Gulf

ഐപിഒ പൂര്‍ത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58,800 കോടി കടക്കും

അബുദാബി: ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ വിപണ ശൃംഖലകളില്‍ പ്രമുഖമായ ലുലു ഗ്രൂപ്പിന്റെ മൂല്യം ഐപിഒ പൂര്‍ത്തിയാകുന്നതോടെ 58,800 കോടി രൂപ കടക്കുമെന്ന് റിപ്പോര്‍ട്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെയും പ്രോമോട്ടര്‍മാരുടെയും ആസ്തി കുത്തനെ ഉയരുമെന്ന് ചുരുക്കം. 15,000 കോടി രൂപയിലധികമാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്.

ഫോബ്സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച ഏകദേശം 73,040 കോടി(2024 സെപ്തംബര്‍ വരെ) രൂപയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായി എം എ യൂസഫലിയുടെ ആസ്തി. ഏറ്റവും സമ്പന്നനായ മലയാളിയായ ഇദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരില്‍ 39-ാം സ്ഥാനത്തുമാണ്. മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല, ആഫ്രിക്കയിലും ഇന്ത്യയിലും സാന്നിധ്യമുള്ള റീട്ടെയില്‍ പവര്‍ഹൗസാണ് ഇപ്പോള്‍ ലുലു ഗ്രൂപ്പ്.

ഗള്‍ഫിലും ഇന്ത്യയിലും 256 ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഉള്‍ക്കൊള്ളുന്നതാണ് ലുലുവിന്റെ റീട്ടെയില്‍ ശൃംഖല. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് 65,000-ത്തിലധികം ജീവനക്കാരുണ്ട്. 42 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. 30,000-ത്തിലധികം പേര്‍ ഇന്ത്യക്കാരാണ്. യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, യെമന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, കെനിയ, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും റീട്ടെയില്‍ കമ്പനികളുടെയും ശൃംഖലയാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍.

Related Articles

Back to top button