സമരം ചെയ്യുന്നത് നാമമാത്രമായ ആശമാർ; ചർച്ചക്ക് ഇനിയും സർക്കാർ തയ്യാർ: മന്ത്രി വീണ ജോർജ്

സമരം ചെയ്യുന്നത് നാമമാത്രമായ ആശ വർക്കർമാരെന്ന് മന്ത്രി വീണ ജോർജ്. ഭൂരിഭാഗം പേരും ഇപ്പോഴും ജോലിയിലുണ്ട്. കണക്കെടുത്താൽ 26,125 ആശമാരിൽ 25,800ലധികം പേരും ഫീൽഡിൽ പ്രവർത്തനത്തിലാണ്. സമരം ചെയ്യുന്നവരുമായി ഇനിയും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു
സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയുമില്ല. ആശമാരെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. എന്നാൽ മന്ത്രി നിരന്തരം ആശമാരെ ആക്ഷേപിക്കുകയാണെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. സമരത്തിന്റെ 27ാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം നടത്താനാണ് തീരുമാനം
ആശവർക്കർമാരോട് അനുഭാവപൂർവമായ സമീപനമെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. തുച്ഛമായ തുകയാണ് കേന്ദ്രം നൽകുന്നത്. 12 വർഷത്തിനിടെ കേന്ദ്രം ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു