ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ഡോ.ശശി തരൂർ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക. കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചർച്ച ചെയ്തു. സംഘത്തിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസും ഉണ്ട്. പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ തുറന്നുകാട്ടാൻ ഇന്ത്യ നീക്കം ശക്തമാക്കി. 5 മുതൽ 6 എംപിമാർ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.
ഇതിനകം എംപിമാർക്ക് ക്ഷണക്കത്തും അയച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും. പാകിസ്താന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന് വഴിയൊരുക്കിയചത്, ഇത്തരം ആക്രമണങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക.