ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ച ഇന്ത്യന്‍ സ്‌കൂള്‍ ഡയരക്ടര്‍ ബോര്‍ഡിന് 20.82 കോടി പിഴ ചുമത്തി ഒമാന്‍ കോടതി
മസ്‌കത്ത്: ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചെന്ന് കണ്ടെത്തിയ ഇന്ത്യന്‍ സ്‌കൂള്‍ ഡയരക്ടര്‍ ബോര്‍ഡിന് 9,49,659.2 ലക്ഷം റിയാല്‍(20.82 കോടി രൂപ) പിഴ ചുമത്തി ഒമാന്‍ കോടതി. ബര്‍ക വിലായത്തിലെ അല്‍ ജനീല മേഖലയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് കരാര്‍ ലംഘനം ഉണ്ടായതായി കോടതി കണ്ടെത്തിയതും വന്‍തുക പിഴയായി ഈടാക്കാന്‍ ഉത്തരവിട്ടിരിക്കുന്നതും.
2015ല്‍ ആയിരുന്നു സ്‌കൂള്‍ ഡയടരക്ടര്‍ ബോര്‍ഡ് കെട്ടിടയുടമയുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ആവശ്യമായ അനുമതികള്‍ നേടിയെടുക്കുകയും ചെയ്ത സ്‌കൂള്‍ ഡയരക്ടര്‍ ബോര്‍ഡ് ഉടമയുമായുളള കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. ഇതോടെ ഉടമ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. നഷ്ടപരിഹാരത്തിനൊപ്പം കോടതി ചെലവുകളും നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡയരക്ടര്‍ ബോര്‍ഡിന് എതിരേയാണ് കോടതി വിധിയെങ്കിലും തുക കണ്ടെത്തേണ്ട ഉത്തവാദിത്വം രക്ഷിതാക്കളിലേക്ക് എത്തുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. 22 ഇന്ത്യന്‍ സ്‌കൂളുകളിലായി മലയാളികള്‍ ഉള്‍പ്പെടെ 47,000 കുട്ടികളാണ് പഠിക്കുന്നത്. സാമ്പത്തിക ഭാരം മറികടക്കാന്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമോയെന്നാണ് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നത്.