വാട്‌സ്ആപ്പ് ലിങ്കുകള്‍ കരുതലോടെ തുറക്കുക; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ യുവതിക്ക് നഷ്‌ടമായത് 50 ലക്ഷം: പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടിയ കാസർകോട് സ്വദേശി പൊലീസിന്‍റെ പിടിയിൽ. വിദ്യാനഗറിലെ ബധിരവീട്ടിൽ മുഹമ്മദ് അൻതാഷ് (25) ആണ് കോഴിക്കോട് ചേവായൂർ പൊലീസ് കസ്റ്റഡിയിലായത്. മുണ്ടിക്കൽ താഴം സ്വദേശിനിയിൽ നിന്നുമാണ് ഇയാള്‍ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.
ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വാട്‌സ്ആപ്പ് നമ്പറിൽ വ്യാജ ലിങ്ക് അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലായി 51,48,100 രൂപ ഇങ്ങനെ കൈവശപ്പെടുത്തി. ഇത്രയും തുക അയൽ സംസ്ഥാനങ്ങളിലെ ഒൻപത് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് യുവതി അയച്ചിരുന്നത്.
ഇങ്ങനെ അയച്ച ഒരു അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്‌ഫർ ചെയ്‌ത് കാസർകോട് സ്വദേശിയായ ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കാസർകോട് ടൗണിലെ ഫെഡറൽ ബാങ്കിൻ്റെ ശാഖയിൽ നിന്നും ചെക്ക് ഉപയോഗിച്ച് ഒമ്പതു ലക്ഷത്തോളം രൂപ ഇയാൾ പിൻവലിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ സെല്ലിന്‍റെ സഹായത്തോടെ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചേവായൂർ പൊലീസ് ഇൻസ്പെക്‌ടർ എസ് സജീവ്, എസ് ഐ അബ്‌ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രശോഭ്, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.