ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസെടുത്തു
സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റ് ഇട്ടവർക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ഹണി റോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുകൾ വന്നത്
ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുകളിട്ടവർക്കെതിരെ ഇന്നലെ രാത്രിയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള അധിക്ഷേപത്തിനെതിരായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽപ്പെടുന്ന, ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർധ പ്രയോഗങ്ങൾ നടത്തി പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഹണി റോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസികവൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയാണ് കാണുക പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നു ഹണി റോസ് പറഞ്ഞിരുന്നു.