തകർപ്പൻ ചിപ്സെറ്റും ബാറ്ററിയും; വൺപ്ലസ് 13ടി ഉടൻ പുറത്തിറങ്ങും

വൺപ്ലസ് 13ടി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. തകർപ്പൻ ചിപ്സെറ്റും ബാറ്ററിയുമാണ് ഫോണിൻ്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടത്. ഹൈ എൻഡ് സ്പെസിഫിക്കേഷൻസാണ് ഫോണിലുണ്ടാവുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനി ഇതുവരെ ഫോണിൻ്റെ ഡിസൈനോ സ്പെക്സോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവരുന്നുണ്ട്. സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ആദ്യമായി ഉപയോഗിക്കുന്ന കോംപാക്ട് ഫോൺ ആണ് ഇത്.
ഫ്ലാഗ്ഷിപ്പ് സ്പെക്സുകളുള്ള കോംപാക്ട് ഫോൺ എന്ന രീതിയിലാണ് വൺപ്ലസ് 13ടി അവതരിപ്പിക്കപ്പെടുന്നത്. ‘ബിഗ് ഡെവിൾ, സ്മാൾ സ്ക്രീൻ’ എന്ന കുറിപ്പിൽ കമ്പനി തന്നെ അടുത്തിടെ ഈ ഫോണിൻ്റെ സൂചന നൽകിയിരുന്നു. ഈ മാസം അവസാനം ചൈനീസ് മാർക്കറ്റിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാൽ, എന്നാണ് ഫോൺ അവതരിപ്പിക്കപ്പെടുക എന്നതിനെപ്പറ്റി കൃത്യമായ സൂചനയില്ല. ഗ്ലോബൽ മാർക്കറ്റിൽ ഫോൺ അവതരിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല.
അഡ്വാൻസ്ഡായ വൺപ്ലസ് 13 മോഡലിനെക്കാൾ ചെറിയ ഫോണാണ് വൺപ്ലസ് 13ടി മോഡൽ. രണ്ട് റിയർ ക്യാമറകളാണ് ഫോണിലുണ്ടാവുക. രണ്ട് 50 മെഗാപിക്സൽ ക്യാമറകൾ പിൻഭാഗത്തുണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയിൽ ഒപ്ടിക്കൽ ഇമേജ് സ്റ്റബ്‌ലൈസേഷനും ഉണ്ടാവും. 2x ഒപ്റ്റിക്കൽ സൂം സഹിതമുള്ള ടെലിഫോട്ടോ ക്യാമറയാണ് റിയർ ക്യാമറയിൽ രണ്ടാമത്തേത്. ഫോണിലെ സെൽഫി ക്യാമറയെപ്പറ്റി വിവരങ്ങളില്ല.
വൺപ്ലസ് 13നെക്കാൾ വലിയ ബാറ്ററിയാണ് വൺപ്ലസ് 13ടിയിലുണ്ടാവുക എന്ന് കമ്പനി തന്നെ പറഞ്ഞിരുന്നു. വൺപ്ലസ് 13ൻ്റെ ബാറ്ററി 6000 എംഎഎച്ച് യൂണിറ്റിൻ്റേതായിരുന്നു. വൺപ്ലസ് 13ടിയിലുണ്ടാവുക 6200 എംഎഎച്ച് ബാറ്ററിയാവും. 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും. ലഭ്യമാവുന്ന വിവരങ്ങൾ പ്രകാരം 6.3 ഇഞ്ച് 1.5 കെ ഒഎൽഇഡി സ്ക്രീൻ ആണ് ഫോണിലുണ്ടാവുക. 16 ജിബി റാമും 512 ജിബി ഇൻ്റേണൽ മെമ്മറിയുമാണ് പരമാവധി ഫോണിലുണ്ടാവുക. ആൻഡ്രോയ്ഡ് 15നെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ലാവും ഫോൺ പ്രവർത്തിക്കുക.