
മസ്കറ്റ്: ഒമാനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപരമായ ചർച്ചകൾ നടത്തി. ഇരു കൂട്ടർക്കും താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള വഴികൾ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്പ് വിഭാഗം തലവൻ അംബാസഡർ മുന്ദിർ ബിൻ മഹ്ഫൂദ് അൽ മന്ദാരിയും യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവീസിലെ അറേബ്യൻ പെനിൻസുല, ഇറാഖ്, റീജിയണൽ പോളിസിസ് വിഭാഗം തലവൻ അന്ന മരിയ പനാ ജിയോട്ട കോപ്പോളോയും സംയുക്തമായാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ബ്രസ്സൽസിലാണ് കൂടിക്കാഴ്ച നടന്നത്.
സമഗ്രമായ വ്യാപാര-നിക്ഷേപ ചട്ടക്കൂടുകൾ, ഒമാനിലെ മത്സ്യബന്ധന മേഖലയിലെ കയറ്റുമതി സാധ്യതകൾ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലൂടെയുള്ള അറിവ് കൈമാറ്റം, പുനരുപയോഗിക്കാവുന്ന ഹരിത ഊർജ്ജ പങ്കാളിത്തം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. പാരിസ്ഥിതിക സഹകരണവും ടൂറിസം വികസനവും സംയുക്ത വളർച്ചാ മേഖലകളായി ഇരുപക്ഷവും ഉയർത്തിക്കാട്ടി.
ബെൽജിയനിലെ ഒമാൻ അംബാസഡറും യൂറോപ്യൻ യൂണിയനിലേക്കുള്ള മിഷൻ മേധാവിയുമായ റുവ ബിൻത് ഇസ്സ അൽ സജ്ജാലി, വിവിധ ഒമാൻ സർക്കാർ ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ, യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവീസ്, യൂറോപ്യൻ കമ്മീഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കൂടിക്കാഴ്ചയുടെ ഭാഗമായി, യൂറോപ്യൻ കമ്മീഷനിലെ മിഡിൽ ഈസ്റ്റ് ആൻഡ് ഗൾഫ് ഡയറക്ടറേറ്റ് ജനറലിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഗൾഫ് ഓഫീസ് ഡയറക്ടറുമായ മൈക്കിൾ കാർണിച്ചും അംബാസഡർ അൽ മന്ദാരിയും തമ്മിൽ പ്രത്യേക കൂടിക്കാഴ്ചയും നടന്നു. രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലെ സംയുക്ത സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഈ ചർച്ചകൾ ഒമാനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്നു. ഇത് ഭാവിയിൽ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.