വീണ്ടും ലഹരിക്കൊല: ട്യൂമര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ വെട്ടിക്കൊന്ന് ഏകമകന്‍; സംഭവം താമരശ്ശേരിയില്‍
കൃത്യം നിര്‍വഹിച്ചത് ഉമ്മയെ കാണാന്‍ ബെംഗളൂരുവില്‍ നിന്നെത്തിയ പ്രതി
കേരളത്തില്‍ വീണ്ടും ലഹരിക്കൊല. ലഹരിക്കടിമപ്പെട്ട 25കാരന്‍ രോഗിയായ സ്വന്തം മാതാവിനെ വെട്ടിക്കൊന്നു. താമരശ്ശേരിയിലെ പുതുപ്പാടിയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദ (50)യാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകന്‍ 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവില്‍ വീട്ടിനകത്ത് നിന്ന് പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് സംഭവം. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇവിടെയെത്തിയാണ് ആഷിഖ് കൊല നടത്തിയത്. അടുത്ത വീട്ടില്‍ പോയി തേങ്ങ പൊളിക്കുന്ന കൊടുവാള്‍ ചോദിച്ച് വാങ്ങിയ ശേഷം ഇതുപയോഗിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്.
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ബെംഗളൂരുവില്‍ നിന്ന് ഉമ്മയെ കാണാനെത്തിയതായിരുന്നു മകന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടുവെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. ഇയാള്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ നടന്നതിനൊടുവില്‍ വീട്ടിനുള്ളില്‍ നിന്ന് നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.