‘ഓപ്പറേഷൻ സിന്ദൂർ’: ശശി തരൂരിന്റെ നേതൃത്വത്തിൽ സംഘം അമേരിക്കയിലേക്ക്

‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യാന്തര തലത്തിൽ വിശദീകരിക്കുന്നതിനായി ഡോക്ടർ ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചു. യുഎസ്, ബ്രസീൽ, ഗയാന, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ സംഘം സന്ദർശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാമത്തെ സംഘത്തിനാണ് തരൂർ ഇത്തവണ നേതൃത്വം നൽകുന്നത്.
ഇന്ത്യൻ പൗരന്മാരെ ഭീകരവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം വ്യക്തമായി വിശദീകരിക്കാനാണ് ഈ യാത്രയെന്ന് ശശി തരൂർ വ്യക്തമാക്കി. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ദൗത്യമാണ്. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ ലോകത്ത് നിലനിൽക്കേണ്ട മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും തരൂർ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ എത്തുമ്പോൾ, ഡോണൾഡ് ട്രംപിനെ നേരിൽ കണ്ട് യുഎസിന്റെ നിലപാട് മാറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ തരൂർ ശ്രമിക്കുന്നുണ്ട്. അതേസമയം, പാർട്ടി നിശ്ചയിക്കുന്നവർ മാത്രം യാത്ര ചെയ്താൽ മതിയെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് തരൂർ അറിയിച്ചെങ്കിലും നേതൃത്വം ഇത് പരിഗണിച്ചില്ല എന്നും റിപ്പോർട്ടുകളുണ്ട്.