തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ഗുരുതര പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരിക്ക്. ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് സ്വദേശിയായ അഭിഷേകിനാണ് പരിക്കേറ്റത്.
തലയോട്ടിക്ക് പരിക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. അപകടം നടന്ന ഉടൻ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുള്ളതായി കണ്ടെത്തിയത്.
രണ്ട് മാസം മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററുകൾ തുടർച്ചയായി പൊട്ടിത്തെറിക്കുന്ന സാഹചര്യത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.