World

ജെജു എയർ വിമാനം തകരുമ്പോൾ ഒരു എഞ്ചിൻ പ്രവർത്തിച്ചിരുന്നു; അന്വേഷണ റിപ്പോർട്ട് പുറത്ത്

സിയോൾ: കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയയിൽ തകർന്ന ജെജു എയർ വിമാനത്തിൻ്റെ ഒരു എഞ്ചിൻ അപകടസമയത്തും പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. പൈലറ്റുമാർക്ക് തെറ്റിപ്പോയതാകാം അപകടകാരണമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

വിമാനാപകടത്തെക്കുറിച്ച് ദക്ഷിണ കൊറിയൻ വ്യോമയാന റെയിൽവേ അപകട അന്വേഷണ ബോർഡ് (ARAIB) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. വിമാനം  പക്ഷിക്കൂട്ടിലിടിച്ചതിനെത്തുടർന്ന് രണ്ട് എഞ്ചിനുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ, കൂടുതൽ തകരാറുള്ള വലത് എഞ്ചിന് പകരം പൈലറ്റുമാർ താരതമ്യേന കേടുപാടുകൾ കുറഞ്ഞ ഇടത് എഞ്ചിൻ ഓഫ് ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോക്ക്പിറ്റ് വോയിസ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ, എഞ്ചിനുകളുടെ പരിശോധന എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

പക്ഷി ഇടിച്ചതിന് ശേഷം വലത് എഞ്ചിനിൽ തീയും കറുത്ത പുകയും ഉണ്ടായിരുന്നെങ്കിലും, അത് പറക്കാൻ ആവശ്യമായ ശേഷി ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇടതു എഞ്ചിൻ 19 സെക്കൻഡുകൾക്ക് ശേഷം ഓഫ് ചെയ്തു.

ഈ റിപ്പോർട്ട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ നിന്ന് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിമാനം തകർന്നതിന് പ്രധാന കാരണം പൈലറ്റുമാരുടെ പിഴവാണെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ ഏജൻസി ശ്രമിക്കുന്നുവെന്ന് പൈലറ്റുമാരുടെ യൂണിയനും കുടുംബാംഗങ്ങളും ആരോപിച്ചു. ഇരു എഞ്ചിനുകളിലും പക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടും, ഇടത് എഞ്ചിന് തകരാറില്ലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഡിസംബർ 29-ന് ബാങ്കോക്കിൽ നിന്ന് മൂവാൻ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737-800 ജെറ്റ് അടിയന്തര ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കോൺക്രീറ്റ് ഘടനയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 179 പേരും മരിച്ചിരുന്നു. ദക്ഷിണ കൊറിയൻ മണ്ണിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണിത്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!