൾ ഓർമിച്ചു .. മുസാഫിർ പുന്നക്കാടനുമായുള്ള വിഷയത്തിൽ നിഷിൻ നടത്തിയ രണ്ടാമത്തെ പ്രസ് മീറ്റിൽ വച്ചാണ് നിഷിനെ താൻ ആദ്യമായി നേരിൽ കാണുന്നത് .. . ആ പ്രസ് മീറ്റിൽ പല വട്ടം നിഷിന്റെ കണ്ണുകൾ തന്റെ നേർക്ക് നീണ്ട് വന്നത് മയി ഓർത്തു .. താനന്ന് തുടക്കക്കാരിയാണ് .. മുന്നിൽ ഒരു പാട് സീനിയർ ജേർണലിസ്റ്റ്മാർ ഉണ്ടായിട്ടും നിഷിന്റെ നോട്ടം തന്നെ തേടിയെത്തിയത് അതുവരെ ചാനലിൽ താൻ നിഷിനെതിരെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടാവുമെന്ന് തോന്നിയിരുന്നു .. അതിൽ തെല്ല് അഹങ്കാരവും തോന്നി .. പത്രക്കാർക്ക് ചോദ്യം ചോദിക്കാനുള്ള ടൈമിൽ , തന്റെ ചോദ്യത്തിന്റെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയപ്പോൾ നിഷിന്റെ നാവിന്റെ മുനയൊടിച്ച പ്രതീതിയായിരുന്നു തനിക്ക് …

” ശരിക്കും എന്നെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടുണ്ടോ …? ” മയി വിശ്വാസം വരാതെ ചോദിച്ചു …

” പറഞ്ഞിട്ടുണ്ട് ….”

മയി ഇല്ലെന്ന് തല ചലിപ്പിച്ചു …

” എങ്കിൽ പിന്നെ അന്ന് ഹോട്ടലിൽ വച്ച് എന്നെ കണ്ടപ്പോൾ നിനക്ക് മനസിലായില്ലേ …..?” മയിയുടെ പോലീസ് ബുദ്ധി ഉണർന്നു ..

” സത്യായിട്ടും എനിക്ക് മനസിലായില്ലാ .. ഏട്ടനൊരിക്കൽ ടിവിയിൽ കാണിച്ചപ്പോ മാത്രമേ ഞാൻ കണ്ടിട്ടുള്ളു … ഞാനങ്ങനെ വാർത്തയൊന്നും കാണാറില്ല .. ഫെയ്സൊക്കെ ഞാൻ മറന്നു പോയാരുന്നു .. സത്യം പറഞ്ഞാൽ പേര് പോലും മറന്നു പോയി .. അന്നൊക്കെ പറഞ്ഞിട്ടുള്ളതല്ലാതെ പിന്നെ ഏട്ടൻ ഏട്ടത്തിയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല … അപ്പോ ഞാനോർത്തു ഏട്ടൻ മറന്നു കാണൂന്ന് … പിന്നെ ഞാൻ ബാംഗ്ലൂരിൽ പോയ ശേഷം ഏട്ടനോടുള്ള അടുപ്പോക്കെ നല്ലോണം കുറഞ്ഞാരുന്നു .. ഞാൻ മന്ത്ലി ആയി വീട്ടിൽ വരുന്നത് .. ഞാൻ വരുമ്പോ ഏട്ടന് ചിലപ്പോ ഇങ്ങോട്ട് വരാൻ പറ്റില്ല തിരക്ക് കാരണം .. അതിനിടക്കാ കല്യാണം ഉറപ്പിച്ചത് .. ഹരിതേടത്തി അയച്ചു തന്ന ഫോട്ടോ പോലും ഞാൻ നോക്കിയില്ല .. എൻകേജ്മെന്റിന് വീട്ടിൽ വന്നപ്ലാ ഹോട്ടലിൽ വച്ച് കണ്ട ആളാന്ന് മനസിലായേ .. ഞാനേട്ടത്തിയെ തെറ്റിദ്ധരിച്ചിരുന്നു ആരുടേയോ കൂടെ വന്നതാന്ന് .. പക്ഷെ ഹോട്ടലിൽ വച്ച് കണ്ട കാര്യം എനിക്ക് വീട്ടിൽ പറയാൻ പറ്റാത്തത് കൊണ്ട്, എനിക്ക് പെണ്ണിനെ ഇഷ്ടായില്ലാന്ന് പറഞ്ഞിട്ട് ഞാൻ വഴക്കുണ്ടാക്കി .. കല്യാണത്തിന് ഞാൻ വരില്ലാന്നൊക്കെ പറഞ്ഞു .. ഞാൻ ഒത്തിരി വാശി പിടിച്ചപ്പോൾ ഏട്ടൻ എന്റെയടുത്ത് വന്ന് പറഞ്ഞു ‘ രണ്ട് വർഷായിട്ട് ഏട്ടൻ മനസിൽ കൊണ്ട് നടന്ന പെൺകുട്ടിയാ . . ഇതല്ലെങ്കിൽ വേറെ കല്യാണം കഴിക്കില്ലാന്ന് .. പിന്നെ ഞാൻ മാര്യേജിന് വന്നില്ലേൽ ഏട്ടൻ ബാംഗ്ലൂര് വരൂന്ന് കൂടി പറഞ്ഞപ്പോ ഞാൻ എതിർത്തില്ല … എന്നാലും ഹോട്ടലിൽ വച്ച് കണ്ട കാര്യം മനസിൽ കിടന്ന കൊണ്ടാ എനിക്ക് ഏട്ടത്തിയോട് വെറുപ്പായെ … ” പറഞ്ഞു തീരുമ്പോൾ നിവയുടെ കണ്ണിൽ നനവൂറി …

മയി തരിച്ചു നിൽക്കുകയായിരുന്നു … നിഷിന് തന്നോട് ഇഷ്ടമുണ്ടായിരുന്നെന്ന നിവയുടെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ മയിയെ ഞെട്ടിച്ചു കളഞ്ഞു ….

പെട്ടന്നൊരു ദിവസം നിവയെ വിളിച്ചു നിർത്തി പറഞ്ഞ കാര്യങ്ങളല്ല .. രണ്ട് വർഷങ്ങൾക്കിടെ പലപ്പോഴായി അവളോട് പറഞ്ഞിട്ടുള്ളതാണ് .. ഒന്നുകിൽ രണ്ട് വർഷമായി നിഷിൻ തന്നെ ടാർഗറ്റ് ചെയ്തു എന്ന് കരുതേണ്ടി വരും .. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ നിഷിന് …

” ഏട്ടത്തി …. പ്ലീസ് … ഏട്ടത്തി വിചാരിച്ചാൽ എന്റെ ഏട്ടന്റെ ഇന്നസെന്റ്സ് തെളിയിക്കൻ പറ്റും … എനിക്കുറപ്പാ ….” നിവ പിന്നെയും പറഞ്ഞു ….

” ഞാൻ നോക്കട്ടെ .. നീ പൊയ്ക്കോ …..” നിവയെ മയി പറഞ്ഞു വിട്ടിട്ട് വേഗം ഫോണെടുത്ത് അമ്മയെ വിളിച്ചു …

” ആ പറ ….” യമുനാ ദേവി താത്പര്യമില്ലാത്തത് പോലെ സംസാരിച്ചു .. മയിക്ക് വല്ലായ്മ തോന്നി …

” എന്താമ്മേ അമ്മേടെ ശബ്ദം വല്ലാതെ ..?”

” ഞാൻ നിന്റെ അമ്മായിയമ്മയെ വിളിച്ചിരുന്നു … വീണ പറഞ്ഞത് നീ മനപ്പൂർവ്വം ചെയ്തതാണെന്നാ … അവരുടെ ഏതോ ബന്ധു വിളിച്ച് പറഞ്ഞിരുന്നൂന്ന് .. ഇപ്പോ എനിക്കും ആ സംശയം ഉണ്ട് .. നിനക്ക് ഈ വിവാഹം ഇഷ്ടമല്ലായിരുന്നല്ലോ .. അന്ന് നീ പറഞ്ഞത് എനിക്കോർമയുണ്ട് , രണ്ട് മാസത്തിനുള്ളിൽ നീ എല്ലാം തെളിയിച്ചു തരാമെന്ന് പറഞ്ഞത് … സത്യം പറ , നീ മനപ്പൂർവ്വം ഉണ്ടാക്കിയതാണോ ഇത് .. ആ പരാതിക്കാരി പെണ്ണ് നിന്റെ ചാനലിൽ തന്നെ ഉള്ളതല്ലേ .. അപ്പോ നിനക്കവളെ പരിചയം കാണും .. നീ തന്നെ ഒരുക്കി വിട്ടതാണോ ഇത് …”

” ഛെ .. എന്റെയമ്മ എന്നാ ഇത്രയും ചീപ്പായിട്ട് സംസാരിക്കാൻ തുടങ്ങിയേ .. ഒരു പെൺകുട്ടി അവളുടെ അനുഭവം തെളിവു സഹിതം പറയുമ്പോൾ ചാനൽ അത് മൂടി വയ്ക്കില്ല .. പുറത്തു വിടുക തന്നെ ചെയ്യും .. ഒരു പെൺകുട്ടിയെ പബ്ലിക്കിന്റെ മുന്നിലേക്ക് ഇത് പോലൊരു സ്‌റ്റോറിയും എഴുതിക്കൊടുത്ത് വിടാൻ മാത്രം ചീപ്പാണോ അമ്മേ , അമ്മ വളർത്തിയ അമ്മയുടെ മൂത്ത മകൾ ….” മയി വെറുപ്പോടെ അതിലുപരി വേദനയോടെ ചോദിച്ചു …

യമുന നിശബ്ദയായി ..

” അമ്മേ .. എനിക്കും സത്യത്തിൽ ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല .. നിർഭാഗ്യവശാൽ ഞാൻ ന്യൂസ് ബുള്ളറ്റിൻ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞ ശേഷമാണ് ആ വാർത്ത എന്റെ മുന്നിലെത്തുന്നത് … എനിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലായിരുന്നു .. മുൻപേ അറിഞ്ഞിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് ആ വാർത്ത ബുള്ളറ്റിനിൽ നിന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറിയേനെ … ”

” ആ എന്നാൽ നിഷിന്റെ വീട്ടുകാരോട് ആരോ പറഞ്ഞത് നീ പണി കൊടുത്തൂന്നാ ….”

” ആരാ അങ്ങനെ പറഞ്ഞത് …? ” മയിക്ക് ദേഷ്യം വന്നു ..,

” അതൊന്നും എനിക്കറിയില്ല .. സംസാരിച്ച് മുഷിയേണ്ട എന്ന് കരുതി ഞാൻ കൂടുതലൊന്നും പറയാൻ പോയില്ല . .. നീയൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ലാന്ന് മാത്രം ഞാൻ പറഞ്ഞിട്ടുണ്ട് …

മയി കേട്ടിരുന്നു …

” അമ്മേ , ഞാനിപ്പോ വിളിച്ചത് വേറൊരു കാര്യം അറിയാനാ …”

” എന്താണ് ..? ”

” നിഷിന്റെ വീട്ടുകാരാണോ ഈ പ്രപ്പോസലുമായി അമ്മയെ സമീപിച്ചത് …? ”

” അല്ല .. ഒരു ബ്രോക്കർ കൊണ്ടുവന്ന പ്രപ്പോസലാ ….. ”

മയിയുടെ നെറ്റി ചുളിഞ്ഞു …

” ബ്രോക്കറോ …ഏത് ബ്രോക്കർ …? ”

” ആ പേരൊന്നും എനിക്ക് ഓർമയില്ല … അയാൾ കാശും വാങ്ങിപ്പോയി … എന്താ കാര്യം ?” യമുന ചോദിച്ചു ..

” ഒന്നൂല്ലമ്മാ…… കിച്ചയെവിടെ ..?”

” അവൾ ടിവിയുടെ മുന്നിലുണ്ട് .. വാർത്ത കാണുന്നു …. ”

” എന്നെയാണോ കുറ്റപ്പെടുത്തുന്നേ … ”

” ഓ അവൾ നിന്റെയനിയത്തിയല്ലേ .. നീയങ്ങനെയൊന്നും ചെയ്യില്ലാന്നാ അവളുടെ പക്ഷം … ”

” അതാണമ്മേ … അവൾക്കെന്നെ മനസിലാകും .. അമ്മയ്ക്ക് മനസിലായില്ലെങ്കിലും … ” മയിയുടെ ശബ്ദത്തിൽ ഒരു നനവ് പടർന്നു ..

യമുനയ്ക്കും അത് കേട്ടപ്പോൾ വേദന തോന്നി ..

” ഞങ്ങൾ നാളെയങ്ങോട്ട് വരാം .. ” യമുന ആശ്വസിപ്പിക്കും പോലെ പറഞ്ഞു ..

” വേണ്ടമ്മേ … ഇവിടെ പോലീസും , പത്രക്കാരും ഒക്കെ കയറിയിറങ്ങും .. തത്ക്കാലം അമ്മയൊക്കെ അവിടെ നിൽക്ക് … ഇപ്പോ ഫാമിലി മാറ്റർ സംസാരിക്കാനുള്ള ടൈമല്ല … ഇതൊക്കെ ഒന്നൊതുങ്ങിയിട്ട് നമുക്ക് സംസാരിക്കാം … ” മയി പറഞ്ഞു …

” നിനക്കവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ മോളെ .. നിന്നെ അവരൊക്കെ കുറ്റപ്പെടുത്തുന്നുണ്ടോ .. ? അങ്ങനെയാണെങ്കിൽ നീയിങ്ങ് വാ .. കുറച്ച് ദിവസം കഴിഞ്ഞ് എല്ലാമൊന്ന് കലങ്ങി തെളിയട്ടെ … എന്നിട്ട് വേണ്ടത് തീരുമാനിക്കാം … ” യമുന അവളെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു ..

” ഇല്ലമ്മേ … ഇപ്പഴാ ഞാനിവിടെ നിൽക്കേണ്ടത് .. എന്താണെങ്കിലും ഫെയ്സ് ചെയ്തല്ലേ പറ്റൂ .. അമ്മ വിഷമിക്കണ്ട .. ഞാൻ മാനേജ് ചെയ്തോളാം … ” മയി പറഞ്ഞു ..

” നിഷിൻ വന്നോ …? ”

” ഇല്ല …. ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണെന്ന് തോന്നുന്നു … ഇറങ്ങിക്കാണും … ചിലപ്പോ മീഡിയ ബ്ലോക്ക് ചെയ്തിട്ടുണ്ടാവും ….”

” നീ സത്യം തെളിയുന്നത് വരെ അവനെ കുറ്റപ്പെടുത്തരുത് .. കഴിയുമെങ്കിൽ കൂടെ നിൽക്കണം … നിനക്കറിയാല്ലോ അവന്റെ പ്രഫഷനിൽ ചിലപ്പോ ഇത് പോലെയൊക്കെ ഫെയ്സ് ചെയ്യേണ്ടി വരും … കാര്യമൊന്നും ഇല്ലെങ്കിൽ കൂടി … ഇനി ഇതൊക്കെ സത്യമാണെങ്കിൽ എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം … അതെന്ത് തന്നെയായാലും അമ്മ കൂടെയുണ്ടാകും …..” യമുനയുടെ വാക്കുകൾ ഉറച്ചതായിരുന്നു ..

” മതിയമ്മേ … എനിക്കിത്രേം കേട്ടാൽ മതി … എന്തിനാണെങ്കിലും അമ്മ എന്റെ കൂടെയുണ്ടായാൽ മതി …..” മയി ആശ്വാസത്തോടെ പറഞ്ഞു …

യമുനയുമായുള്ള സംഭാഷണം അവസാനിക്കുമ്പോൾ മയിക്ക് എന്തെന്നില്ലാത്ത സമാധാനമായിരുന്നു ..

അവൾ ഫോൺ വച്ചിട്ട് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു .. ഗേറ്റിനടുത്ത് പോലീസ് കാവലുണ്ടായിരുന്നു …

നിഷിന്റെ ആലോചന വീട്ടിൽ കൊണ്ടുവന്നത് ഏതോ ബ്രോക്കറാണ് .. അവളെന്തൊക്കെയോ ചിന്തിച്ചു കൂട്ടി നിന്നപ്പോൾ , ഗേറ്റിന് മുന്നിൽ നിഷിന്റെ സ്റ്റേറ്റ് കാർ പ്രത്യക്ഷപ്പെട്ടു … മയി വേഗം പിന്നോട്ട് മാറി … പിന്നെ റൂമിൽ വന്നിരുന്നു ..

നിഷിനെ ഫെയ്സ് ചെയ്യാൻ അവൾക്കെന്തോ ഒരു ബുദ്ധിമുട്ട് തോന്നി .. നിഷിൻ നിരപരാധിയാണെങ്കിൽ അവനിപ്പോ തന്നെ പ്രതിസ്ഥാനത്ത് കരുതുന്നുണ്ടാകും …

ഏത് നിമിഷവും നിഷിൻ റൂമിലേക്ക് കയറി വരുമെന്ന് മയി പ്രതീക്ഷിച്ചു …

എന്തുകൊണ്ടോ അതുവരെയില്ലാത്ത പല വികാരങ്ങളും മയിയെ വന്നു മൂടി … നിഷിനെ കുറിച്ചുള്ള ആരോപണം തന്റെ നാവിൽക്കൂടി പുറത്ത് വന്നതുകൊണ്ടാണോ , അതോ നിവ പറഞ്ഞ കാര്യങ്ങളാണോ മനസിൽ മുൻപന്തിയിൽ നിന്ന് നയിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല …

മയി വേഗം ടവ്വലും ഡ്രൈസുമെടുത്തു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി … തിരിച്ചിറങ്ങുമ്പോൾ നിഷിൻ റൂമിലുണ്ടാകുമെന്നാണ് അവൾ കരുതിയത് … പക്ഷെ ആരുമുണ്ടായിരുന്നില്ല …

അവൻ വന്നതിന്റെ യാതൊരു ലക്ഷണവും റൂമിലില്ലായിരുന്നു …. മയി ടവ്വലഴിച്ച് , മുടി വിതിർത്തിട്ടു … ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടിട്ട് ഡ്രസിംഗ് ടേബിളിനരികിലേക്ക് നടക്കാൻ തുടങ്ങിയതും , വാതിൽക്കൽ നിഷിൻ പ്രത്യക്ഷപ്പെട്ടു …

മയി അവനെ നോക്കിക്കൊണ്ട് ബെഡിനടുത്തേക്ക് വന്നു … അവൻ പക്ഷെ അവളെയൊന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി …

മയി അവന്റെ മുഖത്തേക്ക് ദൃഷ്ടിയൂന്നി …. ഹൃദയത്തിലെവിടെയോ ഒരു കടലിരമ്പുന്നത് അവളറിഞ്ഞു …

* നിങ്ങളുടെ കമന്റുകൾ കണക്കിലെടുത്താണ് ഞാൻ ഇന്നും എഴുതി പോസ്റ്റിയത് … സത്യമായിട്ടും മൈഗ്രെയിൻ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് … ലെങ്ത് കൂട്ടണമെന്നാണെങ്കിൽ ഒന്നിരാടം എന്നത് മൂന്നു നാല് ദിവസത്തെ ഗ്യാപ്പ് വരും … ഒക്കെയാണെങ്കിൽ ലെങ്ത് കൂട്ടാം … ആരോഗ്യം കളഞ്ഞ് എഴുതിയാൽ എന്റെ കണ്ണും തലയും പൊങ്കാലക്ക് വെക്കേണ്ടി വരും .. ഇന്നലത്തെ പാർട്ടിന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് ആർക്കും റിപ്ലേ തന്നിട്ടില്ല … ഫോൺ യൂസ് ചെയ്യുന്ന ആ ടൈം കൂടി എടുത്താണ് ഈ പാർട്ട് എഴുതിയത് .. റിപ്ലേ ഉടനെ തന്നെ തരാട്ടോ .. മനപ്പൂർവ്വം അല്ല … മനസിലാക്കുമല്ലോ …(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30

Share this story