
മസ്കറ്റ്: ഒമാന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകി, രാജ്യത്തെ ആദ്യത്തെ ടൂറിസ്റ്റ് ഹോട്ട് എയർ ബലൂൺ സർവീസ് ആരംഭിച്ചു. പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം. ഒമാന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആകാശത്ത് നിന്ന് ആസ്വദിക്കാൻ ഇത് മികച്ച അവസരമൊരുക്കും.
വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ നിന്നാണ് ‘ഒമാൻ ബലൂൺ നമ്പർ 1’ എന്ന പേരിൽ ആദ്യത്തെ സർവീസ് ആരംഭിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരത്തോടെ, ഒമാനിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ബലൂൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹോട്ട് എയർ ബലൂൺ ടൂറിസത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ആകർഷിക്കുകയും അത് ഒമാനിൽ പ്രാദേശികവൽക്കരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി, ഒമാന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും, പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തുർക്കിയയിലെ കപ്പഡോഷ്യയിൽ സമാനമായ ടൂറിസം ഹോട്ട് എയർ ബലൂണുകൾ വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്. അതിന്റെ മാതൃകയിൽ, ഒമാന്റെ തനതായ ഭൂപ്രകൃതിയും സംസ്കാരവും ഹോട്ട് എയർ ബലൂൺ യാത്രകളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾ, മലനിരകൾ, തീരപ്രദേശങ്ങൾ എന്നിവയെല്ലാം ബലൂൺ യാത്രയിൽ നിന്ന് ആസ്വദിക്കാൻ കഴിയും.
ഈ പുതിയ സംരംഭം ഒമാനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.