വീണ്ടും സജീവമായി ഓൺലൈൻ ലോട്ടറി; വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിൽപ്പന

ഇടുക്കി: സംസ്ഥാനത്ത് ഓൺലൈൻ ലോട്ടറി വില്പന വീണ്ടും സജീവമാകുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കേരള ലോട്ടറി വിൽപ്പന നടത്തുന്നുവെന്നാണ് പരാതി. നിയമലംഘനത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ചെറുകിട ലോട്ടറി വിൽപ്പനക്കാരും രംഗത്തെത്തി.
സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തോളം അംഗീകൃത ഏജന്റുമാരുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ലോട്ടറി വിൽപ്പനയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയാണ് നവ മാധ്യമങ്ങളിലൂടെ വിൽപ്പന തകൃതിയായി നടക്കുന്നത്.
പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാനും വാങ്ങാനുമാകൂ എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ടിക്കറ്റുകളുടെ സ്‌കാൻ ചെയ്ത ചിത്രങ്ങളും നമ്പറുകളും നവമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് വിൽപ്പന. പന്ത്രണ്ട് ടിക്കറ്റുകളുള്ള ഒരുസെറ്റ് ഇരട്ടിപ്പിച്ചു കാണിച്ചും പണം നൽകാതെ തട്ടിപ്പ് നടത്തുന്നവരും നിരവധിയാണ്. ചെറുകിട ലോട്ടറി വിൽപ്പനക്കാർക്ക് അവശ്യത്തിന് ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
സംസ്ഥാന ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് ലോട്ടറി വകുപ്പിന്റെ വിശദീകരണം. ഒരുകോടി എട്ട് ലക്ഷം രൂപയുടെ 40 രൂപ ടിക്കറ്റുകളും തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി നാൽപ്പതിനായിരം രൂപയുടെ 50 രൂപ ടിക്കറ്റുകളുമാണ് ലോട്ടറി വകുപ്പ് പ്രതിദിനം പുറത്തിറക്കുന്നത്. വർഷത്തിൽ ആറ് ബംബറുകളുമുണ്ട്. ശരാശരി 12000 കോടിയുടെ വിറ്റ് വരവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജി.എസ്.റ്റിയും സർക്കാർ വിഹിതവുമൊഴിച്ചാൽ ലഭിക്കുന്ന തുകയുടെ 60 ശതമാനവും ലോട്ടറി വകുപ്പ് സമ്മാനമായും നൽകുന്നുണ്ട്.