രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ 5 വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ തിരിച്ചടി; വിദർഭ 9ന് 360

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ ശക്തമായ തിരിച്ചുവരവുമായി കേരളം. രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ അഞ്ച് വിക്കറ്റുകൾ പിഴുതാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ വിദർഭ 9 വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് എന്ന നിലയിലാണ്
4ന് 254 എന്ന ശക്തമായ നിലയിലാണ് വിദർഭ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സെഞ്ച്വറിയുമായി ഡാനിഷ് മലേവാറും യാഷ് താക്കൂറുമായിരുന്നു ക്രീസിൽ. സ്‌കോർ 290ലാണ് കേരളത്തിന് രണ്ടാം ദിനത്തിൽ ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. 153 റൺസെടുത്ത ഡാനിഷിനെ ബേസിൽ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു
285 പന്തിൽ 3 സിക്‌സും 15 ഫോറും സഹിതമാണ് ഡാനിഷ് 153 റൺസെടുത്തത്. സ്‌കോർ 295ൽ യാഷ് താക്കൂറിനെ ബേസിൽ വിക്കറ്റിന് മുന്നിൽ കുരുക്കി. സ്‌കോർ 297ൽ ഏദന്റെ ബൗളിംഗിൽ യാഷ് റാത്തോഡിനെ മനോഹരമായ ക്യാച്ചിലൂടെ രോഹൻ കുന്നുമ്മലും വീഴ്ത്തിയതോടെ വിദർഭ 7ന് 297 റൺസ് എന്ന നിലയിലായി. ഏഴ് റൺസിനിടെയാണ് അവർക്ക് 3 വിക്കറ്റുകൾ നഷ്ടമായത്
പിന്നീട് ക്രീസിൽ ഒന്നിച്ച അക്ഷയ് വഡേക്കറും അക്ഷയ് കർണേവാറും ചേർന്ന് നിലയുറപ്പിച്ചെന്ന് തോന്നിച്ചിടത്ത് നിന്ന് ജലജ് സക്‌സേന കേരളത്തിന് വീണ്ടും ബ്രേക്ക് ത്രൂ നൽകി. 12 റൺസെടുത്ത അക്ഷയ് കർണേവാർ പുറത്ത്. ഇതോടെ 8ന് 333 റൺസ് എന്ന നിലയിലേക്ക് വിദർഭ വീണു. രണ്ട് റൺസ് അകലെ അക്ഷയ് വഡേക്കറിനെ ഏദൻ പുറത്താക്കിയതോടെ വിദർഭ 9ന് 335 റൺസ് എന്ന നിലയിലായി
നിലവിൽ 9ന് 360 റൺസ് എന്ന നിലയിലാണ് വിദർഭ. 17 റൺസുമായി നാചികേത് ഭുതെയും 8 റൺസുമായി ഹർഷ് ദുബെയുമാണ് ക്രീസിൽ.കേരളത്തിനായി ഏദൻ ആപ്പിൾ ടോം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. എംഡി നിധീഷ്, എൻ ബേസിൽ എന്നിവർ രണ്ട് വീതവും ജലജ് സക്‌സേന ഒരു വിക്കറ്റുമെടുത്തു.