
മസ്കറ്റ്: റമദാന് ദിനരാത്രങ്ങള്‍ ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ രാജ്യത്തെ സ്ഥാപനങ്ങളിലെ റമദാന് സമയക്രമം ഒമാന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. റമദാന് ദിനങ്ങളില്‍ മിക്ക ജിസിസി രാജ്യങ്ങളിലുമെന്നപോലെ ഒമാനിലും പ്രവര്‍ത്തിസമയം കുറയും. സര്‍ക്കാര്‍ മേഖലയില്‍ ഫ്ളക്സിബിള്‍ ആയ സമയക്രമവും സ്വകാര്യ മേഖലയില്‍ പരമാവധി ആറു മണിക്കൂര്‍ മാത്രം പ്രവര്‍ത്തി സമയവുമെന്നതാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓഫിസ് സമയമായി അധികൃത പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഈ സമയക്രമത്തില്‍ മാറ്റംവരുത്താന്‍ സ്ഥാപന മേധാവികള്‍ക്ക് സാധിക്കും. രാവിലെ ഒമ്പതിനു പകരം ഏഴു മുതല്‍ 12 വരെയോ, എട്ടു മുതല്‍ ഒരു മണി വരെയോ, പത്തു മുതല്‍ മൂന്നു വരെയോ എല്ലാം സമയക്രമം ഫ്ളക്സിബിളാക്കി മാറ്റാനാകും. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ഒരു ജീവനക്കാരന് ഒരു ദിവസം ആറു മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയാവുമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണിത്.