
മസ്‌കറ്റ്: ആഗോള സംരംഭക സൂചികയില്‍ രാജ്യാന്തര തലത്തില്‍ ഒമാന് എട്ടാം സ്ഥാനം. 5.7 സ്‌കോര്‍ നേടിയാണ് ആഗോളതലത്തില്‍ ഒമാന്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 2023ലെ സൂചികയില്‍ 5.4 ആയിരുന്നു ഒമാന്റെ സ്‌കോര്‍. 56 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2024ലെ ആഗോള സംരംഭക സൂചിക പുറത്തുവിട്ടിരിക്കുന്നത്.
സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ബുദ്ധിമുട്ടില്ലാതെ ഫണ്ട് കണ്ടെത്താനുള്ള സൗകര്യം, ഗവണ്‍മെന്റിന്റെ പ്രത്യക്ഷത്തില്‍ സഹായകമായ നയങ്ങളും പരിഗണനകളും, ഗവണ്‍മെന്റിന്റെ നികുതി ഘടന, ഗവണ്‍മെന്റിന്റെ പദ്ധതികള്‍, സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രാഥമികവും സെക്കന്‍ഡറി തരത്തിലുമുള്ള വിദ്യാഭ്യാസം, കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവബോധം തുടങ്ങിയ സൂചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഗോള സംരംഭക പട്ടിക തയാറാക്കുന്നത്.
ഒമാന്‍ സര്‍ക്കാരിന് കീഴിലെ സ്മാള്‍ ആന്‍ഡ് മീഡിയം എന്റെര്‍പ്രൈസസ് ഡെവലപ്‌മെന്റി(എസ്എംഇഡി)ന് കീഴിലെ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തവും സഹകരണവുമാണ് രാജ്യത്തെ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് എസ്എംഇഡി ചെയര്‍പേഴ്‌സണ്‍ ഹലീമ റാഷിദ് അല്‍ സാരി അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക് ഒമാന്‍ നല്‍കുന്ന പിന്തുണയും ഉത്തേജനവുമാണ് നേട്ടത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.